"സ്ത്രീകളുടെ ജീവിതത്തിന്റെ ശക്തി അവൾ തന്നെയാണ്"- നൈകയുടെ ഉടമ ഫാൽഗുനി നയ്യാർക്കും പറയാനുണ്ട് ചിലത്......
"സ്ത്രീകളുടെ ജീവിതത്തിന്റെ ശക്തി അവൾ തന്നെയാണ്"- നൈകയുടെ ഉടമ ഫാൽഗുനി നയ്യാർക്കും പറയാനുണ്ട് ചിലത്......
ഒരു 58 കാരിയുടെ പേരാണ് രാജ്യം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. നൈകയുടെ ഉടമയായ ഫാൽഗുനി നയ്യാർ...... മേക്കപ്പിനോട് ഏറെ ഇഷ്ടമാണ് പുളളിക്കാരിയ്ക്ക്.... ഈ ഇഷ്ടം ദിനം പ്രതി കൂടി കൂടി മൂത്തു തുടങ്ങി.... പിന്നെ സ്വന്തമായി ബ്യൂട്ടി സ്റ്റാർട്ടപ് തുടങ്ങി... അതു വൻ മരം പോലെ വളർന്നു... രാജ്യത്തെ വനിതകൾക്കെല്ലാം മാതൃകയായി ഈ സ്ത്രീ... നൈക, നൈക ഫാഷൻ എന്നീ ബ്രാൻഡുകൾ വൻ വിജയമായി... പല സ്ത്രീകൾക്ക് ഇത് ഒരു പാഠമാണ്...

ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും നേട്ടം കൊയ്ത പ്രാരംഭ വിൽപനയിൽ ഒന്നായിരുന്നു ഫാൽഗുനിയുടെ ബ്യൂട്ടി, വെൽനെസ് ഉൽപന്നങ്ങളുടെ ഓൺലൈൻ-ഓഫ്‌ലൈൻ വ്യാപാരക്കമ്പനിയായ എഫ് എസ് എൻ ഇ - കൊമേഴ്സ് വെഞ്ച്വേഴ്സ് എന്ന നൈകയുടേത്.
സ്ത്രീകളുടെ ജീവിതത്തിന്റെ ശക്തി അവൾ തന്നെയാണെന്ന് എപ്പോഴും പറയുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഒരാളാണ് ഫാൽഗുനി. വലിയ നേട്ടങ്ങൾ അവരെ എത്തിച്ചതും ഈ ഒറ്റ ആത്മവിശ്വാസമാണ്. "നിങ്ങളുടെ കഥയിൽ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം നിങ്ങൾ തന്നെയാണ്" ഫാൽഗുനി പറയുന്നു. അതുകൊണ്ടാണ് സ്വന്തം സൗന്ദര്യത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി അവർ ഗൗരവത്തോടെ ചിന്തിച്ചത്. ചെറുപ്പം മുതൽ സൗന്ദര്യ വർധക ഉൽപന്നങ്ങളോട് ഫാൽഗുനിക്ക് ആരാധനയുണ്ടായിരുന്നു.

സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം ചെറുപ്പത്തിൽ തുടങ്ങി. പക്ഷേ, ബിസിനസിലേക്ക് എടുത്തു ചാടുകയില്ല. പകരം ആദ്യം വിദ്യാഭ്യാസവും പിന്നീട് വലിയ അനുഭവസമ്പത്തും നേടി. 50-ാം വയസ്സിലാണ് ഫാൽഗുനി സ്വന്തം സംരംഭം തുടങ്ങുന്നത്. ഇ-കൊമേഴ്സ് മേഖലയിൽ ടെക് സ്റ്റാർട്ടപ്പ് തുടങ്ങുകയെന്നത് അത്ര ലളിതമായിരുന്നില്ല. അതും സമൂഹമാധ്യമങ്ങളിൽ തീരെ സജീവമല്ലാത്ത ഫാൽഗുനിക്ക്. പക്ഷേ, ആത്മവിശ്വാസവും കഠിനാധ്വാനവും കൈവിട്ടില്ല. തുടർന്ന് പിന്നീടുള്ള വർഷങ്ങളിൽ കണ്ടത് മികച്ച വിജയം. 58,365 കോടി രൂപയാണ് ഫാൽഗുനിയുടെ ഇപ്പോഴത്തെ ആസ്തി.

