'2024ൽ മോദിക്ക് വെല്ലുവിളികളേ ഇല്ല', നിതീഷ് കുമാറിനെ പരിഹസിച്ച് കുശ്വാഹ, അമിത് ഷായുമായി കൂടിക്കാഴ്ച
ദില്ലി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളികളൊന്നും ഇല്ലെന്ന് മുന്‍ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. ജെഡിയു മുന്‍ പാര്‍ലമെന്ററി ബോര്‍ഡ് തലവന്‍ ആയിരുന്ന ഉപേന്ദ്ര കുശ്വാഹ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഏറെ അടുപ്പമുളള നേതാവ് കൂടിയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനായി പ്രതിപക്ഷ ഐക്യത്തിന് നിതീഷ് കുമാര്‍ നടത്തുന്ന ശ്രമങ്ങളെ ഉപേന്ദ്ര കുശ്വാഹ പരിഹസിച്ചു. ബീഹാറില്‍ നിതീഷ് കുമാറുമായി സഖ്യത്തിലുളള പാര്‍ട്ടികള്‍ മാത്രമാണ് അവര്‍ക്കൊപ്പമുളളതെന്ന് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. അമിത് ഷായുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയില്‍ നിന്നും മടങ്ങവേ വിമാനത്താവളത്തില്‍ വെച്ചാണ് കുശ്വാഹ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ വെല്ലുവിളികളൊന്നും ഇല്ല. പ്രതിപക്ഷ ഐക്യത്തിനുളള നിതീഷ് കുമാറിന്റെ നീക്കങ്ങളില്‍ എന്ത് കാര്യമാണ് ഉളളത്. നിതീഷ് കുമാര്‍ ദില്ലിയില്‍ പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പമുളളത് കോണ്‍ഗ്രസും ആര്‍ജെഡിയും മാത്രമാണ്. അവരാകട്ടെ ബീഹാറില്‍ സഖ്യകക്ഷികളാണ്. അതുകൊണ്ട് തന്നെ നിതീഷ് കുമാറിന്റെ നീക്കങ്ങളില്‍ കാര്യമായിട്ടൊന്നുമില്ല, കുശ്വാഹ പറഞ്ഞു.
അമിത് ഷായുമായുളള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുശ്വാഹ തയ്യാറായില്ല. മാധ്യമങ്ങള്‍ അവര്‍ക്ക് ഇഷ്ടമുളളത് പറയട്ടെ എന്നും ഉചിതമായ കാര്യങ്ങള്‍ മാത്രമേ താന്‍ വെളിപ്പെടുത്തുകയുളളൂ എന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജെഡിയു വിട്ട ഉപേന്ദ്ര കുശ്വാഹ രാഷ്ട്രീയ ലോക് സമതാ ദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു.
എന്‍ഡിഎയില്‍ ചേരുന്നതിന്റെ ഭാഗമായിട്ടാണോ അമിത് ഷായുമായിട്ടുളള കൂടിക്കാഴ്ച എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കൂടുതല്‍ വിവരങ്ങള്‍ തനിക്ക് പുറത്ത് പറയാനാകില്ലെന്നും സമയമാകുമ്പോള്‍ കാര്യങ്ങള്‍ വിശദമായി പറയാമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരുന്നു.
മോദി സര്‍ക്കാരില്‍ കുശ്വാഹയ്ക്ക് മന്ത്രി സ്ഥാനവും ലഭിച്ചിരുന്നു. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാഷ്ട്രീയ ലോക് സമതാ ദള്‍ ബിജെപി ബന്ധം ഉപേക്ഷിക്കുകയും പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസും ആര്‍ജെഡിയും മറ്റ് ചെറു പാര്‍ട്ടികളും ചേര്‍ന്നതായിരുന്നു എന്‍ഡിഎയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട മഹാഗഡ്ബന്ധന്‍.
ഒരു വര്‍ഷത്തിന് ശേഷം നടന്ന മായാവതിയുടെ ബിഎസ്പിയോടും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനോടും സഹകരിച്ചാണ് കുശ്വാഹ മത്സരിച്ചത്. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കുശ്വാഹയെ ആയിരുന്നു ഉയര്‍ത്തിക്കാണിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കുശ്വാഹയുടെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുളളില്‍ ജെഡിയുവിലേക്ക് കുശ്വാഹ തിരിച്ച് എത്തി. ആര്‍എല്‍എസ്പി നിതീഷ് കുമാറിന്റെ ജെഡിയുമായി ലയിപ്പിച്ചു. പാര്‍ട്ടിയില്‍ സ്ഥാനവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും കുശ്വാഹയ്ക്ക് ലഭിച്ചു. എന്നാല്‍ തന്നെ ഒഴിവാക്കി ഉപമുഖ്യമന്ത്രി സ്ഥാനം ആര്‍ജെഡിയുടെ തേജസ്വി യാദവിന് നല്‍കിയതോടെ നിതീഷ് കുമാറുമായി ഉപേന്ദ്ര കുശ്വാഹ വീണ്ടും തെറ്റുകയായിരുന്നു.












Click it and Unblock the Notifications