ത്രിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഗുജറാത്തില്‍; കൂടെ ഡബ്ല്യുഎച്ച്ഒ മേധാവിയും
അഹമ്മദാബാദ്; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ എത്തും. ഗാന്ധിനഗർ, ബനസ്‌കന്ത, ജാംനഗർ, ദാഹോദ് എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. നിരവധി വികസന പദ്ധതികൾക്ക് മോദി തറക്കല്ലിടും എന്നും വൃത്തങ്ങൾ അറിയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് ഗെബ്രിയേസസും മോദിക്കൊപ്പം ചില പരിപാടികളിൽ പങ്കെടുക്കും.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ (ജിസിടിഎം) ന്റെ തറക്കല്ലിടൽ ചടങ്ങിനായി തിങ്കളാഴ്ച എത്തുന്ന ടെഡ്രോസ് ആ രാത്രി രാജ്കോട്ടിൽ ചിലവഴിക്കും. പിന്നീട് ചൊവ്വാഴ്ച ജാംനഗറിൽ എത്തുന്ന ഇദ്ദേഹം മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും. മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്തും തിങ്കളാഴ്ച രാജ്‌കോട്ടിൽ എത്തും. അതേ സമയം തിങ്കളാഴ്ച ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി വിദ്യാ സമീക്ഷ കേന്ദ്രം സന്ദർശിക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സംവദിക്കാനും മോദി സമയം ചിലവഴിക്കും.

ബനസ്‌കന്തയിലെ പുതിയ ഡയറി കോംപ്ലക്‌സിന്റെയും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച പ്രധാനമന്ത്രി നിർവ്വഹിക്കും. "ഈ രണ്ട് പദ്ധതികളും പ്രാദേശിക കർഷകരെ ശാക്തീകരിക്കുന്നതിന് സംഭാവന നൽകും" പ്രധാനമന്ത്രി പറഞ്ഞു. 600 കോടിയിലധികം രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്. ഇതിന് പുറമെ കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കർഷകർക്ക് നൽകുന്നതിനായി സ്ഥാപിച്ച ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനും അദ്ദേഹം നാടിന് സമർപ്പിക്കും. 1700 ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം കർഷകരുമായി റേഡിയോ സ്റ്റേഷൻ വഴി അദ്ദേഹം ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ "കൂടുതൽ ആഗോള ആരോഗ്യത്തിനായി പരമ്പരാഗത വൈദ്യശാസ്ത്രം ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരും" പ്രധാനമന്ത്രി പറഞ്ഞു. ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടക്കുന്ന ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതേ ദിവസം തന്നെ ദാഹോദിൽ നടക്കുന്ന ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാനായി നടത്തുന്ന ആദിവാസി മഹാ സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുക്കും. ഇവിടെ ഏകദേശം 22,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടും എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications