സ്വര്‍ണത്തിന്റെ ആവശ്യം ഇടിയും... അതും ഈ വര്‍ഷം തന്നെ; വില കുറയുമോ?
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവരാണ് ഭൂരിഭാഗം പേരും. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ എല്ലാവരും ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. 2022 നവംബറിന് ശേഷം സ്വര്‍ണവില സ്ഥിരമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വര്‍ണം എത്തിയ വര്‍ഷമാണ് ഇപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
2023 ആരംഭിച്ച് ആറാം മാസത്തിലേക്ക് കടക്കുമ്പോഴും സ്വര്‍ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഇടയ്ക്ക് നേരിയ കുറവ് സ്വര്‍ണവിലയില്‍ പ്രകടമാകുന്നുണ്ടെങ്കില്‍ ആശ്വാസകരമായ നിലയിലേക്ക് ഇത് എത്തുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഈ വര്‍ഷം തന്നെ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ ഗണ്യമായ ഇടിവ് നേരിട്ടേക്കാം എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മെറ്റല്‍സ് ഫോക്കസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കുമെന്നും അതിനാല്‍ ആവശ്യം ഒമ്പത് ശതമാനം വരെ കുറയും എന്നുമാണ് മെറ്റല്‍സ് ഫോക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മെറ്റല്‍സ് ഫോക്കസ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം റെക്കോഡ് സ്വര്‍ണമാണ് കേന്ദ്ര ബാങ്കുകള്‍ വാങ്ങി കൂട്ടിയത്.
എന്നാല്‍ ഈ വര്‍ഷം ഇത് മന്ദഗതിയിലാക്കിയിരിക്കുകയാണ് എന്നാണ് വിവരം. അതിനാല്‍ 2023 ന്റെ സ്വര്‍ണത്തിന്റെ ആവശ്യകതയും വിലയും കുറഞ്ഞേക്കാം എന്നാണ് നിരീക്ഷണം. അതേസമയം ഡിമാന്‍ഡ് കുറയുമ്പോള്‍, ഈ വര്‍ഷം മൊത്തം സ്വര്‍ണ വിതരണം 2% വര്‍ധിക്കും എന്നാണ് പ്രവചനം. ഉയര്‍ന്ന ഖനി ഉല്‍പ്പാദനവും പുനരുല്‍പ്പാദിപ്പിക്കലും കാരണം, സ്വര്‍ണ്ണ വിപണി ഈ വര്‍ഷം 500 ടണ്ണിലധികം മിച്ചത്തിലേക്കാണ് മടങ്ങിയെത്തുന്നത്.
അതിനാല്‍ 2023 ന്റെ ശേഷിക്കുന്ന ദിവസങ്ങളിലും സ്വര്‍ണ വില സമ്മിശ്രമായിരിക്കും. വാര്‍ഷിക ശരാശരി വില 5% വര്‍ധിച്ച് 1890 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലെത്തുമെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില സമ്മര്‍ദ്ദത്തിലാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ ദിനം മുതല്‍ ഇന്ന് വരെ സ്വര്‍ണവില ഏകദേശം 7% ഉയര്‍ന്നു.
എന്നാല്‍ മേയ് മാസത്തിന് ശേഷം വര്‍ധന മന്ദഗതിയിലായിട്ടുണ്ട്. ഈ മാസം 13, 14 ദിവസങ്ങളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം ചേരും. സ്വര്‍ണ വിപണിയെ സംബന്ധിച്ച് ഇത് നിര്‍ണായകമാണ്. യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് എന്ത് തീരുമാനമായിരിക്കും എടുക്കുക എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications