Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ ബാക്കി വെയ്ക്കുന്ന പാഠങ്ങൾ, തേജസ്വി-ചിരാഗ്-പ്രശാന്ത് യുവപ്പിറവി ആരെ പൊള്ളിക്കും?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ പ്രാധാന്യം ഉള്ളതും ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്നതുമായ ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളെ കുറിച്ച് തുടരാം. ഒന്നും രണ്ടും ഘടകങ്ങളെ കുറിച്ച് പറഞ്ഞു കഴിഞ്ഞു.

3. മൂന്നാമത്തെ ഘടകം ആർജെഡിയുടെ ഭാവിയെപ്പറ്റി ഉയരുന്ന സൂചനകളാണ്. യാദവ പാർട്ടികളുടെ താൻ പോരിമയ്ക്ക് യുപിയിലും ബിഹാറിലും വില നൽകേണ്ടി വന്നിട്ടുണ്ട്. യുപിയിൽ കാലങ്ങളായി അഖിലേഷ് യാദവ് പ്രതിപക്ഷത്താണ്. ബിഹാറിൽ ലാലുവിന്റെ നിഴലായ തേജസ്വിയും. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയും അതിൽ വിജയം നേടുകയും ചെയ്തു എന്നത് ഒരു വഴിത്തിരിവാണ്. പിഡിഎ എന്ന തന്ത്രമാണ് അഖിലേഷ് അവിടെ പയറ്റിയത്. പിച്ചഡാ, ദളിത്, അല്പസംഖ്യ എന്ന വിശാല സഖ്യമുണ്ടാക്കി സാമൂഹ്യനീതിയുടെ പുത്തൻ സാധ്യതയാണ് അഖിലേഷ് അതുവഴി പരീക്ഷിച്ചതും വിജയിച്ചതും. സമാനമായ നീക്കത്തിന് തേജസ്വിയും ശ്രമിച്ചെങ്കിലും അതിലെ ആത്മാർത്ഥത സംശയാസ്പദമായിരുന്നു. യാദവ വിഭാഗത്തിനുള്ള സീറ്റുകൾ കാര്യമായിത്തന്നെ കുറച്ചു കൊണ്ടാണ് അഖിലേഷ് സ്വന്തം നിലപാടിന്റെ തെളിവ് നിരത്തിയതെങ്കിൽ തേജസ്വിക്ക് അത്രയും ദൂരം സഞ്ചരിക്കാൻ കഴിഞ്ഞില്ല. ആർജെഡി മത്സരിച്ച 143 സീറ്റുകളിൽ 51 യാദവരെയാണ് തേജസ്വി നിർത്തിയത്. 18 മുസ്ലീം സ്ഥാനാർത്ഥികളും. രണ്ടും ചേരുമ്പോൾ 69 സീറ്റ്. ബാക്കി 74 സീറ്റുകൾ മാത്രമാണ് മറ്റുള്ളവരെ ഉൾക്കൊള്ളാനായി നീക്കിവച്ചത്.

ലാലുവിന്റെ അദൃശ്യ സാന്നിധ്യം മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ജംഗിൾ രാജ് ആരോപണം തേജസ്വിയെ ഈ തെരഞ്ഞെടുപ്പിലും വിട്ടൊഴിയാതെ പിന്തുടർന്നു. ലാലു അതുവഴി ഒരേ സമയം നേട്ടവും ബാധ്യതയുമായിരുന്നു തേജസ്വിക്ക്. ഏകദേശം 31% വരുന്ന യാദവ-മുസ്ലീം വോട്ട് ബാങ്ക് ആർജെഡിക്കു പിന്നിൽ ഉറപ്പിച്ചു നിർത്തിയിരുന്ന പ്രതിഭാസമായിരുന്നു ലാലു. ആ ലാലു മാജിക്കിനും ഇത്തവണ ബിഹാറി വോട്ടർ ചരമഗീതം എഴുതി. ഉറച്ച ആ വോട്ട് ശതമാനം പോലും ആർജെഡിക്ക് ഇക്കുറി നിലനിർത്താൻ കഴിഞ്ഞില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേയ്ക്കാണ് ആർജെഡി കൂപ്പുകുത്തിയത്. മുസ്ലീം-യാദവ വോട്ട് ബാങ്ക് എന്ന ധ്രുവീകരണം സ്വാഭാവികമായും എതിർ ധ്രുവീകരണത്തിന് വഴിവയ്ക്കുമെന്നത് സ്വാഭാവികമാണ്. 42 ശതമാനത്തിലേയ്ക്ക് വോട്ട് വിഹിതവും സീറ്റും ഉയർത്താൻ കഴിഞ്ഞാൽ മാത്രമേ ഭരണം പിടിക്കാനാകൂ. അതിനുള്ള മാർഗമാണ് ലാലുവിനെ അകറ്റി നിർത്തി തേജസ്വി തേടാൻ ശ്രമിച്ചതും. അത് ഫലവത്തായില്ലെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. അതിന്റെ ചില കാരണങ്ങൾ ഇനി പറയുന്നതാണ്.

യാദവ-മുസ്ലീം വോട്ടുകൾ ഉറപ്പാണെന്നു വയ്ക്കുക. ആ സമവാക്യത്തെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പിനെ അഥവാ വിഭാഗത്തിനെ ആർജെഡി പുതുതായി കണ്ടെത്തണം. എങ്കിലേ ഫലം മറിച്ചാകൂ. അത് തേജസ്വിക്ക് കണ്ടെത്താനായില്ല. 61 സീറ്റ് കോൺഗ്രസിന് കൊടുത്തത് അതിനേക്കാൾ വലിയ തിരിച്ചടിയായി. കുമാർ സഹാനിയുടെ വിഐപി വന്നത് ഗുണം ചെയ്യുമെന്നു കരുതി. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് മറിച്ചാണ്. മാത്രമല്ല സഹാനി തന്നെ ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞ വാക്കുകൾ മഹാഗഡ്ബന്ധന്റെ യാഥാർത്ഥ്യം തുറന്നു കാട്ടുന്നു. താൻ പ്രതിനിധീകരിക്കുന്ന മല്ലാകൾ ഏറ്റവുമധികം അതിക്രമം നേരിട്ടത് യാദവ വിഭാഗത്തിൽ നിന്നാണെന്നാണ് സഹാനി തുറന്നു പറഞ്ഞത്. അതുകൊണ്ട് നേതാക്കൾ യോജിച്ചാലും വോട്ട് ട്രാൻസഫർ ചെയ്യൽ ശ്രമകരമായിരിക്കുമെന്നും സഹാനി പറഞ്ഞു. ബിജെപി എംപിയും വക്താവുമായ സുധാംശു ത്രിവേദി ഫലപ്രഖ്യാപനത്തിനു ശേഷം ഇതേപ്പറ്റി നടത്തിയ നിരീക്ഷണം പ്രസക്തമാണ്. It means your leaders have met. But your workers and the supporters on the ground were not having the chemistry. So that shows your organisation was having a very hollow base at the ground.

lalu

അതുപോലെ തന്നെ ആർജെഡിക്ക് തിരിച്ചടിയായത് വോട്ടർമാരുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന വാഗ്ദാനങ്ങളായിരുന്നു. ആറരക്കോടിയോളം വോട്ടർമാർ തന്നെയുള്ള ബിഹാറിൽ ഓരോ കുടുംബത്തിൽ ഉള്ളവർക്കും സർക്കാർ ജോലി. ജീവിക ദീദിമാർക്ക് മുപ്പതിനായിരും രൂപ മാസ ശമ്പളം എന്നിങ്ങനെ പോയ വാഗ്ദാനങ്ങളുടെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജനയിലേയ്ക്ക് നിതീഷ് സർക്കാരിനെ നിർബന്ധിച്ചത് തേജസ്വിയുടെ ഈ വാഗ്ദാനങ്ങളായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ നിലവിലെ സർക്കാരിനു തന്നെ അസാധ്യമായ ഒരു കാര്യം യാദവരെ മാത്രം സംരക്ഷിച്ചുവന്ന സർക്കാരുകളുടെ ട്രാക്ക് റെക്കോഡുള്ളവർ പറയുമ്പോൾ അതാരും മുഖവിലയ്ക്ക് എടുക്കില്ലല്ലോ.

ഇന്ത്യാ സഖ്യത്തിന്റെ പേരിൽ ഓരോ സംസ്ഥാനങ്ങളിലും ഓരോതരം ഒളിച്ചുകളി നടത്തുന്ന ഘടകകക്ഷികൾക്കും ബിഹാർ മറക്കാനാകാത്ത പാഠം നൽകുന്നുണ്ട്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞ ഇടതുപാർട്ടികൾ ഇത്തവണ നിലംപതിച്ചത് കാണാതെ പൊയ്ക്കൂടാ. ഭോജ്പൂർ മേഖലയിൽ കഴിഞ്ഞ തവണ ഇടതുപക്ഷം ഉഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. ഇത്തവണ അവിടുത്തെ ചിത്രം അടിമുടി മാറി. 29 സീറ്റിൽ ഇടതുപാർട്ടികൾ കഴി‍ഞ്ഞ തവണ മത്സരിച്ചതാണ്. 16 ഇടത്ത് ജയിക്കുകയും ചെയ്തു. അതിൽ തന്നെ 12 സീറ്റ് നേടിയത് സിപിഐഎംഎൽ ആണ്. സിപിഎമ്മും സിപിഐയും രണ്ടു വീതം സീറ്റുകളും നേടി. ഇത്തവണ അവർ തകർന്നടിഞ്ഞെന്നു മാത്രമല്ല അവിടേയ്ക്ക് ബിജെപി ഇടിച്ചു കയറിയത് ഒട്ടും ശുഭസൂചനയല്ല. സോഹ്റാൻ മംദാനിയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവലതുപക്ഷത്തിന് ബദലാകാൻ ഇടത് നിലപാടുകൾക്ക് കഴിയുമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് ഈ തിരിച്ചടി എന്നു കൂടി വിലയിരുത്തണം.

അതുപോലെ തന്നെ പ്രധാനമാണ് ആർജെഡിയും കോൺഗ്രസും പ്രതീക്ഷയർപ്പിച്ച മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് വലിയ സ്വാധീനമുള്ള സീമാഞ്ചലിലെ ഫലവും. അവിടെ ഇരുകൂട്ടരുടെയും വോട്ടുശക്തി ചോർത്തിയത് അസദുദ്ദീൻ ഒവൈസിയുടെ AIMIM ആണ്. മുസ്ലീം വോട്ടുകൾ ഭിന്നിപ്പിക്കുക വഴി എൻഡിഎയ്ക്ക് മികച്ച നേട്ടം കൊയ്യാൻ ഒവൈസി അവസരമൊരുക്കി. ഒവൈസിയുടെ ഛിദ്രപ്രവർത്തനം എന്നതിനപ്പുറം മുസ്ലീങ്ങളിൽ ഒരു വിഭാഗം എൻഡിഎയിലേയ്ക്ക് തിരിയുന്നത് എന്തുകൊണ്ടെന്ന വലിയ പരിശോധന കൂടി ആർജെഡിയും കോൺഗ്രസും നടത്തണം.

4. നാലാമത്തെയും അവസാനത്തേതുമായ ഘടകത്തിലേയ്ക്ക് വരാം. സംസ്ഥാനങ്ങളിൽ ഉയർന്നു വരുന്ന പുത്തൻ ഗ്രൂപ്പുകളാണ് സ്ത്രീകളും യുവാക്കളും. അവരെ മിഡിൽ ക്ലാസ് അഭിലാഷങ്ങൾ പുലർത്തുന്ന അസ്പിരൻ്റ്സ് ആയി പലപ്പോഴും വേറിട്ട ഗണത്തിലാണ് തെരഞ്ഞെടുപ്പ് വിദഗ്ധരും നിരീക്ഷകരും ഉൾപ്പെടുത്തുന്നത്. മറ്റ് പലതിലും എന്നപോലെ ഇക്കാര്യത്തിലും ബിഹാർ വേറിട്ട വഴിയിലാണ്. ബിഹാറിൽ ഇവർ ഉയർന്നു വരുന്ന മിഡിൽ ക്ലാസ് അല്ല മിഡിൽ കാസ്റ്റ് ആണ്. യാദവേതര ഒബിസികൾ, ഇതര പിന്നാക്ക വിഭാഗങ്ങൾ, മഹാദളിതുകൾ ഒക്കെ ഉൾപ്പെട്ടവരാണ് അത്. എന്നാൽ ആ ജാതികളെ മൊത്തമായും ഉൾക്കൊള്ളുന്നതല്ല സത്രീ-യുവ ശക്തി. ജാതിഘടകങ്ങളല്ല അവരിൽ പ്രകടമാകുന്നതും. വളരാനുള്ള ഇച്ഛയാണ് അവരിലെ പൊതുഘടകം. ആ ഘടകത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയത്തിന്റെ രംഗപ്രവേശത്തിനു കൂടി ബിഹാർ ഇത്തവണ വേദിയായിരിക്കുന്നു. അതാണ് ജൻസുരാജ് പാർട്ടിയിലൂടെ പ്രശാന്ത് കിഷോർ മുന്നോട്ടു വച്ചത്. നിതീഷിൽ നിന്ന് ചിറകു നേടിയ വിഭാഗങ്ങൾക്ക് ഇനി വേണ്ടത് പറക്കാനുള്ള ആകാശമാണ്. ജൻ സുരാജ് ആ ആകാശത്തെപ്പറ്റിയുള്ള പ്രതീക്ഷകളാണ് മുന്നോട്ടു വച്ചത്. ജൻസുരാജ് പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിൽ ഒരു ഇളക്കവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ജൻസുരാജിനെ എഴുതിത്തള്ളാൻ കഴിയില്ല. ഒരു ആംആദ്മി പാർട്ടി ഇംപാക്ട് ആണ് ജൻസുരാജ് ആദ്യ വരവിൽ ഉണ്ടാക്കിയിരിക്കുന്നത്. മറ്റെല്ലാ പാർട്ടികളുടെയും അജണ്ടയെ സ്വാധീനിക്കുക. അത് പ്രശാന്ത് കിഷോറിന് കഴിഞ്ഞിരിക്കുന്നു.

bihar

യുവാക്കളുടെയും സ്ത്രീജനങ്ങളുടെയും ഭാവി പ്രതീക്ഷകളും അവർ ഇപ്പോൾ അനുഭവിക്കുന്ന തടസങ്ങളുമാണ് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് വിഷയമാക്കിയത്. ജാതിസമവാക്യങ്ങൾ നിർണായകമായ ഒരു സംസ്ഥാത്തിലാണ് അതു ചെയ്തതെന്നു കൂടി പരിഗണിക്കണം. ആദ്യം മറ്റു പാർട്ടികളുടെ അജണ്ടയെ സ്വാധീനിച്ചിരിക്കുന്നു എന്നതു തന്നെയാണ് ജൻസുരാജിന്റെ ഈ തെരഞ്ഞെടുപ്പിലെ പ്രസക്തി. ഏതെങ്കിലും ജാതി വിഭാഗത്തെ പ്രീണിപ്പിക്കാത്തതുകൊണ്ടു തന്നെ ഏതെങ്കിലും ജാതി എതിർ ധ്രുവീകരണത്തിനും വിരോധത്തിനും അവസരങ്ങൾ മറ്റൊരു കൂട്ടർ തട്ടിയെടുക്കുമെന്ന ഉത്കണ്ഠയ്ക്കും ജൻസുരാജിന്റെ രാഷ്ട്രീയ പദ്ധതിയിൽ ഇടമില്ല. ഭാവി ബിഹാർ എന്താണെന്നതിലേയ്ക്കുള്ള ചൂണ്ടുവിരലാണ് അത്. ആ ഇടത്തിന്റെ പ്രാധാന്യം ആദ്യം തിരിച്ചറിഞ്ഞ പുത്തൻ രാഷ്ട്രീയ നേതൃത്വങ്ങൾ ആണ് തേജസ്വിയും ചിരാഗ് പാസ്വാനും. പ്രശാന്ത് കിഷോർ ബിഹാറിന്റെ അയ്യായിരം കിലോ മീറ്റർ താണ്ടുമ്പോൾ അദ്ദേഹം മുന്നോട്ടുവച്ച ആശയത്തിനു കൈവന്ന സ്വീകാര്യത തേജസ്വിയേയും ചിരാഗിനെയും പുതിയ തന്ത്രങ്ങൾ പയറ്റാൻ നിർബന്ധിതമാക്കി. ആർജെഡിയെപ്പറ്റി പറയുമല്ലോ എംവൈ സമവാക്യമെന്ന്. എന്നുവച്ചാൽ മുസ്ലീം-യാദവ സമവാക്യം. അതേ വാക്കാണ് ചിരാഗ് പുതുക്കി പണിതത്. ചിരാഗ് പറഞ്ഞു എൽജെപി മുന്നിൽ വയ്ക്കുന്നത് എംവൈ ആണെന്ന്. എന്നുവച്ചാൽ മുസ്ലീം യാദവ് അല്ല. മഹിളാ-യുവ. തൊഴിൽ കുടിയേറ്റം മുഖ്യ ചർച്ചയായതും ജൻ സുരാജിലൂടെയാണ്. തൊഴിൽ കുടിയേറ്റം കേരളത്തിലുമുണ്ട്. ഗൾഫ് രാജ്യങ്ങളിലേയ്ക്ക്. അതിന് സാമ്പത്തികമായി ഗുണവശവുമുണ്ട്. നമുക്ക് വിദേശനാണ്യം പ്രധാനമായും നേടിത്തരുന്നത് ഗൾഫ് കുടിയേറ്റമാണല്ലോ. എന്നാൽ തൊഴിൽ കുടിയേറ്റം പോലെയല്ല തൊഴിൽ പലായനം. അത് ഒരുതരം പുറന്തള്ളലാണ്. ബിഹാർ ചെയ്യുന്നത് അതാണെന്നാണ് പ്രശാന്ത് കിഷോർ ആവർത്തിച്ചു പറഞ്ഞത്.

90കൾ മുതൽ 2005 വരെ ഭരിച്ച ആർജെഡിയേയും അതിനു ശേഷം തുടർച്ചയായി ഭരിച്ച നിതീഷിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയ ചോദ്യമായിരുന്നു അത്. പ്രശാന്ത് കിഷോറിന്റെ ആ പുത്തൻ ആഖ്യാനത്തിന് പ്രതികരണം ഉണ്ടാക്കാൻ കഴിഞ്ഞു. സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടി വലിയ വലിയ പ്രഖ്യാപനങ്ങൾ ആദ്യം തേജസ്വിയും പിന്നീട് നിതീഷും നടത്തി. അധികാരത്തിന്റെ ആനുകൂല്യത്തിൽ നിതീഷ് അത് ഉടനടി നടപ്പാക്കുകയും ചെയ്തു. നേരത്തേ സ്വമേധയായാണ് നിതീഷ് ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കുകയും സമയമെടുത്ത് നടപ്പാക്കുകയും ചെയ്തതെങ്കിൽ പ്രശാന്ത് കിഷോറിൽ നിന്നു തുടങ്ങിയ സമ്മർദത്താൽ നിർബന്ധിതമായിട്ടായിരുന്നു ഇത്തവണത്തെ പ്രഖ്യാപനവും നടപ്പാക്കലും. ഈ അതിവേഗ നടപടികളിലേയ്ക്ക് ബിഹാറിന്റെ ഭരണകൂടത്തിന് മാറേണ്ടി വരുന്നത് ജാത്യതീതമായ പരിഗണനകൾ പ്രധാനമാകാൻ തുടങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ്. മുമ്പ് ശിവസേന അന്യസംസ്ഥാനക്കാരെ ഓടിച്ചു വിടണമെന്നു പറഞ്ഞ് മണ്ണിന്റെ മക്കൾ വാദം ഉയർത്തി നിർണായക ശക്തിയായപോലെ മണ്ണിന്റെ മക്കളെ മണ്ണിലേയ്ക്ക് തിരികെ എത്തിക്കാനുള്ള പുത്തൻ ശിവസേന മോഡലാണ് പ്രശാന്ത് കിഷോർ പയറ്റുന്നതെന്ന് അല്പം കടത്തിപ്പറയാം. യാദവ അഭിമാനത്തിലേയ്ക്ക് ചുരുങ്ങിയ ഇടത്തു നിന്ന് ബിഹാറി അഭിമാനത്തിലേയ്ക്ക് സ്വന്തം നാടിനെ മാറ്റാൻ കഴിഞ്ഞെന്ന് നിതീഷ് പറയാറുണ്ട്. നിതീഷ് എത്തി നിൽക്കുന്ന തളർച്ച അഥവാ ഫറ്റീഗ് തന്നെയാണ് നിതീഷിന്റെ ഈ മുദ്രാവാക്യവും ഇപ്പോൾ നേരിടുന്നത്.

റോഡ് ഉൾപ്പെടെയുള്ള വികസനം ബിഹാറിൽ നടപ്പാക്കാൻ നിതീഷിന് കഴി‍ഞ്ഞു. അതിന് ഒരു കാരണം അതിനു വേണ്ടി ചിലവഴിക്കുന്ന പൊതുപണം പ്രബല ജാതി വിഭാഗങ്ങളിലുള്ള കോൺട്രാക്ടർ ലോബിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നതാണ്. അടുത്ത ഘട്ട വികസനം സാധ്യമാകണമെങ്കിൽ ഭൂമിയിൽ തൊടണം. പ്രബല ജാതി വിഭാഗങ്ങളുടെ മൂലധനമായ ഭൂമിയെ തൊടാൻ ലാലു തുനിഞ്ഞിട്ടില്ല. നിതീഷും തുനിഞ്ഞിട്ടില്ല. തൊട്ടാൽ കൈ പൊള്ളും എന്ന് ഇരുവർക്കും അറിയാം. എന്നാൽ അതിന്റെ പേരിൽ ബിഹാർ ആകെ പൊള്ളുന്നു എന്നാണ് പ്രത്യക്ഷമായല്ലെങ്കിലും പുത്തൻകൂറ്റുകാർ ഇപ്പോൾ പറയുന്നത്. ചിരാഗ് കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്നു വച്ച് ബിഹാറിൽ ഉപമുഖ്യമന്ത്രിയാകുമോ. അങ്ങനെ എംവൈ തന്ത്രം പുത്തൻ രീതിയിൽ നടപ്പാക്കി തുടങ്ങുമോ. തേജസ്വി-ചിരാഗ്-പ്രശാന്ത് എന്ന യുവപ്പിറവി ബിഹാറിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് ആർക്ക് പൊള്ളും, ആര് പൊള്ളിക്കും എന്നാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+