'വർഗസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേട്', തളരാതെ പൊരുതിയ കർഷകരെ അഭിവാദ്യം ചെയ്ത് പിണറായി
തിരുവനന്തപുരം: കാർഷിക നിയമങ്ങൾ പിൻവലിക്കാനുളള കേന്ദ്ര സർക്കാർ തീരുമാനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറിച്ചു. തളരാതെ പൊരുതിയ കർഷകരെ പിണറായി വിജയൻ അഭിവാദ്യം ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: '' ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു''.

സംസ്ഥാന മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കമുളളവർ സമര വിജയത്തെ അഭിവാദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്: ധനമന്ത്രി പി രാജീവിന്റെ പ്രതികരണം: '' ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക സമരം വിജയിച്ചത് ആവേശകരമാണ്. 2020 നവംബർ 26ന് ആരംഭിച്ച ഈ സമരത്തിനിടയിൽ നിരവധി ചർച്ചകൾ നടന്നിരുന്നെങ്കിലും കർഷകർ ഉന്നയിച്ച പ്രധാന ആവശ്യമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന കാര്യത്തിൽ നിഷേധാത്‌മക നിലപാടായിരുന്നു കേന്ദ്രസർക്കാർ പുലർത്തിയിരുന്നത്. ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന നിലപാട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
650ലധികം കർഷകർ രക്തസാക്ഷികളായ ഈ പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് കേരളം പ്രമേയം പാസാക്കിയിരുന്നു. എല്ലായ്പ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന നിലപാട് എൽഡിഎഫ് സർക്കാരും നിയമസഭയും കൈക്കൊണ്ടു. യശസ്സുയർത്തിപ്പിടിച്ചുകൊണ്ട് ഈ പോരാട്ടം അവസാനിപ്പിക്കാനായതിൽ കർഷകർക്ക് അഭിമാനിക്കാം. എല്ലാ ഏകാധിപത്യ പ്രവണതയും അവസാനിക്കുന്നത് ജനതയുടെ ഇച്ഛാശക്തിയിലും സമർപ്പണത്തിലും തന്നെയായിരിക്കുമെന്ന് ഈ പ്രക്ഷോഭ വിജയം ഊട്ടിയുറപ്പിക്കുന്നു''.
മുൻമന്ത്രി ഇപി ജയരാജൻ: '' ഇന്ത്യൻ കർഷകന്റെ സമര വീര്യത്തിനു മുന്നിൽ കേന്ദ്ര ഗവൺമെന്റ് മുട്ടുമടക്കിയിരിക്കുന്നു. സർക്കാരിന്റെ അധികാരഗർവ്വിനെയും കോർപ്പറേറ്റുകളുടെ നിക്ഷിപ്ത താൽപര്യങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ കർഷകന്റെ സഹനസമരത്തിന് സാധിച്ചിരിക്കുന്നു. ഒരു വർഷമായി കർഷകർ നടത്തി വരുന്ന സമരത്തിന്റെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്. വരാനിരിക്കുന്ന കാലത്തെ തൊഴിലാളി കർഷക ഐക്യത്തിന്റെ നാന്ദിയാണ് ഈ സമരവിജയം. അടിച്ചമർത്തപ്പെടുന്നവന്റെ ജീവിതസമരത്തിന് പിൻമടക്കമില്ലെന്ന് കാലം ആവർത്തിച്ച് അടിവരയിടുന്നു. സമരത്തിൽ ജീവൻ ബലിയർപ്പിച്ചവർക്കും സമര പോരാളികൾക്കും പിന്തുണച്ച ജനവിഭാഗങ്ങൾക്കും അഭിവാദ്യങ്ങൾ''.

മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ: '' കർഷക സമര പോരാട്ടത്തിന് ഉജ്വല വിജയം. പോരാളികൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. കർഷക വിരുദ്ധമായ മൂന്ന് നിയമങ്ങളും പിൻവലിച്ച് കേന്ദ്രം. നിശ്ചയദാർഢ്യത്തോടെ പോരാടിയ കർഷകസമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ. സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും സംഘടിതമായ സമരം ദില്ലി നഗരത്തിൻ്റെ തെരുവീഥികളെ അക്ഷരാർഥത്തിൽ സമരഭൂമിയാക്കി. ഫാസിസ്റ്റ് സമീപനം സ്വീകരിച്ച കേന്ദ്ര സർക്കാറിന് മുന്നിൽ മുട്ടുമടക്കാതെ പോരാട്ടം നയിച്ചവർക്ക്, ജീവിതം കൊണ്ടും ജീവരക്തം കൊണ്ടും സമരഭൂമിയിൽ അടയാളം വച്ച രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ''
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ: '' കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനം കര്‍ഷകരുടെ വിജയമാണ്. കര്‍ഷക സമരം കേന്ദ്രഭരണത്തിന്റെ ധാര്‍ഷ്ട്യത്തെ പരാജയപ്പെടുത്തി. ഇത് എല്ലാ അര്‍ത്ഥത്തിലും കര്‍ഷകരുടെ വിജയമാണ് ; കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ്. സമരത്തിനിടെ 700 ഓളം കര്‍ഷകര്‍ മരിച്ചുവീണു. കര്‍ഷക സമരത്തിനു മുന്നില്‍ കേന്ദ്രത്തിനു മുട്ടുമടക്കേണ്ടി വന്നു.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ: '' പൊരുതി നേടിയതാണ് ഈ വിജയം. 650ലധികം സമരപോരാളികളാണ് രക്തസാക്ഷിത്വം വരിച്ചത്. പതിനായിരങ്ങൾക്കാണ് ഭരണകൂട ഭീകരതക്ക് ഇരയായി ഗുരുതര പരിക്കുകൾ പറ്റിയത്. ജനകീയ വിപ്ലവത്തെ അടിച്ചമർത്താൻ പുറപ്പെടുമ്പോൾ അവർ ചരിത്രം മറന്നു. ഫാസിസ്റ്റ് കോട്ടകൾ എന്നും തൊഴിലാളിവർഗത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞിട്ടേയുള്ളൂവെന്ന ചരിത്രം. കർഷകരുടെയും തൊഴിലാളികളുടെയും സമര പോരാട്ടങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ.
സമരപോരാളികൾക്കും ആൾ ഇന്ത്യാ കിസാൻ സഭക്കും സംയുക്ത കർഷക സമര സമിതിക്കും അഭിവാദ്യങ്ങൾ''












Click it and Unblock the Notifications