വിജയ് മല്യ കോടതിയില്‍ ഹാജരാകേണ്ട, മല്യയെ സംരക്ഷിച്ച് സര്‍ക്കാര്‍
ദില്ലി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ട് പോകാന്‍ കേന്ദ്രസര്‍ക്കാരും പോലീസും കൂട്ടുനിന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിജയ് മല്യ കോടതിയില്‍ വരേണ്ടതില്ലെന്ന് പറഞ്ഞിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിട്ടും വിദേശത്തേക്ക് പോയ വിജയ് മല്യയെ വീണ്ടും കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കാന്‍ നോക്കുകയാണോ?
സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മല്യയ്ക്ക് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് പറയുന്നത്. വിജയ് മല്യ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മല്യയുടെ അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്നാണ് പറയുന്നത്.

സിവില്‍ കേസുകളില്‍ കോടതി നോട്ടീസ് അയച്ചാല്‍ ആ വ്യക്തി നേരിട്ടോ അല്ലാതെയോ ഹാജരാകണം. എന്നാല്‍, അതു മല്യയ്ക്ക് തീരുമാനിക്കാം. മല്യ തന്നെ ഇപ്പോള്‍ നേരിട്ട് എത്തണമെന്നില്ലെന്നും മുകുള്‍ റോഹ്തഗി പറഞ്ഞു. അതേസമയം, വിജയ് മല്യ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തണമെന്ന നിര്‍ദ്ദേശമുണ്ട്.
ഇന്ത്യയിലെത്തി പാസ്‌പോര്‍ട്ട് കൈമാറണമെന്നും മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി കോടതിയുടെ നിര്‍ദ്ദേശമില്ലാതെ മല്യക്ക് രാജ്യം വിട്ട് പോകാനും സാധിക്കില്ല. മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഹൈദരാബാദ് കോടതി നടപടിക്കെതിരെ മല്യയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്തു.












Click it and Unblock the Notifications