സുനന്ദ കൊലപാതകം: തരൂരിനെ 48 മണിക്കൂറിനകം ചോദ്യം ചെയ്യും
ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ 48 മണിക്കൂറിനകം ചോദ്യം ചെയ്യും. ദില്ലി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. സുനന്ദയുടെ ഭര്‍ത്താവും എം പിയുമായ ശശി തരൂരിന് ഇത് സംബന്ധിച്ച് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസ്.
മുന്‍വിധിയും രാഷ്ട്രീയ ഇടപെടലും ഒഴിവാക്കി വേണം അന്വേഷണമെന്ന് ശശി തരൂര്‍ പോലീസ് മേധാവിക്ക് അയച്ച കത്തില്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും എന്ന് ആവര്‍ത്തിക്കുമ്പോഴും എങ്ങനെ അന്വേഷണം നടത്തും എന്നതിനെക്കുറിച്ച് തരൂരിന് ആശങ്കകളുണ്ട്.

ചോദ്യം ചെയ്യലിനിടെ തന്റെ സഹായിയെ മര്‍ദ്ദിച്ച് പോലീസ് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചതായും ശശി തരൂര്‍ പോലീസ് മേധാവിക്ക് അയച്ച കത്തില്‍ ആരോപിക്കുന്നു. എന്നാല്‍ തരൂരിന്റെ ഈ ആരോപണങ്ങള്‍ ദില്ലി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി നിഷേധിച്ചു. തരൂരിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അദ്ദേഹത്തെ കേസില്‍ പെടുത്താന്‍ ഒരു ശ്രമവും നടക്കുന്നില്ല.
ബെംഗളൂരുവിലുള്ള ശശി തരൂര്‍ ദില്ലിയില്‍ എത്തിയാല്‍ ഉടന്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്. ശശി തരൂരിന് പോലീസ് നോട്ടീസ് അയച്ചു എന്ന് ഇതിന് മുമ്പും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് ഈ റിപ്പോര്‍ട്ട് നിഷേധിച്ചു. ശശി തരൂരിന്റെയും സുനന്ദ പുഷ്‌കറിന്റെയും സഹായികളെയും പോലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications