വാഹനവുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ ഓണ്‍ലൈനില്‍! പക്ഷേ ആധാറില്ലെങ്കില്‍ പണിപാളും
വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റിയാണ് കേന്ദ്ര സർക്കാർ നിർദേശം.
വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിങ്ങ് ലൈസൻസ് , വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങൾ ആണ് ഇപ്പോൾ ഓൺലൈനായി തയ്യാറാക്കിയത്.. ആധാർ അധിഷ്ഠിതം ആയാണ് ഈ സേവനങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ അറിയിച്ചിരിക്കുന്നത്.

parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയോ mParivahan മൈബൈൽ ആപ്പ് വഴിയോ ആണ് ഈ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നത്. വെബ്‌സൈറ്റിലെ ഹോം പേജിൽ നിന്ന് നേരിട്ടും ഓൺലൈൻ സർവീസ് എന്ന ടാബിൽ നിന്നും ആവശ്യമുള്ള സേവനങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. തുടർന്ന് സേവനത്തിന് ആവശ്യമായ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. തുടർന്ന് ആധാർ നമ്പർ നൽകുന്നതോടെ തന്നെ ഒടിപി ലഭിക്കും ഇതോടെ നടപടി പൂർത്തിയാകും.
എന്നാൽ , ആധാർ കാർഡ് ഇല്ലാത്ത ആളുകൾക്ക് ഈ സേവനം ലഭിക്കില്ല. ഇത്തരക്കാർക്ക് മുൻരീതി പിന്തുടർന്ന് ആർ.ടി. ഓഫീസുകളിൽ എത്തി വേണം ഇവ പൂർത്തിയാക്കാൻ. ഇതിനുവേണ്ടി മേൽവിലാസം തെളിയിക്കുന്ന മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാൻ കഴിയും എന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ വാഹനവുമായും ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി വാഹൻ-സാരഥി പോർട്ടലുകൾ ആരംഭിച്ചിരുന്നു.
ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷ, ലേണേഴ്‌സ്/ ഡ്രൈവിങ്ങ് ലൈസൻസിലെ പേര്, മേൽവിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്‌സ് എന്നിവ മാറ്റൽ, ഡ്യൂപ്ലിക്കറ്റ് ലേണേഴ്‌സ് ലൈസൻസ്/ ഡ്രൈവിങ്ങ് ലൈസൻസ് അപേക്ഷ, ഡ്രൈവിങ്ങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസൻസ് പുതുക്കലുകൾ, നിലവിലെ ലൈസൻസ് പകരം പുതിയത് എടുക്കൽ, ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് പുതുക്കൽ, കണ്ടക്ടർ ലൈസൻസിലെ വിവരങ്ങൾ മാറ്റൽ എന്നീ സേവനങ്ങൾ ആണ് ലൈസൻസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ആക്കിയിട്ടുള്ളത്.
വാഹനവുമായി ബന്ധപ്പെട്ട് താത്കാലിക രജിസ്‌ട്രേഷനും സ്ഥിരം രജിസ്‌ട്രേഷനും, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഫീസ് അടയ്ക്കൽ, രജിസ്‌ട്രേഷനുള്ള എൻ.ഒ.സി, ആർ.സി. ബുക്കിലെ വിലാസം മാറ്റൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, പുതിയ പെർമിറ്റ്, ഡ്യൂപ്ലിക്കേറ്റ് പെർമിറ്റ് അപേക്ഷ, പെർമിറ്റ് സറണ്ടർ, താത്കാലിക പെർമിറ്റ്, ഡ്യുപ്ലിക്കേറ്റ് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.












Click it and Unblock the Notifications