കോയമ്പത്തൂരിനും മധുരയ്ക്കും മെട്രോയില്ല; നിഷേധിച്ചത് വിചിത്രമായ കാരണങ്ങളാലെന്ന് സ്റ്റാലിന്‍
ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കോയമ്പത്തൂരിനും മധുരയ്ക്കും മെട്രോ റെയില്‍ പദ്ധതികള്‍ നിഷേധിച്ചതിലാണ് സ്റ്റാലിന്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചത്. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മധുരയ്ക്കും കോയമ്പത്തൂരിനും മെട്രോ റെയില്‍ പദ്ധതികള്‍ ബിജെപി സര്‍ക്കാര്‍ നിഷേധിച്ചതെന്ന് സ്റ്റാലിന്‍ ആരോപിച്ചു. നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതിനോട് അനുബന്ധിച്ച് ആയിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചെറിയ ടയര്‍ ടൂ നഗരങ്ങള്‍ക്ക് പോലും മെട്രോ ലഭിക്കുന്ന സാഹചര്യത്തില്‍ ടെമ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന മധുരയ്ക്കും ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന കോയമ്പത്തൂരിനും കേന്ദ്ര സര്‍ക്കാര്‍ മെട്രോ പദ്ധതികള്‍ നിഷേധിക്കുന്നത് അപമാനകരമായ സമീപനമാണ്. വിചിത്രമായ കാരണങ്ങളുടെ പേരിലാണ് കേന്ദ്രം പദ്ധതികള്‍ നിരസിച്ചത്. പക്ഷപാതം ഇല്ലാതെ ജനങ്ങളെ സേവിക്കുന്നതിനാണ് ഒരു സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കേണ്ടത്. എന്നിട്ടും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തമിഴ്‌നാടിന്റെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനോട് പ്രതികാരം ചെയ്യുന്നു.

ഇത്തരം രാഷ്ട്രീയ വൈരാഗ്യത്തിനെതിരെ സംസ്ഥാനം പോരാടുകയും വിജയിക്കുകയും ചെയ്യുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി കോയമ്പത്തൂര്‍ സന്ദര്‍ശിച്ച ദിവസം തന്നെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഈ കടുത്ത പ്രതികരണം എന്നത് ശ്രദ്ധേയമാണ്. സമൂഹമാധ്യമമായ എക്‌സിലുടെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
തമിഴ്‌നാട് സമര്‍പ്പിച്ച മെട്രോ റെയില്‍ പദ്ധതി റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് നിരസിച്ചത്. മെട്രോ റെയില്‍ പോളിസി 2017 പ്രകാരമുള്ള ജനസംഖ്യാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം കോയമ്പത്തൂരിലും മധുരയിലും മെട്രോ റെയില്‍ നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞത്.
മെട്രോ റെയില്‍ പോളിസി അനുസരിച്ച് 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രമാണ് മെട്രോ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത്. 2011-ലെ സെന്‍സസ് പ്രകാരം കോയമ്പത്തൂരിലെ ജനസംഖ്യ 15.8 ലക്ഷവും മധുര മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജനസംഖ്യ 10 ലക്ഷവുമാണ്. അതേസമയം ലോക്കല്‍ പ്ലാനിങ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം കോയമ്പത്തൂരിലെ ജനസംഖ്യ 23.5 ലക്ഷമാണ്. മധുരയില്‍ 14.7 ലക്ഷവും. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ മെട്രോ റെയില്‍ പദ്ധതിക്കായി ആവശ്യം ഉന്നയിക്കുന്നത്.
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്നതിന്റെ പേരില്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. 16 ലക്ഷം ജനസംഖ്യയുള്ള ആഗ്രയ്ക്കും 17 ലക്ഷം ജനസംഖ്യയുള്ള പട്‌നയ്ക്കും 18.8 ലക്ഷം ജനസംഖ്യയുള്ള ഭോപ്പാല്‍ തുടങ്ങിയ ടയര്‍ 2 നഗരങ്ങള്‍ക്ക് കേന്ദ്രം മെട്രോയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ചെന്നൈ മെട്രോ പദ്ധതി തടസപ്പെടുത്താന്‍ കേന്ദ്രം മുന്‍പും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ആ ശ്രമങ്ങളെ തമിഴ്‌നാട് പരാജയപ്പെടുത്തിയെന്നും സ്റ്റാലിന്‍ ഓര്‍മിപ്പിച്ചു. കോയമ്പത്തൂരിന്റെയും മധുരയുടെയും ഭാവിയുടെ വളര്‍ച്ചയ്ക്ക് മെട്രോ റെയില്‍ തങ്ങള്‍ നേടിയെടുക്കുമെന്നും ഇതിനായുള്ള പോരാട്ടത്തില്‍ തമിഴ്‌നാട് വിജയിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications