വിവാഹമോചനത്തിന് കാരണം മൂന്നാമതൊരാള്‍; നിങ്ങളുടെ വെളിച്ചം എന്റെ ജീവിതത്തെ ഇരുട്ടിലാക്കി: രവി മോഹനെതിരേ ഭാര്യ
തമിഴ് സിനിമാ ലോകത്തെ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച നടന്‍ രവി മോഹന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതാണ്. 15 വര്‍ഷത്തെ ദാമ്പത്യമാണ് രവി മോഹനും ആരതിയും കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രവി മോഹനും ആരതിയും സമൂഹ മാധ്യമങ്ങളില്‍ രംഗത്ത് വരികയും ചെയ്തു. തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്‌തെന്ന് രവി മോഹന്‍ കുറ്റപ്പെടുത്തുമ്പോള്‍ കുട്ടികളെ പോലും നടന്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരതിയും ആരോപിക്കുന്നു.
ഇരുവരെയും ഒന്നിപ്പിക്കാന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും ഫലപ്രദമായില്ല. അതിനിടെ രവി മോഹന്‍ ഒരു വിവാഹച്ചടങ്ങില്‍ കെനീഷ ഫ്രാന്‍സിസ് എന്ന ഗായികയ്‌ക്കൊപ്പം എത്തിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇക്കാര്യം രവി മോഹന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തന്റെ ജീവിതത്തിലെ 'രക്ഷക' ആണെന്ന തരത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ ആരതി പങ്കുവെച്ച കുറിപ്പ് വീണ്ടും തമിഴകത്ത് ചര്‍ച്ചയാവുകയാണ്.

തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ മൂന്നാമതൊരു വ്യക്തിയെ കുറ്റപ്പെടുത്തിയാണ് ഇക്കുറി ആരതി രവി സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ഒരുപാടു കാലം ചൂഷണം അനുഭവിച്ചതായി വെളിപ്പെടുത്തിയ രവി മോഹന്‍ എന്തുകൊണ്ട് നേരത്തെ ഈ വിവാഹ ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോയില്ലെന്നും ആരതി ചോദിക്കുന്നു. അതേസമയം, പണമോ പ്രശസ്തിയോ അടക്കമുള്ള കാരണങ്ങള്‍ വിവാഹമോചനത്തിന് കാരണമായി എന്ന ആരോപണങ്ങളും ആരതി നിഷേധിച്ചു
ഇപ്പോള്‍ നടനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കെനീഷയുടെ പേരെടുത്തു പറയാതെയാണ് ആരതി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 'ഞങ്ങളുടെ ദാമ്പത്യത്തില്‍ ഒരു മൂന്നാമന്‍ ഉണ്ട്. ഞങ്ങളുടെ ജീവിതം തകര്‍ത്തത് പുറത്ത് നിന്നുള്ള ഒരാളായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ 'വെളിച്ചം' നമ്മുടെ ജീവിതത്തില്‍ ഇരുട്ടു കൊണ്ടുവന്നു. അതാണ് സത്യം - ആരതിയുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്
ഇത് കെനീഷയെ ഉദ്ദേശിച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട് കാരണം കഴിഞ്ഞ ദിവസം രവിമോഹന്‍ തങ്ങളുടെ വിവാഹമോചനം സംബന്ധിച്ച് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ കെനീഷയെ തന്റെ ജീവിതത്തിലെ വെളിച്ചമെന്ന് വിശേഷിപ്പിച്ചിരുന്നു ഇതാണ് ആരതി പരോക്ഷമായി സൂചിപ്പിച്ചത്.
രവി മോഹന്‍ മുന്‍കൈയെടുത്താണ് വിവാഹമോചനം ഫയല്‍ ചെയ്തത്. കേസ് ഫയല്‍ ചെയ്യുമ്പോള്‍ തന്നെ മൂന്നാമൊതു വ്യക്തി ചിത്രത്തില്‍ ഉണ്ടായിരുന്നുവെന്നും ആരതി ആരോപിക്കുന്നു. പഴ്‌സ് പോലും കൈയിലെടുക്കാതെ എല്ലാം വിട്ടെറിഞ്ഞാണ് താന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന രവി മോഹന്റെ വാദത്തെയും ആരതി എതിര്‍ത്തു. താന്‍ അദ്ദേഹത്തെ നാടുകടത്തിയതല്ല, അദ്ദേഹം പൂര്‍ണ ബോധ്യത്തോടെയും ശാന്തതയോടെയുമാണ് ഇറങ്ങിപോയത്. തന്റെ ബ്രാന്‍ഡഡ് വസ്ത്രങ്ങളും വിലപിടിപ്പുള്ളതെല്ലാം എടുത്തുകൊണ്ട് - ഇന്‍സ്റ്റഗ്രാമിലാണ് ആരതി തന്റെ പോസ്റ്റ് പങ്കുവെച്ചത്.












Click it and Unblock the Notifications