മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സിസിടിവി ദൃശ്യം പുറത്ത് വിടില്ല, രാഹുലിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യം പുറത്തുവിടണമെന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചു. സ്വകാര്യതയും നിയമപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് 5 മണിക്ക് ശേഷമുളള ദൃശ്യങ്ങൾ പുറത്ത് വിടാനായിരുന്നു രാഹുൽ ആവശ്യപ്പെട്ടത്. ബിജെപി നയിക്കുന്ന മഹായുതി സഖ്യമാണ് മഹാരാഷ്ട്രയിൽ വിജയിച്ചത്. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി, വോട്ടിംഗ് ബൂത്തുകളിലെ സിസിടിവി ഫൂട്ടേജ് പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത വർധിപ്പിക്കുകയും വോട്ടർമാരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യണമെന്നായിരുന്നു രാഹുൽ ഗാന്ധി മുന്നോട്ട് വെച്ച നിലപാട്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

വോട്ടിംഗ് ബൂത്തുകളിലെ സിസിടിവി ഫൂട്ടേജ് പുറത്തുവിടുന്നത് വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കുമെന്നും, ഇത് നിയമപരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ആവശ്യം നിരസിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കൂടാതെ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ മതിയായതാണെന്നും കമ്മീഷൻ അവകാശപ്പെട്ടു. വോട്ടിംഗ് ബൂത്തുകളിൽ സിസിടിവി ക്യാമറകൾ ഉപയോഗിക്കുന്നത് പ്രധാനമായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷാ നിരീക്ഷണത്തിനാണ്, പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനുള്ളതല്ലെന്നും കമ്മീഷൻ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത കുറവാണെന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു. "വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, അവർ സ്വകാര്യത എന്ന വാദം ഉന്നയിച്ച് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്," കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
മറുവശത്ത്, ഭരണപക്ഷമായ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. "നിയമപരമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ കമ്മീഷൻ ശരിയായ തീരുമാനമാണ് എടുത്തത്," ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയിലെ പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
സ്വകാര്യത: വോട്ട് ചെയ്യാനുള്ള അവകാശം പോലെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതാണ്. വീഡിയോകൾ പങ്കുവെക്കുന്നതിലൂടെ വോട്ട് ചെയ്യാതിരുന്നവരെ കണ്ടെത്താനാകും. ഇത് പ്രൊഫൈലിങ്, സമ്മർദ്ദം, സേവന നിഷേധം എന്നിവക്ക് കാരണമാകും.
സുപ്രീംകോടതി ഉത്തരവ്: വോട്ട് ചെയ്യാതിരിക്കുക എന്നത് വ്യക്തിപരമായ ഒരിഷ്ടമാണ്. അത് രഹസ്യമായി സൂക്ഷിക്കുന്നത് വോട്ട് രഹസ്യമായി സൂക്ഷിക്കുന്നതിൻെറ അത്രത്തോളം പ്രധാനമാണ്.
വീഡിയോ ദൃശ്യങ്ങൾ: വോട്ടർമാരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന ഫോം 17A പോലെയാണ് വീഡിയോ ദൃശ്യങ്ങളും. അത് അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്.
അനധികൃതമായി പങ്കുവെക്കുന്നത് കുറ്റകൃത്യം: നിയമപരമായ അനുമതിയില്ലാതെ വോട്ട് ചെയ്തവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് നിയമവിരുദ്ധമാണ്. അതിനാൽ ആർ.പി ആക്ട് പ്രകാരം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.












Click it and Unblock the Notifications