Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇല്ലാതാക്കിയത് മാവോയിസ്റ്റ് നേതാക്കളിലെ പ്രധാനിയെ; 2026 ഓടെ ലക്ഷ്യം 'മാവോയിസ്റ്റ് മുക്ത ഇന്ത്യ'

ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് കാടുകളിൽ നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയും സുപ്രീം കമാൻഡറുമായ ബസവരാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചിരിക്കുകയാണ് സുരക്ഷാ സേന. പിടികിട്ടാപ്പുള്ളികളായ മാവോയിസ്റ്റുകളുടെ പട്ടികയിലെ പ്രമുഖനാണ് കൊല്ലപ്പെട്ട ആന്ധ്ര ശ്രീകകുളം സ്വദേശി കൂടിയായ ബസവരാജു. ഇന്ത്യയിലെ സുരക്ഷാസേനയ്ക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ കൂടിയായിരുന്നു ബസവരാജു. അതുകൊണ്ട് തന്നെ ബസവരാജുവിന്റെ ഇല്ലാതാക്കിയ നടപടി മാവോയിസ്റ്റുകൾക്കെതിരായ ദീർഘകാലപോരാട്ടത്തിലെ സുപ്രധാന നാഴികകല്ലായാണ് വിലയിരുത്തപ്പെടുന്നത്.

maoist2-174

മാവോയിസത്തിലേക്ക് തിരിയുന്നത് കോളേജ് കാലത്ത്

ആന്ധ്രപ്രദേശിലെ ശ്രികകുളം ജില്ലയിലെ ജിയന്നപേട്ട ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ 1955 ലാണ് ബസവരാജുവിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവ് അധ്യാപകനായിരുന്നു. ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വാറങ്കലിലെ റീജണൽ എഞ്ചിനിയറിങ് കോളേജിൽ നിന്നാണ് ബസവരാജു ബിരുദം പൂർത്തിയാക്കുന്നത്.

കോളേജ് കാലത്താണ് ബസവരാജു തീവ്രരാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. ആദ്യം റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയനിലൂം പിന്നീട് സിപിഐ (എംഎൽ) പീപ്പിൾസ് വാറിലും പ്രവർത്തിച്ചു. 1984 ൽ എംടെക് പാതിവഴിയിൽ ഉപേക്ഷിച്ച് മാവോയിസത്തിലേക്ക് പൂർണമായും തിരിഞ്ഞു. കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ബസവരാജു ഇതോടെ അവസാനിപ്പിച്ചു.

ഗറില്ല തന്ത്രങ്ങളുടെ സൂത്രധാരൻ

ശ്രീലങ്കയിലെ എൽ ടി ടി ഇയിൽ നിന്ന് ബസവരാജു ഗറില്ല യുദ്ധ പരിശീലനം നേടിയതായാണ് റിപ്പോർട്ടുകൾ. സംഘത്തിൽ നിന്നും സ്ഫോടകവസ്തുകൾ കൈകാര്യം ചെയ്യാനും കാടുകൾ കേന്ദ്രീകരിച്ചുള്ള യുദ്ധങ്ങളിലും ഇയാൾ വൈദ്യഗ്ധ്യം നേടി. മാരകമായ പല മാവോയിസ്റ്റ് ആക്രമണങ്ങളുടേയും സൂത്രധാരൻ കൂടിയായിരുന്നു ബസവരാജു. 2010 ൽ 74 സി ആർ പി എഫ് ജവാന്മാരെ കൂട്ടക്കൊല ചെയ്ത ദന്തേവാഡ ആക്രമണത്തിന്റെ സൂത്രധാരനും ബസവരാജു ആയിരുന്നു.

മറ്റ് ആക്രമണങ്ങൾ ഇങ്ങനെ

2013 ൽ മുതിർന്ന കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മ ഉൾപ്പെടെ 27 പേരെ കൊലപ്പെടുത്തിയ ജീരം ഗാട്ടി ആക്രമണം

2003 ൽ അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന എൻ ചന്ദ്രബാബു നായിഡുവിനെതിരെ നടന്ന അലിപിരി സ്ഫോടനം

2018 ൽ ആന്ധ്രാപ്രദേശിലെ അരക്കു താഴ്‌വരയിലുള്ള ടിഡിപി എംഎൽഎ കിദാരി സർവേശ്വര റാവു, മുൻ എംഎൽഎ ശിവേരി സോമ എന്നിവരുടെ ഇരട്ടകൊലപാതകം

വിനയ്, ഗംഗണ്ണ, പ്രകാശ്, ബിആർ, ഉമേഷ്, കേശവ് തുടങ്ങി നിരവധി അപരനാമങ്ങളിൽ അറിയപ്പെട്ട ബസവരാജു കാട് കേന്ദ്രീകരിച്ചാണ് പലപ്പോഴും പ്രവർത്തിച്ചിരുന്നത്. സുരക്ഷാ സേനയുടെ കർശന പരിശോധനകളിൽ നിന്ന് നൂറ്റാണ്ടുകളോളം ഒളിച്ച് കഴിയാൻ ബസവരാജുവിന് സാധിച്ചു. മുതിർന്ന നേതാവായ ഗണപതി വിരമിച്ച ശേഷം 2018 ലാണ് സിപിഐ (മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായി ബസവരാജു ചുമതലയേൽക്കുന്നത്. മാവോയിസ്റ്റുകളുടെ പദ്ധതികളിൽ കൂടുതൽ നിയന്ത്രണം നേടാൻ ഇതുവഴി ബസവരാജുവിന് സാധിച്ചു. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ-സൈനിക നേതാവെന്ന നിലയിലാണ് ബസവരാജു പ്രവർത്തിച്ചത്.

ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട

ബസവരാജുവിന്റെ മരണം സേനയെ സംബന്ധിച്ച് വെറുമൊരു വിജയമല്ല, മറിച്ച് മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ കൃത്യവും ശക്തവുമായ ഏറ്റുമുട്ടലിന്റെ വിജയം കൂടിയായിരുന്നു. ബസവരാജുവിനെ വകവരുത്തിയ നാരായൺപൂറിലെ മാവോയിസ്റ്റ് വേട്ട ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാവോയിസ്റ്റ് ഓപ്പറേഷൻ കൂടിയാണ്.

ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ കാരേഗുട്ട മലയിലെ ഏറ്റവും അപകടകരമായ മേഖലയിൽ ഏകദേശം 24 ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ബസവരാജു ഉൾപ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചത്. പ്രധാനപ്പെട്ട ഗറില്ല കേന്ദ്രങ്ങൾ തകർത്തും മുതിർന്ന മാവോയിസ്റ്റ് നേതാക്കളെ വധിച്ചും ശക്തമായ സന്ദേശമാണ് സേന നൽകിയിരിക്കുന്നത്.

അഭിനന്ദിച്ച് പ്രധാനമന്ത്രി

മാവോയിസ്റ്റ് വേട്ടയിൽ സുരക്ഷ സേനയെ പ്രത്യേകിച്ച് ഛത്തീസ്ഗഡ് പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിനെ (ഡിആർജി) പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അളവറ്റ് പ്രശംസിച്ചിരുന്നു. മഹത്തായ വിജയം എന്നായിരുന്നു മോദി ഇതിനെ വിശേഷിപ്പിച്ചത്. മാവോയിസ്റ്റുകളെ തുരത്താനും മാവോയിസ്റ്റ് ഭീഷണികൾ നിലനിൽക്കുന്ന പ്രദേശത്ത് സമാധാനം കൊണ്ടുവരാനുമുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്യത്തെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷം എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. തീവ്രവാദത്തെ രാജ്യം വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയിൽ കണ്ടെത്തിയത്

ഏപ്രിൽ 21 നായിരുന്നു മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷന് സുരക്ഷ സേന തുടക്കം കുറിച്ചത്. മെയ് 11 വരെ 1,200 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന വനപ്രദേശങ്ങളിലായി 21 ഏറ്റുമുട്ടലുകളാണ് നടന്നത്. കഠിനമായ സാഹചര്യമാണ് സുരക്ഷ സേന നേരിട്ടത്. ഏകദേശം 450 ൽ ഐഇഡികളാണ് സേന നേരിട്ടത്. ഇതിൽ 15 എണ്ണത്തോളം പൊട്ടിത്തെറിക്കുകയും 18 ഓളം ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. 45 ഡിഗ്രി സെൽഷ്യസ് ചൂടിലും ദുർഘടമായ ഭൂപ്രകൃതിയിലും ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടും കൂടിയാണ് ജവാൻമാർ പ്രവർത്തിച്ചത്.

ഓപ്പറേഷന് വേണ്ടി മലമുകളിൽ പ്രത്യേക ഹെലിപാഡും ബേസ് ക്യാമ്പും സജ്ജമാക്കിയിരുന്നു. ശക്തമായ പരിശോധനയായിരുന്നു സേനയുടെ നേതൃത്വത്തിൽ മേഖലയിൽ നടന്നത്. പരിശോധനയിൽ 216 മാവോയിസ്റ്റ് രഹസ്യ കേന്ദ്രങ്ങൾ സേന കണ്ടെത്തി. ഒരു സ്നിപ്പർ റൈഫിൾ ഉൾപ്പെടെ 35 ലധികം ആയുധങ്ങൾ സേന കണ്ടെടുത്തു. ബിജിഎൽ ഷെല്ലുകൾ, ഐഇഡികൾ, മറ്റ് മാരക ആയുധങ്ങൾ എന്നിവ നിർമ്മിക്കുന്ന മാവോയിസ്റ്റ് സങ്കേതങ്ങളും നശിപ്പിക്കാൻ സേനയ്ക്ക് സാധിച്ചു.

ഏകദേശം 818 ഷെല്ലുകളും 899 ഡിറ്റൊനേറ്റിങ് കോഡുകൾ, കൂടാതെ നിരവധി സ്ഫോടക വസ്തുക്കളും തിരച്ചിലിൽ കണ്ടെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ദിവസേന ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഉൾപ്പെടെ പരിശോധനയിൽ ലഭിച്ചു. മേഖല ശക്തമായ മാവോയിസ്റ്റ് ക്യാമ്പാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്തരം കണ്ടെത്തലുകൾ.

ശക്തി കേന്ദ്രത്തിന്റെ തകർച്ച

കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ് 60 കിലോ മീറ്ററോളം വ്യാപിച്ച് കിടക്കുന്ന കരേഗട്ടലു മലയിൽ മാവോയിസ്റ്റുകൾ നിലയുറപ്പിച്ചത്. പി‌എൽ‌ജി‌എയുടെ സാങ്കേതിക വിഭാഗത്തിൽ നിന്ന് ഉൾപ്പെടെയുള്ള 300-350 സായുധ കേഡറുകൾ മേഖലയിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഈ കേന്ദ്രങ്ങളെല്ലാം തന്നെ നിലംപരിശാക്കിയെന്നാണ് സുരക്ഷ സേന ഇപ്പോൾ അവകാശപ്പെടുന്നത്.

രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വിപുലവും ഏകോപിതവുമായി ആക്രമണമാണ് നടന്നതെന്ന് സിആർപിഎഫ് ഡിജിപി ജിപി സിംഗ് പറഞ്ഞു. തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന അവരുടെ വിശ്വാസമാണ് ഇതിലൂടെ പൂർണമായി തകർന്നിരിക്കുന്നതെന്ന് ഛത്തീസ്ഗഡ് ഡിജിപി അരുൺ ദേവ് ഗൗതവും പ്രതികരിച്ചു.

സമാധാന ചർച്ചയ്ക്ക് സന്നദ്ധരെന്ന്

ഓപ്പറേഷന് പിന്നാലെ തന്നെ 26 അംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കി മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗവും വക്താവുമായ അഭയ് പ്രസ്താവന പുറത്തിറക്കിയിരുന്നു. സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ചു. ചർച്ചകൾ സംബന്ധിച്ച് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും അഭയ് ആവശ്യപ്പെട്ടു. ഇത്രയും വലിയ ആക്രമണങ്ങൾ നേരിട്ട ശേഷം ഇത്തരത്തിൽ മാവോയിസ്റ്റുകൾ പ്രതികരിക്കുന്നത് അപൂർവ്വമാണെന്ന് സേന പറയുന്നു.

2014 മുതൽ മാവോയിസ്റ്റുകൾക്കെതിരായ നടപടികൾ സുരക്ഷ സേന ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനം ,മികച്ച സാങ്കേതിക വിദ്യ, സംയുക്ത ദൗത്യങ്ങൾ എന്നിവ സുരക്ഷ സേന നടപ്പാക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ ഇങ്ങനെ

2014 ൽ 76 മാവോയിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 42 ആയി കുറഞ്ഞു

സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണനിരക്ക് 2014 ലെ 88 ൽ നിന്ന് 2024 ആയപ്പോഴേക്കും 19 ആയി.

കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം കുത്തനെ കൂടി. 2014 ൽ 928 പേരാണ് കീഴടങ്ങിയതെങ്കിൽ 2025 ആയപ്പോഴേക്കും 700 പേരാണ് കീഴടങ്ങിയത്

മാവോയിസ്റ്റ് ഏറ്റുമുട്ടലുകളും വർധിച്ചു. 2025 തുടങ്ങി ആദ്യ നാല് മാസത്തിനുള്ളിൽ 197 മാവോയിസ്റ്റുകളെയാണ് സേന ഇല്ലാതാക്കിയത്.

സമാന്തരമായി വികസന പ്രവർത്തനങ്ങളും മാവോയിസ്റ്റ് ബാധിത മേഖലയിൽ നടപ്പാക്കുന്നുണ്ട്. എൽഡബ്ല്യുഇ ബാധിത പ്രദേശങ്ങളിൽ 320 ലധികം സുരക്ഷ ക്യാമ്പുകളും 68 നൈറ്റ് ലാൻഡിങ് ഹെലിപാഡുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ, റോഡുകൾ ,മൊബൈൽ കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും മേഖലയിൽ വികസിപ്പിച്ചു.

സാമ്പത്തിക സ്രോതസുകൾ തടഞ്ഞു

മാവോയിസ്റ്റുകൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്ന സ്രോതസുകൾ സുരക്ഷ ഏജൻസിയായ എൻഐഎയും സംസ്ഥാന അന്വേഷണ ഏജൻസികളും ചേർന്ന് ഇല്ലാതാക്കി. അതേസമയം കുട്ടികളെ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന നടപടിയെ ഉദ്യോഗസ്ഥർ അപലപിച്ചു. ബാലസംഘം, ചേതന നാട്യ മണ്ഡലി തുടങ്ങിയ ഗ്രൂപ്പുകൾ വഴിയാണ് ഇവർ കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. ആദ്യം സന്ദേശവാഹകരായാണ് ഉപയോഗപ്പെടുത്തുക . പിന്നീട് ഇവർക്ക് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നതാണ് രീതിയെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

2026 ഓടെ പൂർണമായും തുടച്ച് നീക്കും

മാവോയിസ്റ്റുകൾക്കെതിരായ നടപടികൾ കടുപ്പിച്ചതോടെ ചെറിയ സംഘങ്ങളായാണ് ഇപ്പോൾ ഇവരുടെ പ്രവർത്തനം. ഇനി അവശേഷിക്കുന്ന നേതാക്കളെ പിടികൂടുകയോ അല്ലെങ്കിൽ കീഴടങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന നടപടികൾ തുടരുകയാണ് സേന. 2026 ഓടെ മാവോയിസ്റ്റ് ഭീഷണിയെ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇപ്പോഴത്തെ ഓപ്പറേഷനുകൾ തന്ത്രപരമായ വിജയം മാത്രമല്ല മറിച്ച മാനസികമായ ഒരു വഴിത്തിരിവ് കൂടിയാണെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. അതായത് തങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന മാവോയിസ്റ്റ് ധാരണകളെയാണ് ഇത് തകർത്തത്. ഇന്ത്യയുടെ ഹൃദയഭാഗത്ത് മാവോയിസ്റ്റുകൾ ഇല്ലാത്ത ഒരു ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+