'വിജയെ ജ്യോത്സ്യൻ അമേരിക്കൻ പ്രസിഡണ്ട് വരെയാക്കും', പരിഹസിച്ച് ഡിഎംകെ എംപി കനിമൊഴി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് നേരെ രൂക്ഷ പരിഹാസം ഉന്നയിച്ച് ഡിഎംകെ എംപിയായ കനിമൊഴി. തമിഴ്നാട്ടിലെ സെക്രട്ടേറിയറ്റ് മന്ദിരം മാറ്റി പണിയുന്നതുമായി ബന്ധപ്പെട്ടും ജ്യോതിഷത്തിലുളള വിജയുടെ വിശ്വാസവുമായി ബന്ധപ്പെട്ടുമാണ് കനിമൊഴിയുടെ പരിഹാസം. വിജയെ അമേരിക്കന്‍ പ്രധാനമന്ത്രി വരെയാക്കാനുളള പ്ലാന്‍ ജ്യോത്സ്യനുണ്ടെന്നാണ് ഡിഎംകെ എംപി പരിഹസിച്ചത്.
വിജയ് അധികാരത്തിലെത്തിയത് മുതല്‍ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ എന്ന ജ്യോത്സ്യനുമായുളള ബന്ധം വളരെ അധികം ചര്‍ച്ചയായിരുന്നു. വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തിയ്യതി അടക്കമുളള കാര്യങ്ങളില്‍ ജ്യോത്സ്യന്റെ സ്വാധീനമുളളതായി വാര്‍ത്തകളുണ്ടായിരുന്നു.
''ജ്യോത്സ്യന് പറഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയില്ല, അവര്‍ പുതിയ നിയമസഭ നിര്‍മ്മിക്കാന്‍ പോവുകയാണ്. കടലിന് മുഖാമുഖമായുളള ഓഫീസിന് മുന്‍പ് അദ്ദേഹം മുഖ്യമന്ത്രിയായി. ഇനി കടലിന് അഭിമുഖമായുളള ഓഫീസ് ഉണ്ടെങ്കില്‍ പ്രധാനമന്ത്രി വരെയാകാം. ജ്യോത്സ്യന് ആദ്യം വിജയ്ക്ക് ഡല്‍ഹിയിലെ താജ്മഹലോ ഹിമാലയമോ കാണിച്ച് കൊടുത്തതിന് ശേഷം പ്രസിഡണ്ടാകാനായി അമേരിക്കയിലേക്ക് അയച്ചാല്‍ മതിയായിരുന്നു'', കനിമൊഴി പരിഹസിച്ചു.

പുതിയ സെക്രട്ടേറിയറ്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് കടല്ക്കരയിലാണ് പുതിയ നിയമസഭ വേണ്ടത്. സഭയില്‍ ഇരുന്നാല്‍ അദ്ദേഹത്തിന് ബീച്ച് കാണണം. എങ്കിലേ അദ്ദേഹത്തിന് മൂഡ് വരൂ, ആ മൂഡല്ല ജോലി ചെയ്യാനുളള മൂഡ് എന്നാണ് ഉദയനിധി പറഞ്ഞത്. ഇതിന് പിന്നാലെ ഉദയനിധി അശ്ലീല നിധിയാണെന്ന് ടിവികെ തിരിച്ചടിച്ചു.
1200 കോടി ചിലവിട്ട് വിജയ് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സെക്രട്ടേറിയറ്റ് കോംപ്ലക്സ് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ചെന്നൈയിലെ തീരദേശ പ്രദേശമായ പട്ടിനപക്കത്തുളള തമിഴ്നാട് ഹൗസിംഗ് ബോര്‍ഡ് ഭൂമിയിലാണ് പുതിയ കെട്ടിടം പണിയാനായി വിജയ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാഷ്ട്രീയ എതിര്‍പ്പ് കൂടാതെ പട്ടിനപക്കത്തും സമീപപ്രദേശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
1500ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നിത്യക്കച്ചവടത്തിനും ബോട്ടുകള്‍ നിര്‍ത്തിയിടാനും റിപ്പയര്‍ ചെയ്യാനും വലകളും മീനും ഉണക്കാനുമൊക്കെയായി ഉപയോഗിക്കുന്നത് ഈ പ്രദേശമാണ്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ വലിയ സമരത്തിലേക്ക് നീങ്ങും എന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്കുന്ന മുന്നറിയിപ്പ്.


Click it and Unblock the Notifications