നവംബർ 10, സമയം 9.15. ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങി. നൈക്ക കമ്പനിയുടെ ഐ പി ഒ ലിസ്റ്റിങ്. വില കുതിച്ചു ഉയർന്നു കൊണ്ടേയിരിക്കുന്നു. 1125 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി 79 ശതമാനം പ്രീമിയത്തിലാണ് ട്രേഡ് ചെയ്തത്. ഇന്ത്യൻ ശത കോടീശ്വര ക്ലബിൽ ഒരു വനിതയുടെ കൂടി പിറവി എടുത്തു. ഇന്ത്യയിലെ ആദ്യ ഇരുപത് സമ്പന്നരിൽ ഒരാൾ.
സ്വന്തം നിലയ്ക്ക് തുടങ്ങിയ കമ്പനിയിലൂടെ ശത കോടീശ്വരിയായ ആദ്യ ഇന്ത്യൻ വനിത. ശത കോടീശ്വരികളായ വനിതകളിൽ രണ്ടാം സ്ഥാനം. ഫോർബ്സ് പട്ടികയിലുള്ള ഏഴ് ഇന്ത്യൻ വനിതകൾക്കൊപ്പം സ്വത്ത്. നവംബർ 10 ഫാൽഗുനി നയ്യാർക്ക് നേടിക്കൊടുത്തത് സ്വപ്ന സമാനമായ നേട്ടങ്ങൾ. 50 ശതമാനത്തിലധികവും ഓഹരികൾ സ്വന്തം കയ്യിൽ. ഒറ്റ ദിവസംകൊണ്ട് കമ്പനിയിലെ ഫാൽഗുനി നയ്യാരുടെ ഓഹരി മൂല്യം ഏതാണ്ട് 50,000 കോടിക്കടുത്ത്. വിപണിമൂല്യം ദിവസവും കൂടിക്കൊണ്ടിരിക്കുന്നു.
Recommended Video

