കാശ്മീരില്‍ ഭീകരവാദികള്‍ സന്ദേശങ്ങള്‍ കൈമാറുന്നു; 14 മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം
ദില്ലി: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 14 മൊബൈല്‍ മേസേജിംഗ് ആപ്പുകളെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്തുനിന്നും സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത് ഈ ആപ്പുകള്‍ വഴിയാണെന്നാണ് വിവരം.
ക്രിപ്വൈസര്‍, എനിഗ്മ, സേഫ്വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണ്‍യോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നീ ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. സുരക്ഷ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയതിന് ശേഷം അവ നിരോധിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരമാണ് ഈ ആപ്പുകള്‍ നിരോധിച്ചത്. ഈ ആപ്പുകളിലൂടെ കാശ്മീര്‍ താഴ്വരയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് സുരക്ഷ ഏജന്‍സികള്‍ അറിയിച്ചു.
ഈ നിരോധിച്ച ആപ്പുകള്‍ ഇന്ത്യന്‍ നിര്‍മ്മിതമല്ലെന്നും ഇന്ത്യയില്‍ അവര്‍ക്ക് ഓഫീസുകള്‍ ഇല്ലെന്നും ആപ്പുകള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന് അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആപ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെടാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചെങ്കിലും ഇന്ത്യയില്‍ ബന്ധപ്പെടാന്‍ ഓഫീസ് ഇല്ലാത്തതിനാല്‍ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
ഈ ആപ്പുകളിലെ ഉപയോക്താക്കലെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. കൂടുതല്‍ പേരും അഞ്ജാതരാണ്. അതുകൊണ്ട് തന്നെ അന്വേഷണം ബുദ്ധിമുട്ടായിരുന്നെന്ന് സര്‍്ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ ആപ്പുകളുമായി ബന്ധപ്പെട്ട് വിവിധ എജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു.












Click it and Unblock the Notifications