ഫ്യൂവല്‍ സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് മാനുവലായി; എന്‍ജിന്റെ രണ്ട് സ്വിച്ചുകളും കട്ട് ഓഫായതെങ്ങനെ?
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉയരുന്നത് നിരവധി സംശയങ്ങള്‍. പൈലറ്റുമാരുടെ പ്രവൃത്തികളിലേക്കും സംഭാഷണങ്ങളിലേക്കുമാണ് സംശയത്തിന്റെ മുന നീളുന്നത്. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പതിഞ്ഞ പൈലറ്റുമാരുടെ സംഭാഷണം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്.
എയര്‍ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ബോയിങ് 787 ഡ്രീംലൈനര്‍ ക്യാപ്റ്റന്‍മാരില്‍ ഒരാളായ ക്യാപ്റ്റന്‍ സുമിത് സബര്‍വാളും ഫസ്റ്റ് ഓഫിസര്‍ ക്ലൈവ് കുന്ദറുമാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇരുവരും മികച്ച ട്രാക്ക് റെക്കോര്‍ഡും പറക്കല്‍ പരിചയവുമുള്ള പൈലറ്റുമാരാണ്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും സംഭാഷണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

ടേക്ക് ഓഫ് ചെയ്തു സെക്കന്റുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ റണ്ണില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്കായിരുന്നു. സ്വിച്ചുകള്‍ ഉടന്‍തന്നെ പ്രവര്‍ത്തനക്ഷമമാക്കിയെങ്കിലും എന്‍ജിന് പറന്നുയരാനുള്ള ശക്തി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.
ഈ അതി നിര്‍ണായക ഘട്ടത്തിലുള്ള പൈലറ്റുമാരുടെ സംഭാഷണങ്ങള്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൈലറ്റ്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന നിഗമനത്തിലേക്കാണ് അന്വേഷണ റിപ്പോര്‍ട്ട് നീളുന്നത്.
എന്തിനാണ് ഫ്യൂവല്‍ സ്വിച്ച് കട്ട് ഓഫ് ചെയ്തത് എന്നായിരുന്നു ഒരു പൈലറ്റിന്റെ ചോദ്യം. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് അടുത്ത പൈലറ്റ് മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണ് പറഞ്ഞത് എന്ന് വേര്‍തിരിച്ചറിയാന്‍ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ദുരൂഹത വര്‍ദ്ധിക്കുന്നത്. സ്വിച്ചുകള്‍ ഓഫ് ചെയ്യുന്നത് സംബന്ധിച്ച് പൈലറ്റുമാര്‍ ആശയക്കുഴപ്പത്തിലായി എന്നതാണ് ഈ സംഭാഷണം വ്യക്തമാക്കുന്നത്: എന്‍ജിന്റെ രണ്ട് സ്വിച്ചും കട്ട് ഓഫ് ആകുന്നത് ദുരൂഹമാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.
ടേക്ക് ഓഫിന് മുമ്പ് രണ്ട് എന്‍ജിനും ശരിയായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. അതിനുള്ള തെളിവുകള്‍ റെക്കോര്‍ഡിങ്ങില്‍ ഉണ്ട്. രണ്ട് സ്വിച്ചുകളും മാനുവല്‍ ആയി ഓപ്പറേറ്റ് ചെയ്താല്‍ മാത്രമേ റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് പോവുകയുള്ളൂ.
ഒരു സ്വിച്ച് മാത്രമാണ് കട്ടോഫ് പൊസിഷനിലേക്ക് പോയതെങ്കില്‍ അത് മാനുഷികമായ പിഴവാണെന്ന് കരുതാം. എന്നാല്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയത് ദുരൂഹമാണെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications