കാശ്‌മീരില്‍ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍: ജമ്മുക്കാശ്‌മീരില്‍ ഗുപ്‌കര്‍ സഖ്യത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കുന്നുവെന്ന് ആരോപിച്ച് പീപ്പിള്‍സ് അലൈന്‍സ് ഫോര്‍ ഗുപ്‌കര്‍ ഡിക്ലറേഷന്‍ ചെയര്‍മാന്‍ ഫറൂഖ് അബ്‌ദുള്ള തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഡിസ്‌ട്രിക്‌റ്റ് ഡെവലപ്പ്‌മെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്താന്‍ ഭരണകൂടം ഗുപ്‌കര്‍ സഖ്യത്തെ അനുവദിക്കുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള ആരോപിച്ചു.
സ്ഥാനാര്‍ഥികളുടെ സുരക്ഷയുടെ കാരണം പറഞ്ഞാണ് വോട്ടര്‍മാരെ കാണാന്‍ അനുവദിക്കാത്തത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണിതെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു. നിരവധിയിടങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും ഭരണകൂടം വിലക്കിയതായി ഫറൂഖ് അബ്ദുള്ള പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബിജെപിയൊഴികെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും, കേന്ദ്ര പദ്ധതിയാണിതെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്‌തി ആരോപിച്ചു.
ബിജെപിയൊഴകെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിഡിസി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഫലമാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും വിലക്കുന്നതിന് പിന്നിലെന്ന് പിഡിപി അധ്യക്ഷന്‍ ബഷീര്‍ മുഹമ്മദ് ട്വീറ്റ് ചെയ്‌തു.
ജമ്മുകാശ്‌മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമി ഗുപ്‌കര്‍ സഖ്യത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്താന്‍ ഭരണ കൂടം അനുവദിക്കുന്നില്ലെന്നു കാണിച്ച് ലെഫിറ്റനന്റ് ഗവര്‍ണര്‍ എല്‍ ജി മനോജ് സിന്‍ഹക്ക് കത്തയച്ചിരുന്നു.ഉന്നയിച്ച വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, വരുന്ന തിരഞ്ഞെടുപ്പ് പഞ്ചായത്ത് സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ ഗുണകരമാകുമെന്നുമായിരുന്നു സിന്‍ഹയുടെ പ്രതികരണം .
എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും സുരക്ഷാ നല്‍കുകയെന്നത് പ്രാവര്‍ത്തികമല്ല എന്നാണ് ജമ്മു കാശ്‌മീര്‍ പൊലീസിന്റെ നിലപാട്. സ്ഥാനാര്‍ഥികള്‍ പ്രചരണത്തിനെത്തുന്ന ഇടങ്ങള്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അത്തരം പ്രദേശങ്ങളെ സുരക്ഷ ഏര്‍പെപടുത്താമെന്നും കാശ്‌മീര്‍ പൊലാസ് മേധാവി വിജയ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കാശ്‌മീര്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാക്കിസ്‌താനും,ചൈനക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന ഗുപ്‌കര്‍ സഖ്യത്തിന്റെ ആരോപണം വെറും രാഷ്ട്രീയ നാടകമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.