കേരള സ്റ്റോറിയെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ട; ഗൂഢാലോചനയെന്ന് സംവിധായകന്‍
മുംബൈ: വിവാദ സിനിമ 'കേരള സ്റ്റോറി'യെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അവഗണിക്കുകയാണ് എന്ന പരാതിയുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. നിലവില്‍ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നും നല്ല ഓഫറുകള്‍ വന്നിട്ടില്ലെന്നും തങ്ങളെ ഒറ്റപ്പെടുത്താന്‍ സിനിമാലോകം ഒന്നിച്ചിരിക്കുകയാണ് എന്നും സുദീപ്‌തോ സെന്‍ ആരോപിച്ചു. റെഡ്ഡിറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഇപ്പോഴും ഏതെങ്കിലും പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള നല്ല ഓഫറിനായി കാത്തിരിക്കുകയാണ്. ഇതുവരെ ഒരു ഓഫറും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഞങ്ങളുടെ സിനിമയുടെ ബോക്‌സോഫീസ് വിജയം സിനിമാ വ്യവസായത്തിലെ ചിലയാളുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്,' സുദീപ്‌തോ സെന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റോറി ബോക്സ് ഓഫീസില്‍ 230 കോടിയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ആദ ശര്‍മ്മ നായികയായെത്തിയ ചിത്രം മേയ് അഞ്ചിനാണ് റിലീസ് ചെയ്തത്. ലവ് ജിഹാദ് പ്രമേയത്തിലൊരുങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയത് തൊട്ട് വലിയ വിവാദത്തിലായിരുന്നു. കേരളത്തില്‍ നിന്ന് 30000 ത്തിലധം പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തി മതപരിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്നതായിരുന്നു ചിത്രം ആദ്യം പങ്ക് വെച്ച ആശയം.
എന്നാല്‍ പിന്നീട് സംഭവം വിവാദമായതോടെ മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി. മതപരിവര്‍ത്തനം നടത്തി സിറിയയിലെയും യെമനിലെയും മരുഭൂമിയില്‍ കുഴിച്ചുമൂടപ്പെട്ട 32000 പെണ്‍കുട്ടികളില്‍ ഒരാളാണ് താനെന്ന് ആദ ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന രംഗമായിരുന്നു ചിത്രത്തിന്റെ ടീസറായി പുറത്തിറങ്ങിയിരുന്നത്.
ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. കേരളത്തില്‍ ഇത്രയും പേരെ മതപരിവര്‍ത്തനത്തിന് ഇരയാക്കി എന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഇതോടെ ഇത് കേരളത്തിനെതിരായ വിദ്വേഷ പ്രചരണമാണ് എന്നും ഇസ്ലാമോഫോബിയ ആണ് എന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ പുറത്തുവന്നു. കേരളത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിനിടെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരള സ്റ്റോറിക്ക് വിനോദ നികുതി ഒഴിവാക്കി കൊടുക്കുകയും ചെയ്തിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കേരള സ്‌റ്റോറി ചര്‍ച്ചയായിരുന്നു. അതേസമയം വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതിനാലാണ് കേരള സ്‌റ്റോറി വാങ്ങാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാകാത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇറങ്ങിയ നാള്‍ തൊട്ട് പ്രൊപ്പഗാണ്ട സിനിമ എന്ന വിശേഷണം ദി കേരള സ്റ്റോറിക്ക് ലഭിച്ചിരുന്നു.












Click it and Unblock the Notifications