1963 ൽ ഗുജറാത്തിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലായിരുന്നു നൈക്കയുടെ ഉടമ ഫാൽഗുനിയുടെ ജനനം. പിതാവ് നാട്ടിൽ ഒരു ചെറിയ ബിസിനസ് നടത്തിയിരുന്നു. ബിസിനസ് മേഖലയിലേക്ക് മകൾ എത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ഫാൽഗുനിക്ക് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അഡ്മിഷൻ ലഭിച്ചു. ബാങ്കിങ് മേഖലയിലായിരുന്നു കരിയറിന്റെ തുടക്കം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിന്റെ മാനേജിങ് ഡയറക്ടറും ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റി വിഭാഗം മേധാവിയുമായിരുന്നു. 18 വർഷം കൊട്ടക്കിന്റെ പ്രധാന പോസ്റ്റിൽ ജോലി ചെയ്തു. സ്വന്തം കമ്പനി എന്ന ആഗ്രഹം ശക്തമായതോടെയാണ് കൊട്ടക്കിൽ നിന്നു രാജി നേടി.
ഇന്ത്യൻ സ്ത്രീകൾക്ക് യോജിച്ച സൗന്ദര്യവർധക വസ്തുക്കൾ ഓൺലൈൻ വിപണിയിലൂടെ വിറ്റഴിക്കുകയായിരുന്നു ലക്ഷ്യം.
2012 ൽ ഫാൽഗുനി എഫ് എസ് എൻ ഇ - കൊമേഴ്സ് വെഞ്ച്വേഴ്സ് എന്ന സ്റ്റാർട്ടപ് കമ്പനി തുടങ്ങി. സ്വന്തം കമ്പനി എന്ന സ്വപ്നത്തിന് പ്രായം തടസ്സമായില്ല. സൗന്ദര്യവർധക ഉൽപന്നത്തിനു വേണ്ടി മാത്രമായി ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം. കേന്ദ്ര കഥാപാത്രമായ നടി എന്ന് അർഥം വരുന്ന സംസ്കൃത വാക്കിൽ നിന്നാണ് വരുന്ന 'നൈക' എന്ന പേരു തിരഞ്ഞെടുത്തതും അവർ തന്നെയായിരുന്നു. അവൈവ ഇൻഷുറൻസ്, ഡാബർ ഇന്ത്യ എന്നീ കമ്പനികളുടെ ബോർഡിലും ഫാൽഗുനി പ്രവർത്തിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസിന്റെ ബോർഡിലെ സ്വതന്ത്ര അംഗം കൂടിയായിരുന്നു ഫാൽഗുനി.
കെ കെ ആർ ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ മേധാവിയായ സഞ്ജയ് നയ്യാരെയാണ് ഫാൽഗുനി വിവാഹം കഴിച്ചത്. ഐ പി ഒ യിൽ സ്പൈഷലൈസ് ചെയ്തയാളാണ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ മേധാവിയായ ഭർത്താവ്. സഞ്ജയ് സിറ്റി ബാങ്കിലായിരിക്കെയായിരുന്നു വിവാഹം. അധികം വൈകാതെ സഞ്ജയ്ക്ക് ലണ്ടനിലേക്ക് മാറ്റം.
ഒരു സാധാരണ ഇന്ത്യൻ സ്ത്രീയെപ്പോലെതന്നെയാണ് ഫാൽഗുനിയും ചിന്തിച്ചത്; ഭർത്താവിനൊപ്പം ലണ്ടനു പോകണം. ഇവിടെ പക്ഷേ, കൊട്ടക് മഹീന്ദ്രയുടെ എംഡി ഉദയ് കൊട്ടക് ഫാൽഗുനിക്കൊപ്പം നിന്നു. ലണ്ടനിൽ ശാഖ തുടങ്ങിയാണ് ഉദയ് ഫാൽഗുനിയെ സഹായിച്ചത്. അവിടെ കമ്പനിയുടെ ബിസിനസ് പടുത്തുയർത്തി അവർ കഴിവു തെളിയിച്ചു. പക്ഷേ അവിടെയും തുടരാൻ കഴിഞ്ഞില്ല. ഇത്തവണ ഭർത്താവിനു സ്ഥലംമാറ്റം ന്യൂയോർക്കിലേക്ക്. ന്യൂയോർക്കിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിന്റെ ചുമതലയുമായി ഉദയ് കൊട്ടക് ഫാൽഗുനിയെയും ഭർത്താവ് സഞ്ജയ്ക്കൊപ്പം അയച്ചു. അധികം വൈകാതെ ഇന്ത്യയിലെ തലവനായി സഞ്ജയ് തിരിച്ച് ഇന്ത്യയിലേക്ക്.
കൊളംബിയ സർവകലാശാലയിൽ നിന്നു ബിരുദം നേടിയ മകൻ അഞ്‌ജിത് ആണ് ഇ - കൊമേഴ്സ് ബിസിനസ് നോക്കി നടത്തുന്നത്. ഹവാർഡ് ബിസിനസ് സ്കൂളിൽ നിന്നു എംബിഎ നേടിയ മകൾ അദ്വൈതയാണ് ഫാഷൻ ബിസിനസിന്റെ കാര്യങ്ങൾ നോക്കുന്നത്. എഫ്എസ്എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് എന്ന നൈക കമ്പനിയുടെ 53 ശതമാനം ഓഹരികളാണ് കുടുംബത്തിന്റെ കൈയിലുള്ളത്. നാലായിരത്തിലേറെ പഴ്സനൽ കെയർ, സൗന്ദര്യ വർധക ഉൽപന്നങ്ങളാണ് നൈക ഇപ്പോൾ വിൽക്കുന്നത്. ഓഹരി വിപണിയിലെ പ്രവേശനത്തിനു ശേഷം കൂടുതൽ മേഖലകളിലേക്ക് കടക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടെയിലും നൈക ബ്രാൻഡ് വളരുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വിൽപനയുടെ 64 ശതമാനവും ടയർ2, ടയർ-3 നഗരങ്ങളിൽ നിന്നാണെന്നതും ശ്രദ്ധേയമാണ്. സ്കിൻകെയർ, പഴ്സനൽ കെയർ, വെൽനെസ് ഉൽപന്നങ്ങൾ വളരെ അധികം ഇറങ്ങിച്ചെല്ലാത്ത മേഖലകളിലേക്കും നൈകയുടെ വിപണി വ്യാപിച്ചു കഴിഞ്ഞുവെന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ബ്യൂട്ടി ബിസിനസിനു കഴിഞ്ഞ മൂന്നു വർഷമായി ശരാശരി 13 ശതമാനം വളർച്ചയുണ്ട്. 25-35 വയസ്സുള്ള വനിതകളെയാണ് നൈക പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. താരങ്ങളും ബ്യൂട്ടി ബ്ലോഗർമാരും ഉൾപ്പെടെ 1363 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും നൈകയ്ക്കുണ്ട്. 1500 ബ്രാൻഡുകളുണ്ട്. 1600 ജീവനക്കാരും.












Click it and Unblock the Notifications