ഹോട്ട്‌സ്‌പോട്ടുകള്‍ കുറയുന്ന സംസ്ഥാനങ്ങള്‍ക്ക് ഏപ്രില്‍ 20ന് ശേഷം ഇളവ്, നിബന്ധനകള്‍ക്ക് വിധേയം
ദില്ലി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് മേയ് 3വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിനൊപ്പം പ്രധാനമന്ത്രി ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചില ഇളവുകള്‍ രണ്ടാം ഘട്ടത്തില്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇളവുകള്‍ ഏപ്രില്‍ 20ന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.

കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്കാണ് ഉപാധികളോട് ഇളവുകള്‍ അനുവദിക്കുക. എല്ലാ ഇളവുകളും നിബന്ധനകളുടെ വിധേയമായിരിക്കും. എന്നാല്‍ ഏതെങ്കിലും തരത്തില്‍ സാഹചര്യത്തില്‍ മാറ്റമുണ്ടായാല്‍ ഇളവുകള്‍ പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഹോട്ട് സ്‌പോട്ടുകള്‍ കുറയുന്ന സംസ്ഥാനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ പുനരാരംഭിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ തുടരുന്നത് കര്‍ഷകരെയും ദിവസവേതനക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതുകൊണ്ട് കര്‍ഷകരെ ബാധിക്കാത്ത രീതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോട് ഉടമകള്‍ കരുണയോടെ പെരുമാറണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം, കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌണ്‍ പാലിച്ച ജനങ്ങള്‍ക്ക് നന്ദി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Recommended Video
ലോക്ക് ഡൗണും സാമൂഹ്യ അകലം പാലിച്ചതുമാണ് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് സഹായിച്ചിരിക്കുന്നത്. സാമ്പത്തികമായി അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല അതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരമായി കേന്ദ്രം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications