• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് തെറ്റിയത് എവിടെയാണ്

ദില്ലി: ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് തെറ്റിയത് എവിടെയാണ്. നാണം കെട്ടപരാജയം എന്ന ഒറ്റവാക്കിനപ്പുറം എന്താണ് കോണ്‍ഗ്രസിനേറ്റ പരാജയത്തെ വിശേഷിപ്പിക്കേണ്ടത്. സഭയിലേയ്ക്ക് 50 സീറ്റ് പോലും നേടാന്‍ യു പി എയെ നയിച്ച കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകനും വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിയും പാരജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

പരാജയം ഏറ്റെടുക്കുന്നത് കൊണ്ട് മാത്രം ഇരുവരുടേയും ഉത്തരവാദിത്വങ്ങള്‍ തീരുന്നില്ല. കോണ്‍ഗ്രസിനെ ശരിയായ ദിശയിലേയ്ക്ക് നയിക്കാന്‍ ഇരുവരുടേയും നേതൃത്വം അപര്യാപ്തമായിരുന്നുവെന്ന് വേണം സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. അതാത് സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മഹാരാഷ്ട്ര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചുകഴിഞ്ഞു. പക്ഷേ പാര്‍ട്ടി നേതാക്കള്‍ ഏകകണ്ഠമായെടുത്ത തീരുമാനം ആ കീഴ് വഴക്കം പാര്‍ട്ടി അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും വേണ്ടെന്നാണ്.

സ്വാതന്ത്ര്യലബ്ധിക്ക് ‌ശേഷം കോണ്‍ഗ്രസിന് ഉണ്ടായ നാണം കെട്ട തോല്‍വിയാണ് 16-ാം ലോക്‌സഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. എന്തെല്ലാം ജനവിരുദ്ധവികാരങ്ങള്‍ ഉണ്ടായിട്ടും 1977ല്‍ ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസ് 189 സീറ്റുകള്‍ നേടി. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്‌നത്തിനുമപ്പുറത്താണ്. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു അവര്‍. എന്നാല്‍ ഇന്നോ വെറും 50ല്‍ താഴെ സീറ്റുകള്‍ നേടി പ്രതിപക്ഷത്തിരിക്കുവാനുള്ള അര്‍ഹത പോലും നഷ്ടമാക്കിയ പാര്‍ട്ടിയുടെ പ്രതിനിധികളാണ് ഇന്നവര്‍.

പാര്‍ട്ടി നേതൃത്വത്തിന്റെ ചുമലിലുള്ള ചുമതലകള്‍ വലുതാണ്. പൂജ്യത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തുകയെന്ന വലിയ വെല്ലുവിളി. അതിന് പഴയ ശൈലിയ്ക്ക് കഴിയില്ലെന്നുറപ്പ്. രീതികള്‍ മാറ്റേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് നരേന്ദ്രമോദിയില്‍ നിന്നും കടുത്ത ആക്രമണങ്ങളാണ് കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷയും നേരിട്ടത്. അനാരോഗ്യം മൂലം അധികം പരിപാടികളില്‍ പങ്കെടുക്കാതിരുന്ന സോണിയാഗാന്ധിയോട് ക്ഷമിക്കുവാന്‍ പ്രവര്‍ത്തകര്‍ക്കായേക്കും. പക്ഷേ രാഹുല്‍ ഗാന്ധി പരാജയം രുചിച്ചിരിക്കുന്നു. സുരക്ഷിത മണ്ഡലമായിരുന്ന അമേഠിയില്‍ പോലും വെള്ളം കുടിക്കേണ്ടി വന്ന അവസ്ഥ. പ്രിയങ്കാ ഗാന്ധി അവസാനനിമിഷങ്ങളില്‍ ഓടിയ ഓട്ടംപോലും ഏശാത്ത പോലെ.

1996ല്‍ മോശം പ്രകടനത്തിന് കാരണം അന്ന് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി നരസിംഹറാവുവാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം ഇന്നത്തെ അവസ്ഥയ്ക്ക് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കുറ്റപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. അതോ പാര്‍ട്ടിക്ക് എന്നും രക്ഷകരാണെന്ന് നേതൃത്വം കരുതുന്ന നെഹ്‌റു കുടുംബത്തിന് തെറ്റിപ്പോയെന്ന് നേതൃത്വത്തിന് തുറന്ന് സമ്മതിക്കേണ്ടി വരുമോ.

English summary
The Worst Defeat:Where the Congress went wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X