'അനധികൃത നിർമാണം'; കേന്ദ്രമന്ത്രിയുടെ ബംഗ്ലാവ് പൊളിക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി
മുംബൈ: കേന്ദ്ര ചെറുകിട-ഇടത്തര വ്യവസായ വകുപ്പ് മന്ത്രി നാരായൺ റാണെ മഹാരാഷ്ട്രയിലെ ജുഹു മേഖലയിൽ നിർമിച്ച ബംഗ്ലാവ് പൊളിച്ചു നീക്കണമെന്ന് ബോംബെ ഹൈകോടതി. ബംഗ്ലാവ് അനധികൃത നിർമാണമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. നിർമാണത്തിൽ ഫ്ലോർ സ്‌പേസ് ഇൻഡക്‌സ് (എഫ്‌എസ്‌ഐ), തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസെഡ്) എന്നിവയുടെ ലംഘനമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ബംഗ്ലാവ് ഉടൻ പൊളിച്ച് മാറ്റണമെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനോട് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ആർ.ഡി. ധനുക, കമാൽ ഖാത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് തീരുമാനം.നിർമാണം സാധൂകരിച്ച് നൽകണമെന്ന കമ്പനിയിടെ ആവശ്യം അംഗീകരിച്ചാൽ അനധികൃത നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വഴിവെക്കുമെന്നും ഹൈകോടതി നിരീക്ഷിച്ചു.

രണ്ടാഴ്ചക്കകം അനധികൃത ഭാഗങ്ങൾ പൊളിച്ചുനീക്കാനും ഒരാഴ്ചക്കുശേഷം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ബി.എം.സിയോട് നിർദേശിച്ചു. റാണെക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയ ബെഞ്ച്, തുക രണ്ടാഴ്ചക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടക്കാനും നിർദേശിച്ചു. അതേസമയം സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന ചൂണ്ടിക്കാട്ടി ഉത്തരവ് നടപ്പാക്കുന്നത് ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന കമ്പനിയുടെ ആവശ്യവും ബെഞ്ച് തള്ളി. അഭിഭാഷകൻ ശാർദുൽ സിങ് കേസിൽ നാരായൺ റാണെയുടെ കമ്പനിനിയ്ക്കായി ഹാജരായി.












Click it and Unblock the Notifications