ആർഎസ്എസ് മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കില്ല; നിതിൻ ഗഡ്കരി
പൂനെ; രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളോട് വിവേചനം കാണിക്കാറില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൂനെയിലെ സിൻഹഗഡ് ഏരിയയിൽ ഒരു ചാരിറ്റബിൾ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്. വർഷങ്ങൾ മുമ്പ് വ്യവസായി രത്തൻ ടാറ്റയുമായി നടന്ന ഒരു സംഭവം ഓർത്ത് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സർക്കാരിൽ ഗഡ്കരി മന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു സംഭവം നടന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പേരിലുള്ള ഔറംഗബാദിലെ ആശുപത്രി ഉദ്ഘാടനത്തിന് രത്തന്‍ ടാറ്റയെ കൊണ്ടുവരണമെന്ന് നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഞങ്ങൾ ടാറ്റയുമായി ബന്ധപ്പെടുകയും ചെയ്തു. രാജ്യത്തെ പാവപ്പെട്ടവർക്ക് ക്യാൻസർ പരിചരണം നൽകുന്നതിൽ ടാറ്റ കാൻസർ ഹോസ്പിറ്റലിന്റെ സംഭാവനകൾ ചൂണ്ടിക്കാട്ടി ആശുപത്രി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തുടർന്ന് ഉദ്ഘാടനത്തിന് എത്താം എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

ആശുപത്രിയിൽ എത്തിയപ്പോൾ ടാറ്റ തന്നോട് ചോദിച്ചു. "ഈ ആശുപത്രി ഹിന്ദു സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് മാത്രമാണോ എന്ന്". ഞാൻ അദ്ദേഹത്തോട് ചോദിച്ചു, 'എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത്'. ഇത് ആര്‍എസ്എസ് ആശുപത്രിയാണല്ലോ എന്നാണ് അദ്ദേഹം എനിക്ക് മറുപടി നല്‍കിയത്. എന്നാൽ ഇത് ഹിന്ദുക്കൾക്ക് മാത്രമുള്ളതല്ല എന്നും എല്ലാ മതസ്ഥര്‍ക്കും വേണ്ടിയുള്ളതാണെന്നും ഞാൻ പറഞ്ഞു. ആര്‍എസ്എസ് മതത്തിന്റെ പേരിൽ ജനങ്ങളോട് വിവേചനം കാണിക്കില്ലെന്നും ഞാന്‍ രത്തന്‍ ടാറ്റയോട് പറഞ്ഞു'. കേന്ദ്ര മന്ത്രി അനുഭവം പങ്കുവെച്ചു. തുടർന്ന് താൻ ടാറ്റയോട് നിരവധി കാര്യങ്ങൾ വിശദീകരിച്ചെന്നും അദ്ദേഹത്തിന്റെ തെറ്റിധാരണകൾ മാറാൻ അത് സഹായകമായെന്നും സന്തോഷവാനായാണ് അദ്ദേഹം ചടങ്ങിൽ നിന്ന് മടങ്ങിയതെന്നും മന്ത്രി വിശദീകരിച്ചു.
അതേ സമയം ഇന്ധനവില ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്ന നിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 2023-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് അന്ന് മന്ത്രി അറിയിച്ചിരുന്നത്. ഇലക്ട്രിക് കാറുകള്‍ക്കായി പുതിയ സാങ്കേതികവിദ്യകളുടെയും ഗ്രീന്‍ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സാഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications