'നരേന്ദ്ര മോദിക്കെതിരെ നിങ്ങൾ ചെളി വാരി എറിയുന്തോറും താമര വിരിയും'; അമിത് ഷാ
കോൺഗ്രസിന് തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു ഫോർമുല പോലും ഇല്ലെന്നും അമിത് ഷാ പരിഹസിച്ചു.

മോദി മാജിക് രാജ്യത്ത് എവിടേയും പ്രവർത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദൂരദർശിനിയിൽ തിരഞ്ഞാൽ പോലും പാർട്ടിയെ കാണാത്ത വിധം ദയനീയമായ തോൽവിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേരിട്ടതെന്നും ഷാ പരിഹസിച്ചു. കർണാടകയിലെ ബിദാറിൽ ബിജെപി പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാ.
ത്രിപുരയിൽ നാല് സീറ്റും മേഘാലയയിൽ മൂന്ന് സീറ്റുമാണ് കോൺഗ്രസിന് ലഭിച്ചത്. നാഗാലാൻഡിൽ അക്കൗണ്ട് തുറക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. അങ്ങനെയൊരു പാർട്ടിക്ക് കർണാടകയിൽ അധികാരം ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഗുജറാത്ത്, ഉത്തർപ്രദേശ് അല്ലെങ്കിൽ കർണാടക എന്നിങ്ങനെ ഇന്ത്യയിലെ എല്ലായിടത്തും മോദി മാജിക് പ്രവർത്തിക്കും', അമിത് ഷാ പറഞ്ഞു. കോൺഗ്രസിന് തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു ഫോർമുല പോലും ഇല്ലെന്നും അമിത് ഷാ പരിഹസിച്ചു.
'കോൺഗ്രസ് നേതാക്കൾക്ക് തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനെ കുറിച്ച് യാതൊരു ഫോർമുലയും ഇല്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ സൽപ്പേര് അനുദിനം കുറഞ്ഞുവരികയാണ്. മോദിയുടെ ശവകുടീരം കുഴിക്കുമെന്ന മുദ്രാവാക്യമാണ് ഇവർ ഉയർത്തുന്നത്. എഎപി നേതാക്കൾ മോദിയോട് മരിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹം അനുഭവിക്കുന്ന മോദിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.. മോദിക്ക് നേരെ നിങ്ങൽ എത്രത്തോളം ചെളിവാരിയെറിയുന്നോ, അത്രത്തോളം താമര വിരിയും', ഷാ പറഞ്ഞു.
സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തെ വളരെ മോശമായാണ് കോൺഗ്രസ് കൈകാര്യം ചെയ്തതെന്നും ഷാ വിമർശിച്ചു.മുൻ മുഖ്യമന്ത്രി നിജലിംഗപ്പയുടെ ഭാവി നശിപ്പിച്ചയാളാണ് ഇന്ദിരാഗാന്ധി .രാജീവ് ഗാന്ധി മുൻ മുഖ്യമന്ത്രി ബി.വീരേന്ദ്ര പാട്ടീലിനെ വിമാനത്താവളത്തിൽ വെച്ച് അപമാനിച്ചയാളാണ്.ഇനി രാഹുലിന്റെ ഊഴമാണ്. ബിജെപിക്ക് മാത്രമേ കർണാടകയെ ബഹുമാനിക്കാൻ കഴിയൂ.ബി.എസ്. യെദ്യൂരപ്പയുടെ ജന്മദിനാഘോഷം മോദി പങ്കെടുത്തിരുന്നു.യെദ്യൂരപ്പയുടെ ജീവിതം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയ മോദി, പ്രായമായവരും വലിയവരും ജനപ്രീതിയുള്ളവരുമായ രാഷ്ട്രീയ നേതാക്കളെ എത്രമാത്രം പരിഗണിക്കുന്നുവെന്നതിൻറെ തെളിവാണ്', ഷാ പറഞ്ഞു.












Click it and Unblock the Notifications