'സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഉറച്ച ശബ്ദം'; അരുന്ധതി റോയിക്ക് പെൻ പിന്‍റർ പുരസ്കാരം
എഴുത്തുകാരിയും മലയാളിയുമായ അരുന്ധതി റോയിക്ക് പെൻ പിന്‍റർ പുരസ്കാരം. നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്‍ററിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പെന്‍ പിന്‍റർ പുരസ്‌കാരം. പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശ വിഷയങ്ങളും ഉയർത്തിക്കാട്ടി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിക്കുന്നത്. ഒക്ടോബർ 10 ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ അരുന്ധതി റോയിക്ക് പുരസ്കാരം സമർപ്പിക്കും. തുടർന്ന് ചടങ്ങിൽ അരുന്ധതി റോയ് പ്രഭാഷണം നടത്തും.
'2024-ലെ പെൻ പിന്‍റർ സമ്മാനം നേടിയ അരുന്ധതി റോയിക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ. റോയ് അനീതിയെ കുറിച്ച് വിവേകത്തോടെയും നർമ്മത്തിൽ പൊതിഞ്ഞുമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയെ കുറിച്ചാണ് പ്രധാനമായി സംസാരിക്കുന്നതെങ്കിലും അവർ ഒരു അന്താരാഷ്ട്രമായി ചിന്തിക്കുന്ന വ്യക്തിയാണ്. അവരുടെ ശബ്ദം നിശബ്ദമാക്കാനാകില്ല',
ഇംഗ്ലീഷ് പെൻ ചെയർ റൂത്ത് ബോർത്ത്‌വിക്ക് പറഞ്ഞു. ഏതാണ്ട് മുപ്പത് വർഷമായി വ്യക്തതയോടും നിശ്ചയദാർഢ്യത്തോടും കൂടി നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഉറച്ച ശബ്ദമായി അവർ നിലകൊള്ളുകയാണെന്ന് ജൂറി അംഗം നടൻ ഖാലിദ് അബ്ദല്ല പ്രതികരിച്ചു.

2009 ലാണ് പെൻ പുരസ്കാരം ഏർപ്പെടുത്തിയത്. യുകെ, റിപ്പബ്ലിക് ഓഫ് അയർലൻഡ് അല്ലെങ്കിൽ കോമൺവെൽത്ത് എന്നിവിടങ്ങളിൽ താമസിക്കുന്ന മികച്ച സാഹിത്യ യോഗ്യതയുള്ള എഴുത്തുകാരനാണ് പുരസ്കാരം സമ്മാനിക്കാറുള്ളത്.മൈക്കൽ റോസൻ, മാർഗരറ്റ് അറ്റ്‌വുഡ്, മലോറി ബ്ലാക്ക്‌മാൻ, സൽമാൻ റുഷ്ദി, ടോം സ്റ്റോപ്പാർഡ്, കരോൾ ആൻ ഡഫി എന്നിവരാണ് മുമ്പ് അവാർഡ് നേടിയവർ. ഇംഗ്ലീഷ് പെൻ ചെയർ റൂത്ത് ബോർത്ത്‌വിക്ക്, , എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു ഈ വർഷത്തെ അവാർഡ് ജൂറി.












Click it and Unblock the Notifications