മോദിയെ മുട്ടുകുത്തിച്ച പാറ്റവിപ്ലവം, രാജ്യത്തെ സമരചരിത്രത്തിലെ പുതിയ ഏട്
ഇന്ത്യൻ ജനാധിപത്യം പ്രതിഷേധ ശബ്ദത്തെ വീണ്ടെടുത്ത മുഹൂർത്തമാണ് ഇന്ന് രാജ്യം കണ്ടത്. പ്രതിപക്ഷത്തെ പരിഹസിച്ചും വിയോജിപ്പുകളെ അവഗണിച്ചും മുന്നോട്ട് പോയ നരേന്ദ്രമോദി സർക്കാർ സമ്പൂർണമായി കീഴടങ്ങി. ആഴ്ചകൾ മാത്രം പ്രായമുള്ള കോക്രോച്ച് ജനതാപാർട്ടി എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മക്ക് മുന്നിൽ.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സമരം തുടങ്ങി മുപ്പത്തിയാറാം ദിവസമാണ് സിജെപി ചരിത്രവിജയം നേടിയത്. പ്രധാൻ രാജിവെച്ചു. ഡെൽഹിയിലും പിന്നെ ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർക്ക് എതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കും. നീറ്റ് വിവാദത്തിന് പിന്നാലെ നിരാശയിൽ ജീവിതം അവസാനിപ്പിച്ച മക്കളെ ഓർത്ത് വിഷമിക്കുന്ന
കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകും. സിജെപി മുന്നോട്ട് വെച്ച മൂന്ന് പ്രധാന ആവശ്യങ്ങൾ മാത്രമല്ല കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ധാരണയായത്.
വിദ്യാഭ്യാസമേഖലയിലും പരീക്ഷാനടത്തിപ്പിലും മുന്നോട്ട് വെച്ച പരിഷ്കരണ നിർദേശങ്ങളിൻമേൽ ഒരു മാസത്തിന് ശേഷം വീണ്ടും ചർച്ചയാകാമെന്നും സർക്കാർ സമ്മതിച്ചു. സിജെപി പ്രതിനിധികളായി ചർച്ചക്ക് വന്ന സൗരവ് ദാസും അശുതോഷ് റാങ്കയും വിശദാംശങ്ങൾ നൽകിയപ്പോൾ അടുത്തിരുന്നത് ബിജെപിയുടെ അധ്യക്ഷനായിരുന്ന, ഇപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രിയായ ജെ പി നദ്ദയും സഹപ്രവർത്തകൻ ജിതേന്ദ്രസിങ്ങും. എല്ലായ്പ്പോഴും പ്രതിഷേധസ്വരങ്ങളെ അപഹസിച്ചും അവഗണിച്ചും വിടുന്ന ബിജെപിക്ക് കാലം കാത്തുവെച്ച മറുപടിയായിരുന്നു ആ കാഴ്ച.

ജനകീയ പ്രക്ഷോഭത്തിനൊടുവിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി രാജിവയ്ക്കുന്നത് നരേന്ദ്രമോദി നാട് ഭരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യം. പ്രതിഷേധങ്ങൾക്ക് മുന്നിൽ വഴങ്ങുന്നത് ഒരു തരം കീഴടങ്ങലും പ്രതിഛായ നഷ്ടവുമൊക്കെയായിട്ടാണ് ബിജെപി വിലയിരുത്തിയിരുന്നത്. കർഷകപ്രക്ഷോഭത്തിലും റഫാൽ ഇടപാടിലും ഒക്കെ ഈ കടുംപിടിത്തം തുടർന്ന പാർട്ടിയാണത്. ഇക്കുറിയും ആദ്യം പ്രധാൻ രാജിവെക്കേണ്ട കാര്യമില്ലെന്ന് തന്നെയായിരുന്നു നിലപാട്, കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയെടുക്കുമെന്ന ഉറപ്പ്, പുതിയ ബില്ല്, അന്വേഷണം കൃത്യമായി നടത്തുവെന്ന അവകാശവാദം,നീറ്റ് പരീക്ഷ രണ്ടാമത് നന്നായി നടത്തിയില്ലേ എന്ന മറുചോദ്യം . അതൊക്കെയായിരുന്നു പ്രതിരോധം. പക്ഷേ സിജെപിയോ അവർക്ക്പിന്തുണയുമായി ജന്തർമന്തറിലേക്ക് ഒഴുകിയെത്തിയവരോ അവർക്കൊപ്പം ചേർന്ന് ഇന്ത്യയിലെ മഹാനഗരങ്ങളിൽ മുദ്രാവാക്യം മുഴക്കിയവരോ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. ജീവിതത്തിലെ ഏക പ്രതീക്ഷയും സാധ്യതയും തുലാസിലാകുന്ന ഏർപാട് അവർക്ക് മതിയായിരുന്നു.
