2000 രൂപയുടെ നോട്ടുകള്‍ ഇനിയില്ല, രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഓഫ്
ദില്ലി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപയുടെ നോട്ടുകളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.നിലവില്‍ ആളുകളുടെ കയ്യിലുളള 2000 രൂപ നോട്ടുകള്‍ക്ക് നിയമസാധുത ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 30 വരെ ഈ 2000 രൂപ നോട്ടുകള്‍ വിനിമയം നടത്താന്‍ സാധിക്കും.
ഇനി 2000 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചതായി റിസര്‍വ്വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ 19 പ്രാദേശിക ഓഫീസുകളിലും മറ്റ് ബാങ്കുകളിലുമായി മെയ് 23 മുതല്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ആളുകള്‍ക്ക് മാറ്റിയെടുക്കാവുന്നതാണ്.

സെപ്റ്റംബര്‍ 30 വരെ ഇത്തരത്തില്‍ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയും മാറ്റിയെടുക്കുകയും ചെയ്യാനുളള അവസരമുണ്ട്. ഒരു ബാങ്കില്‍ നിന്നും പരമാവധി മാറിയെടുക്കാന്‍ സാധിക്കുന്ന തുകയെന്നത് 20,000 രൂപയാണ്. നിലവില്‍ രാജ്യത്ത് വിനിമയിത്തിലുളള 2000ത്തിന്റെ നോട്ടുകളില്‍ കൂടുതലും 2017 മാര്‍ച്ചിന് മുന്‍പായി അച്ചടിച്ചയാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
അതുകൊണ്ട് തന്നെ നിലവിലുളള 2000ത്തിന്റെ നോട്ടുകളില്‍ 89 ശതമാനവും ഉപയോഗിക്കാനാകില്ലെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ നോട്ടുകളുടെ കാലാവധി കഴിഞ്ഞത് കൊണ്ടാണ് ഇവ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും ആര്‍ബിഐ പറയുന്നു.
2016ലാണ് റിസര്‍വ് ബാങ്ക് ആദ്യമായി രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകള്‍ പുറത്തിറക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കാനുളള നിര്‍ണായക തീരുമാനമെടുത്തിനെ തുടര്‍ന്നായിരുന്നു രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുടെ വരവ്. നവംബര്‍ 8ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത്.
നോട്ട് നിരോധനം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ 500ന്റെയോ 1000ത്തിന്റെയോ നോട്ടുകള്‍ പോലെ നിലവില്‍ 2000ത്തിന്റെ നോട്ടുകള്‍ രാജ്യത്ത് വിനിമയത്തില്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ ഈ നോട്ടുകള്‍ പിന്‍വലിക്കുന്നത് വലിയ തോതില്‍ ബാധിക്കില്ലെന്നുമാണ് വിലയിരുത്തുന്നത്. 2000ത്തിന്റെ നോട്ടുകളുടെ അച്ചടി സര്‍ക്കാര്‍ കുറച്ച് കൊണ്ടുവന്നിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2000ത്തിന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അച്ചടിച്ചിട്ടില്ല.












Click it and Unblock the Notifications