കപ്പല്‍ മുങ്ങാന്‍ ഒരു ദ്വാരം മതി, കോണ്‍ഗ്രസ് തിരുത്തണമെന്ന് മുനീര്‍; 'എല്‍ഡിഎഫിലേക്ക് പോകുമോ?'
കോഴിക്കോട്: എല്‍ ഡി എഫില്‍ ചേരുന്നത് സംബന്ധിച്ച് മുസ്ലീം ലീഗില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടെ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം സംഘടനകളോട് യൂസ് ആന്‍ഡ് ത്രോ ശൈലിയാണ് സി പി എം പിന്തുടരുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
'ഇ എം എസിന്റെ കാലത്തും അവര്‍ അത് പരീക്ഷിച്ചു. ലീഗിനെ എതിര്‍ക്കാന്‍ ഇമ്പിച്ചി കോയയെ ഉപയോഗിച്ച് 'പ്രോഗ്രസീവ് ലീഗ്' എന്ന സംഘടന ഉണ്ടാക്കിയ ആളാണ് ഇഎംഎസ്. പക്ഷേ 1957 ല്‍ മുസ്ലീം ലീഗ് സിപിഎമ്മിനൊപ്പം വന്നപ്പോള്‍ ഇഎംഎസ് പ്രോഗ്രസീവ് ലീഗിനെ പിരിച്ചുവിടുകയും ചെയ്തു,': എം കെ മുനീര്‍ പറഞ്ഞു. സി പി എം ലീഗിന്റെ വോട്ട് പിടിച്ചെടുക്കുന്നുണ്ടോ എന്ന് അടുത്ത തിരഞ്ഞെടുപ്പോടെ വ്യക്തമാകും എന്നും അദ്ദേഹം പറഞ്ഞു.

2021 ല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിട്ടും സര്‍ക്കാരിനെ തളച്ചിടാന്‍ യുഡിഎഫിന് കഴിയാതിരുന്നത് ആ ആരോപണങ്ങള്‍ തെളിയിക്കാന്‍ തക്ക തെളിവുകള്‍ തങ്ങളുടെ പക്കലില്ലാത്തതിനാലാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ചില തിരുത്തലുകള്‍ നടത്തണം എന്നും മുനീര്‍ പറഞ്ഞു.
' എപ്പോഴും കോണ്‍ഗ്രസ് കാര്യങ്ങള്‍ നിസാരമായി കാണരുത്. ആരെങ്കിലും ഒരാള്‍ ദ്വാരമുണ്ടാക്കിയാല്‍ കപ്പല്‍ മുഴുവന്‍ മുങ്ങിപ്പോകും. അതുകൊണ്ട് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരുത്തണം. കപ്പല്‍ മുങ്ങാതിരിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാകില്ല,' മുനീര്‍ വ്യക്തമാക്കി. ദേശീയ തലത്തില്‍ ബി ജെ പിയോട് നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെ ഒരു തരത്തിലും മാറ്റി നിര്‍ത്താനാകില്ല. ബംഗാളിലും ത്രിപുരയിലും സി പി എം അപ്രസക്തമായി. അവരുടെ നേതാക്കളെല്ലാം ബിജെപിയിലേക്ക് പോയി. അവരുടെ പാര്‍ട്ടി ഓഫീസുകള്‍ പോലും ഇപ്പോള്‍ ബിജെപി ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ ലീഗ് പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സ്വന്തം നടപടികള്‍ കോണ്‍ഗ്രസ് തന്നെ വിശദീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മണിപ്പൂരിലെയും രാജ്യത്തെയും മൊത്തത്തിലുള്ള ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയൂ എന്നാണ് ഞാന്‍ പറയുന്നത്. കോണ്‍ഗ്രസിന് തന്നെ വ്യത്യസ്ത ആശയങ്ങളുടെ ചരിത്രമുണ്ട്. ജവഹര്‍ലാല്‍ നെഹ്റു ഒരു സോഷ്യലിസ്റ്റായിരുന്നു. ഗാന്ധി കുടുംബത്തിന് ഒരു മതേതര പ്രത്യയശാസ്ത്രമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജയറാം രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളും ഇതേ ചിന്തകള്‍ പങ്കുവെക്കുന്നു,' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications