'നീതി ഉറപ്പാക്കിയ ഇന്ത്യൻ ജുഡീഷ്യറിക്ക് നന്ദി,ക്ഷേത്രം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നു'; മോദി
ഡൽഹി: ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതി നടപ്പാക്കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം അനുസരിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണിതതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
'ഭരണഘടന നിലവിൽ വന്നതിന് ശേഷവും, രാമന്റെ അസ്തിത്വത്തെച്ചൊല്ലി പതിറ്റാണ്ടുകളായി നിയമപോരാട്ടം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമപരമായി നിർമ്മിക്കാൻ അനുമതി നൽകുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 2024 ജനുവരി 22 കേവലം ഒരു തീയതിയല്ല, അത് ഒരു പുതിയ യുഗത്തിന്റെ പിറവി കൂടിയാണ്', പ്രധാനമന്ത്രി പറഞ്ഞു.

'രാമക്ഷേത്രം നിര്‍മിക്കാന്‍ കാലതാമസം എടുത്തതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ തപസ്സിനു പോരായ്മകൾ ഉണ്ടായിരുന്നു.ഇത്രയും കാലം ഈ ക്ഷേത്രം പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ആ കാലതാമസം ഇന്ന് നികത്തപ്പെട്ടു', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2019 നവംബർ ഒന്‍പതിനായിരുന്നു അയോധ്യയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രധാന വിധി സുപ്രീം കോടതി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. ഗൊഗോയിയെ കൂടാതെ ഇന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, എസ് എ ബോബ്‌ഡെ, മുൻ ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരാണ് ബെഞ്ചിലെ മറ്റുള്ളവർ.
അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ് ഇതിന്റെ ചുമതലയെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അഞ്ചേക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു. തുടർന്ന് 2020 ആഗസ്റ്റ് 5 നാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിച്ചത്. ക്ഷേത്രം പൂർണമായും പണി കഴിയുന്നതിന് മുൻപാണ് ഇപ്പോൾ പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്.
അതേസമയം അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് ഉച്ചയോടെ പൂർത്തിയായി. ഉച്ചയ്ക്ക് 12.20 നും 12.30നും ഇടയിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. പിന്നാലെ വ്യോമസേ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി.












Click it and Unblock the Notifications