മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ'..അജിത് പവാറിനോട് ഫഡ്നാവിസ്
മുഖ്യമന്ത്രിയാകാൻ താത്പര്യം ഉണ്ടെന്ന എൻ സി പി നേതാവ് അജിത് പവാറിന്റെ പ്രതികരണത്തിന് മറുപടിയുമായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ സാധിക്കില്ലെന്നുമായിരുന്നു ഫഡ്നാവിസിന്റ പ്രതികരണം.
'അജിത് പവാറിന്റെ അഭിമുഖം ഞാൻ കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും തെറ്റല്ല. പലർക്കും പദവി ഇഷ്ടമായിരിക്കും പക്ഷേ എല്ലാവരെ കൊണ്ടും സാധിക്കണമെന്നില്ല, അദ്ദേഹത്തിന് താൻ എല്ലാവിധ ആശംസകളും നേരുന്നു', മാധ്യമങ്ങളുടെ ചോദ്യത്തിന് ഫഡ്നാവിസ് പറഞ്ഞു.

മഹാവികാസ് അഘാഡി സഖ്യത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. അവർ പലപ്പോഴും പറയുന്നത് മജ്ര മുത്താണെന്നാണ്. എന്നാൽ വജ്രമുത്തിന് വിണ്ടുകീറലുകൾ ഉണ്ട്. അതുകൊണ്ട് ഒരിക്കലും അവർക്ക് വജ്ര മുത്ത് ആവാൻ കഴിയില്ല', ഫഡ്നാവിസ് പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നായിരുന്നു എൻ സി പി നേതാവ് അജിത് പവാർ പറഞ്ഞത്. 2024 ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുന്നത് എന്തിന് ഇപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയാകാൻ ഞാൻ തയ്യാറാണ് എന്നായിരുന്നു പവാർ പറഞ്ഞത്.
എൻ സി പി എംഎൽഎമാരുമായി ബിജെപിയിലേക്ക് പോകാൻ അജിത് പവാർ തയ്യാറെടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അജിത് പവാറിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. 15 എൻ സി പി എം എൽ എമാർക്കൊപ്പമായിരിക്കും അജിത് മറുകണ്ടം ചാടുകയെന്നും വമ്പൻ ഓഫറാണ് ബി ജെ പി അജിത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നുമായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്.
മഹാവികാസ് അഘാഡി സഖ്യത്തിന്റെ കാലുവാരി ഏക്നാഥ് ഷിൻഡെയ്ക്ക് ഒപ്പം വിമത നീക്കം നടത്തിയ 16 എം എൽ എമാർക്കെതിരേയും സുപ്രീം കോടതിയിൽ നിന്നും അയോഗ്യത നടപടികൾ നേരിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അത്തരമൊരു പ്രതിസന്ധി ഉടലെടുത്താൽ ഭരണം നിലനിർത്താനാണ് പവാറിനെ കൂട്ട് പിടിക്കാൻ ബി ജെ പി തയ്യാറെടുക്കുന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ.
എന്നാൽ താൻ ബിജെപിയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പാർട്ടി എൻ സി പി ആണെന്നും അജിത് പവാർ പ്രതികരിച്ചിരുന്നു. പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളാണെന്ന ്എൻ സി പി തലവൻ ശരദ് പവാറും പിന്നീട് വിശദീകരിച്ചിരുന്നു,












Click it and Unblock the Notifications