'എന്ത് മനുഷ്യനാണ് അയാള്‍?, ആ സ്ത്രീ മരിച്ചിട്ടും തിയേറ്ററിലിരിക്കുകയായിരുന്നു'; അല്ലുവിനെതിരെ രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പൊലീസ് അനുമതിയില്ലാതെയാണ് നടന്‍ അല്ലു അര്‍ജുന്‍ ഡിസംബര്‍ നാലിന് പുഷ്പ-2 പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ എത്തിയത് എന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതിന് ശേഷവും നടന്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയില്ല എന്നും ഇതാണ് പൊലീസിനെ നിര്‍ബന്ധിച്ച് പുറത്താക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആള്‍ക്കൂട്ടത്തെ വകവെക്കാതെ അല്ലു അര്‍ജുന്‍ റോഡ് ഷോ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ രണ്ടിന് തിയേറ്റര്‍ ഉടമകള്‍ അല്ലു അര്‍ജുന്റെ വരവ് കണക്കിലെടുത്ത് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കിയതായും രേവന്ത് റെഡ്ഡി പറഞ്ഞു.

എന്നാല്‍ ക്രൗഡ് മാനേജ്മെന്റിലെ ബുദ്ധിമുട്ടുകളും തിയേറ്ററിലേക്ക് ഒരു പ്രവേശന കവാടവും മാത്രമാണ് ഉള്ളത് എന്ന് ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷ നിരസിച്ചിരുന്നു രേവന്ത് പറഞ്ഞു. 'സാഹചര്യം കണക്കിലെടുത്ത് അല്ലുവിനോട് മടങ്ങി പോകണം എന്ന് അറിയിക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു എന്നാല്‍ കാണാന്‍ തിയേറ്റര്‍ മാനേജ്മെന്റ് ജീവനക്കാര്‍ അല്ലുവിനെ കാണാന്‍ ആദ്യം അനുവദിച്ചില്ല.
എന്നിരുന്നാലും, ഉദ്യോഗസ്ഥന്‍ നടന്റെ അടുത്തെത്തി, അദ്ദേഹം പോയില്ലെങ്കില്‍ ജനക്കൂട്ടം പോകില്ലെന്നും മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ താരം കുലുങ്ങിയില്ല,' രേവന്ത് പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നടനോട് ഉടന്‍ സ്ഥലം വിടാന്‍ പറയുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനാല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടി വരും എന്നും അറിയിക്കുകയായിരുന്നു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ താരത്തെ തീയറ്ററില്‍ നിന്ന് പുറത്താക്കി. പോകുമ്പോഴും താരം വീണ്ടും ജനക്കൂട്ടത്തിന് നേരെ കൈവീശി. 'എന്തൊരു വ്യക്തിയാണ് അദ്ദേഹം', രേവന്ത് ചോദിച്ചു. അറസ്റ്റിന് ശേഷം അല്ലു അര്‍ജുന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ സഹാനുഭൂതി കാണിക്കാത്തതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മനുഷ്യത്വരഹിതരായി പ്രവര്‍ത്തിക്കരുത് എന്നും സിനിമതാരങ്ങളോട് രേവന്ത് റെഡ്ഡി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വ്യവസായത്തിന് സര്‍ക്കാരില്‍ നിന്ന് പ്രോത്സാഹനങ്ങളും സബ്സിഡിയും എടുക്കാം. എന്നാല്‍ തിക്കിലും തിരക്കിലും പെട്ട് മരണം പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നവരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അല്ലു അര്‍ജുന്‍ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. പൊലീസ് തനിക്ക് വഴിയൊരുക്കുകയയിരുന്നു എന്നും അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വേദിയിലെത്തിയത് എന്നും അല്ലു പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേരെ കൈവീശി റോഡ്‌ഷോ നടത്തിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
'അനുമതി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ ഞങ്ങളോട് മടങ്ങിപ്പോകാന്‍ പറയുമായിരുന്നു. ഞാന്‍ ഒരു നിയമം അനുസരിക്കുന്ന പൗരനാണ്. ഞാന്‍ അത് പിന്തുടരുമായിരുന്നു. അത്തരം വിവരങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല. അവരുടെ മാര്‍ഗനിര്‍ദേശം ഞാന്‍ പിന്തുടരുകയായിരുന്നു. ഒരു റോഡ്ഷോ ആയിരുന്നില്ല അത്' അല്ലു അര്‍ജുന്‍ പറഞ്ഞു.












Click it and Unblock the Notifications