'ദ കേരള സ്റ്റോറി' തീവ്രവാദ ഗൂഢാലോചനയെ കുറിച്ചുളളതെന്ന് മോദി, കോൺഗ്രസിന് വിമർശനം
ബെംഗളൂരു: വിവാദ ചിത്രം ദ കേരള സ്‌റ്റോറിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെല്ലാരിയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് കേരള സ്‌റ്റോറി വിഷയം പ്രധാനമന്ത്രി പരാമര്‍ശിച്ചത്.
കേരള സ്‌റ്റോറി വിവാദം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി. ആ സുന്ദരമായ സംസ്ഥാനത്ത് നടക്കുന്ന ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുളളതാണ് ദ കേരള സ്റ്റോറി എന്ന ചിത്രം എന്നാണ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ. ഈ ചിത്രം നിരോധിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്കൊപ്പമാണ് അവര്‍ നില്‍ക്കുന്നത്, പ്രധാനമന്ത്രി ആരോപിച്ചു.

'കേരളത്തില്‍ നടക്കുന്ന തീവ്രവാദ ഗൂഢാലോചനയെ തുറന്ന് കാണിക്കുന്ന സിനിമയാണ് ദ കേരള സ്‌റ്റോറി. എന്നാല്‍ രാജ്യത്ത് നിലവിലുളള ദൗര്‍ഭാഗ്യകരമായ അവസ്ഥ എന്താണെന്ന് നോക്കൂ, സമൂഹങ്ങളെ തകര്‍ക്കുന്ന തീവ്രവാദത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്ന് മാത്രമല്ല ഈ തീവ്രവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുമായി പിന്‍വാതില്‍ വഴിയുളള രാഷ്ട്രീയ നീക്കുപോക്കുകളും കോണ്‍ഗ്രസ് നടത്തുകയാണ്', പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
'ബോംബുകള്‍ക്കും തോക്കുകള്‍ക്കുമൊക്കെ വലിയ ശബ്ദമുണ്ട്. എന്നാല്‍ സമൂഹത്തെ അതിനകത്ത് നിന്ന് കൊണ്ട് തന്നെ നശിപ്പിക്കാന്‍ സാധിക്കുന്ന തീവ്രവാദ ഗൂഢാലോചനയ്ക്ക് ശബ്ദമേ ഇല്ല. ഈ തരത്തിലുളള തീവ്രവാദത്തെ കുറിച്ച് കോടതി പോലും ആശങ്ക രേഖപ്പെടുത്തിയിട്ടുളളതാണ്'. അത്തരമൊരു തീവ്രവാദ ഗൂഢാലോചനയെ കുറിച്ചുളള ചിത്രമായ ദ കേരള സ്‌റ്റോറിയെ കുറിച്ച് വ്യാപകമായ ചര്‍ച്ചകളാണ് ഇന്ന് നടന്ന് കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വ്വേകളെ പ്രധാനമന്ത്രി തളളി. 'സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ രാജ്യത്തെ ജനങ്ങളെ അഴിമതിയിലൂടെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇപ്പോള്‍ അവര്‍ മറ്റൊരു തന്ത്രമാണ് ഉപയോഗിക്കുന്നത്. വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ആളുകളെ വിഡ്ഡികളാക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിക്കുകയാണ്' എന്നും നരേന്ദ്ര മോദി ആരോപിച്ചു.












Click it and Unblock the Notifications