തേനി സബ് ജയിലില്‍ നിന്ന് 17 തടവുകാര്‍ ജയില്‍ ചാടി! കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം

മധുര: തേനി ജില്ലയിലെ തേക്കമ്പട്ടി ജയിലില്‍ നിന്ന് 17 തടവുകാര്‍ രക്ഷപ്പെട്ടു. ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷമായിരുന്നു തടവുകാരുടെ ജയില്‍ചാട്ടം. ഇതിനെത്തുടര്‍ന്ന് പൊലീസ് സംസ്ഥാനവ്യാപകമായി തിരച്ചില്‍ ആരംഭിക്കുകയും വിവിധ ജില്ലകളില്‍ വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തു. ഒരാളെ രാത്രി വൈകി പിടികൂടിയതായാണ് വിവരം.

ചില തടവുകാര്‍ അപസ്മാരം വന്നതുപോലെ അഭിനയിക്കുകയും, സഹായത്തിനെത്തിയ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ തേനി ജില്ലാ പോലീസ് സൂപ്രണ്ട് കെ എസ് പ്രവീണ്‍ ഗൗതം ജയില്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.

Theni Jail

കണ്ടമനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, രക്ഷപ്പെട്ടവരെ കണ്ടെത്താനായി പ്രത്യേക സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തതായി ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. രക്ഷപ്പെട്ടവരില്‍ പലരും വില്ലുപുരം സ്വദേശികളാണെന്നാണ് വിവരം. അതിനാല്‍, അയല്‍ ജില്ലകളില്‍, പ്രത്യേകിച്ച് വില്ലുപുരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.

തടവുകാര്‍ തങ്ങളുടെ ജന്മനാടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചേക്കാമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ വില്ലുപുരം ജില്ലയിലുടനീളം വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ലിംഗം, രാജ സിംഗന്ധര്‍, കറുപ്പസാമി, സിലമ്പരശന്‍, തിരുപ്പതി, മെഞ്ചിസുന്ദരം, ശബരി, പൊന്‍ മുത്തു, നിജന്ത്, കാര്‍ത്തിക് രാജ, മുഗിലന്‍, സെല്‍വ, തരുണ്‍, രാജ്കുമാര്‍, പ്രവീണ്‍, മുത്തു ഇളങ്കോ, രാജുവിന്‍ എന്നിവരാണ് രക്ഷപ്പെട്ട തടവുകാര്‍.

സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും, രക്ഷപ്പെടലിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ എന്തൊക്കെയാണെന്നും മുതിര്‍ന്ന പൊലീസ്, ജയില്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. ആക്രമണത്തിനിരയായ ജയില്‍ ഉദ്യോഗസ്ഥന്റെ ആരോഗ്യനിലയെക്കുറിച്ചോ, തടവുകാര്‍ എന്ത് കുറ്റകൃത്യങ്ങള്‍ക്കാണ് ശിക്ഷിക്കപ്പെട്ടതെന്നോ അധികൃതര്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തേനി ജില്ലാ ജയിലിലെ ഗ്രേഡ്-II പോലീസ് ഉദ്യോഗസ്ഥനായ തങ്കപ്പാണ്ടിയാണ് ആക്രമണത്തിനിരയായത്. ഇദ്ദേഹത്തെ ജി. വിളക്കുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയില്‍ ജീവനക്കാര്‍ക്കും നിസാര പരിക്കുകളുണ്ട്. അന്വേഷണത്തിനായി 17 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട് എന്ന് സൗത്ത് സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയേന്ദ്ര ബിദാരി അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തിവരികയാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അയല്‍ ജില്ലയായ ദിണ്ടിഗലില്‍ 16 സ്ഥലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചതായി ദിണ്ടിഗല്‍ പോലീസ് സൂപ്രണ്ട് എസ്. ജയകുമാര്‍ സ്ഥിരീകരിച്ചു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, രക്ഷപ്പെട്ട 17 പേരും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്.

തടവുകാര്‍ രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് സമീപ ജില്ലകളിലെ പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇടുക്കി, മധുര, ദിണ്ടിഗല്‍ ജില്ലകളിലെ പൊലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും, തിരിച്ചറിയുന്നതിനായി രക്ഷപ്പെട്ടവരുടെ ഫോട്ടോകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്.

അതേസമയം സംഭവത്തില്‍ വിജയ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളും ഭരണകൂടവും പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആരോപിച്ചു. ബ്രേക്കിംഗ് ബാഡ് എന്ന പരമ്പരയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നാലെ, ഇപ്പോള്‍ സംസ്ഥാനത്ത് പ്രിസണ്‍ ബ്രേക്ക് ആരംഭിച്ചിരിക്കുകയാണെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. ജാമ്യത്തില്‍ ഇറങ്ങിയവരെപ്പോലും നിരീക്ഷിക്കാന്‍ കഴിയാത്ത അധികൃതര്‍, ഇപ്പോള്‍ ജയിലിനുള്ളില്‍ നിന്ന് തടവുകാര്‍ രക്ഷപ്പെടാന്‍ അനുവദിക്കുന്ന അവസ്ഥയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തേനി ജയില്‍ ചാട്ടത്തിന് ശേഷമുള്ള മുഖ്യമന്ത്രി വിജയിയുടെ ജയില്‍ സന്ദര്‍ശനം ഒരു ജ്യോതിഷ പരിഹാരമായിരുന്നോ എന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും ചോദിച്ചു. പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ട് തടവുകാര്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷവും തമിഴ്നാട്ടിലെ ജയിലുകളിലുടനീളം സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma