മാധ്യമങ്ങളിലെ നോൺ വെജ് ഭക്ഷണ പരസ്യങ്ങൾ നിരോധിക്കണമെന്ന് ഹർജി; ഹർജി തള്ളി കോടതി പറഞ്ഞത് ഇങ്ങനെ
മുംബൈ: നോൺ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് എതിരായ പൊതുതാൽപര്യ ഹരജി തള്ളി ബോംബെ ഹൈക്കോടതി. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ നോൺ വെജ് ഭക്ഷണ പരസ്യങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജെയ്ൻ ചാരിറ്റിബിൾ ട്രസ്റ്റുകളാണ് കോടതിയെ സമീപിച്ചത്. പക്ഷേ എന്തിനാണ് മറ്റുള്ളവരുടെ അവകാശങ്ങൾക്കു മേൽ കടന്നുകയറാൻ ശ്രമിക്കുന്നതെന്ന് ചോദിച്ച് കോടതി ഹരജി തള്ളിക്കളയുക ആയിരുന്നു. ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജെ ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.
ശ്രീ ആത്മ കമൽ ലബ്ധിസുരീശ്വർജി ജെയിൻ ജ്ഞാനാനന്ദിർ ട്രസ്റ്റ്, ഷേത്ത് മോതിഷ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീ വർധമാൻ പരിവാർ, മുംബൈ വ്യവസായി ജ്യോതിന്ദ്ര രാംനിക്ലാൽ ഷാ എന്നിവരാണ് ഹർജി കൊടുത്തത്. സമാധാനത്തോടെ ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റേയും ലംഘനമാണെന്ന് ഇത്തരം പരസ്യമെന്നാണ് ഇവർ ആരോപിച്ചത്.

സംസ്ഥാന സർക്കാർ, ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ വകുപ്പ്, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, അഡ്വർടൈസ്‌മെന്റ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ, വിവിധ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ മാംസ കമ്പനികൾ എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നിർദേശം നൽകണം എന്നും പറഞ്ഞിരുന്നു.
സസ്യാഹാരത്തിൽ വിശ്വസിക്കുന്ന ആളുകളെ ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക മാത്രമല്ല, അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നത് കൊണ്ട് മാധ്യമങ്ങളിൽ കൂടെയുള്ള സസ്യേതര ഭക്ഷണങ്ങളുടെ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും ഉള്ള മാർഗനിർദേശങ്ങൾ രൂപീകകിക്കണമെന്നും പുറപ്പെടുവിക്കണമെന്നും അധികാരികളോട് ആവശ്യപ്പെടണം എന്നും ഹരജിയിൽ പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (ജി) ജീവജാലങ്ങളോട് അനുകമ്പ കാണിക്കുന്നത് മൗലിക കടമകളിൽ ഒന്നായിരിക്കുമ്പോൾ ഈ പരസ്യങ്ങൾ അവയോടുള്ള ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹർജിക്കാർ പറയുന്നു. നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും തങ്ങൾ എതിരല്ല അത്തരം വസ്തുക്കളുടെ പരസ്യത്തിന് എതിരെ മാത്രമാണ് പരാതിയെന്നും ഹരജിക്കാർ പറയുന്നു.
എന്നാൽ ഈ വാദങ്ങൾ എല്ലാം കോടതി തള്ളുക ആയിരുന്നു. പൊതുതാൽപര്യ ഹരജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ നിയമസഭയുടെ പരിധിയിൽ വരുന്നത് ആണെന്നും നിരോധനം ഏർപ്പെടുത്തുന്ന നിയമമോ ചട്ടങ്ങളോ രൂപീകരിക്കാൻ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കുകയും ഏതെങ്കിലും അവകാശം ലംഘിക്കപ്പെട്ടാൽ ഹൈക്കോടതിക്ക് ഇടപെടാമെന്നും കോടതി വ്യക്തമാക്കി..












Click it and Unblock the Notifications