'കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ വീണ്ടും ആശുപത്രിയില്‍, ആരോഗ്യനില ഇങ്ങനെ
മുംബൈ: വിവാദചിത്രം ദ കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ വീണ്ടും ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുദീപ്‌തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അണുബാധയും നിര്‍ജ്ജലീകരണവും കാരണമാണ് സുദീപ്‌തോ സെന്‍ അസുഖബാധിതനായത് എന്നാണ് വിവരം.
മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് സംവിധായകനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും ഉടനെ തന്നെ ആശുപത്രി വിടുമെന്നും വീട്ടിലേക്ക് വിടാന്‍ ഡോക്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സുദീപ്‌തോ സെന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദ കേരള സ്റ്റോറി നായിക അദ ശര്‍മയും സുദീപ്‌തോ സെന്നും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. തെലങ്കാനയിലെ കരിംനഗറിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറപകടത്തില്‍ അദ ശര്‍മ്മയ്ക്കും സുദീപ്‌തോ സെന്നിനും പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമായിരുന്നു. ചികിത്സയ്ക്ക് ശേഷം നടിയും സംവിധായകനും ആശുപത്രി വിട്ടു. അതിന് പിന്നാലെയാണ് സുദീപ്‌തോ സെന്‍ വീണ്ടും ആശുപത്രിയിലായിരിക്കുന്നത്.
ഉളളടക്കത്തിന്റെ പേരില്‍ വലിയ വിവാദമായ ചിത്രമാണ് കേരള സ്റ്റോറി. കേരളത്തില്‍ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഉത്തരേന്ത്യയില്‍ ചിത്രം വലിയ സാമ്പത്തിക വിജയം സ്വന്തമാക്കി. ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യപ്പെട്ട 3000 പെണ്‍കുട്ടികളുടെ കഥയെന്ന അവകാശവാദവുമായി വന്ന ചിത്രം വിമര്‍ശനങ്ങള്‍ക്കൊടുവില്‍ എണ്ണം 3 ആയി കുറച്ചിരുന്നു. ഏതാനും സ്ത്രീകള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായതിനെ കേരളത്തിന്റെ മുഴുവന്‍ കഥയായി അവതരിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.












Click it and Unblock the Notifications