പൊലീസ് തല്ലിച്ചതപ്പോഴും ജലപീരങ്കി പ്രയോഗിച്ചപ്പോഴും ദേശദ്രോഹികൾ എന്ന് വിളിക്കപ്പെട്ടപ്പോഴും വിദേശത്ത്നിന്ന് ഫണ്ട് ഒഴുകിയെത്തുന്നുണ്ടെന്ന് ആരോപിച്ചപ്പോഴും അവർ കുലുങ്ങിയില്ല. ശരിയെന്ന് ഉറപ്പുള്ള സമരത്തിൽ അവർ ഉറച്ച് നിന്നു. ജലപീരങ്കിയുടെ ചീറിയെത്തുന്ന വെള്ളത്തിനൊപ്പം നൃത്തം ചെയ്തും ദേശീയഗാനത്തിലൂടെ ലാത്തിയിൽ നിന്ന് പ്രതിരോധം തീർത്തും വീണുപോയവരെ ചേർത്ത് പിടിച്ച് നിർത്തിയും അവർ തെരുവുകളിൽ തുടർന്നു. മീമായും സന്ദേശമായും വേറിട്ട് നിന്ന പ്ലക്കാർഡുകളായും ഇന്ത്യൻ യുവത്വത്തിന്റെ പുതിയ പ്രതിഷേധസ്വരം നാടാകെയും പുറംനാടുകളിലും അലയടിച്ചു.
മന്ത്രി രാജി വെക്കുകയോ അല്ലെങ്കിൽ മന്ത്രിയെ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ അടുത്തതായി തെരുവുകളിൽ ഉയരുക പ്രധാനമന്ത്രിയുടെ രാജി ആവശ്യമായിരിക്കുമെന്ന് സിജെപി ഉറക്കെപറഞ്ഞു, ലേശം പോലും ഭയമില്ലാതെ. ഞങ്ങൾക്കുണ്ട് വോട്ട്, ഞങ്ങളുടെ കുടുംബത്തിനും എന്ന് തെരുവുകളിൽ നിന്ന് വന്ന ഓർമപ്പെടുത്തൽ ബിജെപിക്ക് താക്കീതായിരുന്നു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും കുടുംബങ്ങളെയും ബാധിക്കുന്നതാണ് പരീക്ഷാപ്പിഴവ് എന്നത് വരാനിരിക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിൽ ഭീഷണിയാകുമെന്ന താക്കീത്. മൂന്നാമൂഴത്തിൽ സഖ്യകക്ഷികളെയും പരിഗണിക്കണമെന്നതും ബിജെപിക്ക് ബാധ്യതയായി. ജെഡിയുവും ടിഡിപിയും നൽകിയ മുന്നറിയിപ്പ് അവഗണിക്കാൻ ബിജെപിക്ക് കഴിയുമായിരുന്നില്ല. യുവാക്കളുടെ പിന്തുണ ചോരുന്നത് തിരിച്ചടിയാകുമെന്ന് ബിജെപിക്ക് സംശയവുമുണ്ടായിരുന്നില്ല.
സിജെപിയുടെ പ്രതിഷേധമാർച്ചിന് നേരെയുണ്ടായ ഡെൽഹി പൊലീസ് നടപടി പ്രതിപക്ഷനിരയെ തെരുവിലിറക്കി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ മിന്നൽ സമരം ബിജെപിക്ക് അപ്രതീക്ഷിതമായിരുന്നു. രാഹുലിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ച പ്രതിപക്ഷത്തിന് ഊർജമായി. ആരോടും പറയാതെ ആദ്യം പോയി സമരം ചെയ്തതിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷത്തെ പാർട്ടികൾ പിന്നെ ഒറ്റക്കെട്ടായി നിന്ന് സർക്കാരിന് എതിരെ പ്രതിഷേധിച്ചു. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധസ്വരം ഉയർന്നു. പ്രതിപക്ഷനിരക്ക് വീണ്ടും ഊർജം കൈവരുന്നതും സർക്കാരിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടതും ബിജെപിയെ പ്രതിരോധത്തിലാക്കി. അങ്ങനെ ഒടുവിൽ ആദ്യമായി മോദി സർക്കാരിലെ ഒരു മന്ത്രി രാജി വെച്ചു. 12 വർഷത്തെ ഭരണകാലത്ത് ഇതാദ്യമായി.
ഭിന്നാഭിപ്രായങ്ങൾ മാറ്റിവെച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി നിന്നാൽ സിംഹാസനങ്ങൾ ഇളകുമെന്ന് സിജെപി വിജയം വ്യക്തമാക്കുന്നു. പുതിയ തലമുറക്ക് സാമൂഹിക രാഷ്ട്രീയവിഷയങ്ങളിൽ താത്പര്യമോ ശ്രദ്ധയോ ഇല്ലെന്ന വിമർശനങ്ങൾ ഇനിയുണ്ടാകില്ല. ഇപ്പോൾ വീണത് ആദ്യ വിക്കറ്റ് ആണെന്ന് അഭിജിത് ദിപ്കെ പറയുന്നുമുണ്ട്. രാജ്യത്തിന്റെ സമരചരിത്രത്തിലെ പുതിയ ഏടാണ് പാറ്റവിപ്ലവം എന്നതിൽ സംശയമില്ല. ഇതൊരു തുടക്കം മാത്രമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.


Click it and Unblock the Notifications