വര്‍ഷങ്ങളായി ഒരു ഹിറ്റും ഇല്ല; ഈ താരത്തിന്റെ ബ്രാന്‍ഡ് മൂല്യം 1500 കോടി രൂപ: ഷാരൂഖ് ഖാന്‍ വരെ പിന്നില്‍
ബോളിവുഡില്‍ സമീപ കാലത്തായി അധികം ഹിറ്റുകള്‍ ഇല്ലെങ്കിലും ഈ യുവനടന്‍ കിങ് ഖാനെയും അക്ഷയ് കുമാറിനെയുമൊക്കെ മറികടന്ന് മുന്നിലെത്തിയിരിക്കുകയാണ്. ഹോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമുള്ള താരം രണ്‍വീര്‍ സിങ് ആണ്. ചില്ലറ തുകയല്ല, 1500 കോടി രൂപയാണ് രണ്‍വീര്‍ സിങ്ങിന്റെ ബ്രാന്‍ഡ് മൂല്യം. അടുത്തകാലത്തായി വമ്പന്‍ ഹിറ്റുകള്‍ ഒന്നുമില്ലാതെയാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം.
പല മുന്‍നിര ബ്രാന്‍ഡുകളും തങ്ങളുടെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കാനായി രണ്‍വീര്‍ സിങ്ങിനെ ഉപയോഗപ്പെടുത്തുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണയ റിപ്പോര്‍ട്ടിലാണ് രണ്‍വീര്‍ സിങ് മറ്റു ബോളിവുഡ് താരങ്ങളെ പിന്തള്ളി ഒന്നാമത് എത്തിയത്. ബോളിവുഡ് താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ളത് ഷാരൂഖ് ഖാന്‍ ആണ്. മൂന്നാമത് ആലിയ ഭട്ടും. അക്ഷയ് കുമാര്‍, രണ്‍വീര്‍ സിങ്ങിന്റെ ഭാര്യ ദീപിക പദുക്കോണ്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണയ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. 2000 കോടി രൂപയാണ് കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം. കോഹ്‌ലിയുടെ തൊട്ടു പിന്നിലാണ് രണ്‍വീര്‍ സിങ്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ബോളിവുഡ് സിനിമാ താരങ്ങളാണ് ആധിപത്യം പുലര്‍ത്തിയത്. പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ഏഴ് സ്ഥാനങ്ങള്‍ ലഭിച്ചത് ബോളിവുഡ് താരങ്ങള്‍ക്കാണ്. ഹിന്ദി സിനിമ വ്യവസായത്തില്‍ നിന്നുള്ള സെലിബ്രിറ്റികളാണ് പട്ടികയില്‍ കൂടുതലും ഇടം പിടിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി വിപണിയില്‍ വലിയ സ്വാധീനമാണ് രണ്‍വീര്‍ സിങ്ങിനുള്ളത്. നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് രണ്‍വീര്‍ സിങ് പ്രത്യക്ഷപ്പെടുന്നത്.
അതേസമയം ഈ ബ്രാന്‍ഡ് മൂല്യം സിനിമകള്‍ ഹിറ്റാകുന്നതില്‍ അദ്ദേഹത്തെ സഹായിച്ചിട്ടില്ല. 2010 ല്‍ രണ്‍വീറിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കോവിഡിന് ശേഷം രണ്‍വീറിന്റെ സമയം മോശമായി. രണ്‍വീര്‍ നായകനായ 83 പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. സര്‍ക്കസും ജയേഷ്ഭായ് ജോര്‍ദാറും വമ്പന്‍ പരാജയമായി മാറി. അവസാനത്തെ സോളോ ഹിറ്റ് 2019 പുറത്തിറങ്ങിയ ഗള്ളി ബോയ് ആണ്.
2020 ന് ശേഷം താരത്തിന്റെ വിജയിച്ച സിനിമ രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ റോക്കി ഔര്‍ റാണി കി പ്രേം കഹാനി ആയിരുന്നു. എന്നാല്‍ ഇതൊന്നും മുന്‍നിര ബ്രാന്‍ഡുകളെ രണ്‍വീറിനെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല. ന്യൂട്ടെല്ല പോലുള്ള ഫുഡ് ബ്രാന്‍ഡുകള്‍ മുതല്‍ മേക്ക്‌മൈട്രിപ്പ് വരെയുള്ള ട്രാവല്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം ബ്രാന്‍ഡുകളാണ് നടന്റെ കൈയിലുള്ളത്. നിരവധി ആഡംബര ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് രണ്‍വീര്‍ സിങ്.












Click it and Unblock the Notifications