അതിഖ്-അഷ്‌റഫ് കൊലക്കേസിലെ പ്രതികളെ കുറിച്ചുള്ള വിവരം പുറത്ത്; ബജ്റംഗ്ദള്‍ ബന്ധം
ലഖ്‌നൗ: എസ്പി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലപ്പെടുത്തിയവര്‍ക്ക് ബജറഗ്ദള്‍ ബന്ധം. മൂന്ന് പേരാണ് അക്രമം നടത്തിയത്. മൂന്നുപേരെയും സംഭവ സ്ഥലത്ത് വച്ച് തന്നെ പോലീസ് പിടികൂയിയിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ് യുപി പോലീസ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ലാവേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പിന്നില്‍ ആരാണുള്ളതെന്ന് വ്യക്തമല്ല. ഗൂഢാലോചനയുണ്ടോ എന്ന് ഇനിയും തെളിയേണ്ടതുണ്ട്. പോലീസ് സാന്നിധ്യത്തിലാണ് അതിഖും അഷ്‌റഫും കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മൂന്ന് പേര്‍ വെടിവയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന വന്നവരാണ് വെടിവച്ചത്.

പ്രയാഗ് രാജില്‍ വൈദ്യ പരിശോധനയ്ക്ക് പോലീസ് കൊണ്ടുവന്നതായിരുന്നു അതിഖിനെയും അഷ്‌റഫിനെയും. ശനിയാഴ്ച രാത്രി തൊട്ടടുത്ത് നിന്നാണ് മൂന്ന് പേര്‍ ഇരുവരെയും വെടിവച്ചത്. ഇവര്‍ക്കൊപ്പം രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രണ്ടു പേരെ പിടികൂടിയിട്ടില്ല. മൂന്ന് പ്രതികളും പ്രയാഗ് രാജിലുള്ളവരല്ല.
ബാന്ദ്ര ജില്ലക്കാരനാണ് ലവ്‌ലേഷ്. ഹാമിപൂര്‍ സ്വദേശിയാണ് സണ്ണി. അരുണ്‍ മൗര്യ കഷ്ഗഞ്ച് സ്വദേശിയാണ്. മൂന്നു പേര്‍ക്കും ക്രമിനില്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്നു പേരും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നവരുമല്ല. നേരത്തെ അങ്ങാടിയില്‍ വച്ച് പെണ്‍കുട്ടിയെ അടിച്ച കേസില്‍ പ്രതിയാണ് ലവ്‌ലേഷ്. ഇയാള്‍ വീട്ടില്‍ വരാറില്ലായിരുന്നുവെന്ന് പിതാവ് യഗ്യ തിവാരി പറഞ്ഞു.
വല്ലപ്പോഴുമാണ് വീട്ടില്‍ വന്നിരുന്നത്. കുളിച്ച്, ഭക്ഷണം കഴിച്ച് ഉടനെ പുറത്തേക്ക് പോകും. പെണ്‍കുട്ടിയെ അടിച്ച ഒരു കേസ് അവനെതിരെയുണ്ടെന്നും പിതാവ് യഗ്യ തിവാരി കരഞ്ഞ് പറയുന്നു. ഒരാഴ്ച മുമ്പാണ് ലവ്‌ലേഷ് വീട്ടില്‍ വന്നതെന്ന് സഹോദരന്‍ വേദ് കുമാര്‍ തിവാരി പറഞ്ഞു. പിന്നീട് എവിടെയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും വേദ് പ്രതികരിച്ചു.

ബജ്‌റംഗ്ദള്‍ ജില്ലാ ഭാരവാഹിയാണ് എന്ന് ലവ്‌ലേഷ് തിവാരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പോഷക സംഘടനയാണിത്. മകന്‍ നല്ല ഭക്തനായിരുവെന്ന് ലവ്‌ലേഷിന്റെ അമ്മ ആശ ദേവി പറഞ്ഞു. ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഹനുമാന്‍, ശിവന്‍ എന്നിവരെയാണ് ആരാധിച്ചിരുന്നത്. നിത്യവും ഹനുമാന്റെ ക്ഷേത്രത്തില്‍ പോകുമായിരുന്നുവെന്നും അമ്മ പറഞ്ഞു.
ലവ്‌ലേഷിന്റെ കൂട്ടുപ്രതി സണ്ണി സിങ് ഹാമിപൂര്‍ ജില്ലയിലെ കുരാറ സ്വദേശിയാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. 14 ക്രിമിനല്‍ കേസുണ്ട്. ലഹരിക്കടത്ത്, ആയുധം കൈവശം വച്ചത്, ഗുണ്ടാ നിയമം എന്നിവ പ്രകരമുള്ള കേസിലാണ് സണ്ണി സിങ് പ്രതി. കഴിഞ്ഞ പത്ത് വര്‍ഷമായി ഇയാള്‍ നാട്ടില്‍ വരാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
മൂന്നാമത്തെ പ്രതി അരുണ്‍ മൗര്യയാണ്. കലിയ എന്നും ഇയാളെ വിളിക്കാറുണ്ട്. കസ്ഗഞ്ചിലെ സോറോ സ്വദേശിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ജനിച്ചത്. രണ്ട് സഹോദരങ്ങള്‍ കൂലി വേലക്കാരാണ്. ആറ് വര്‍ഷമായി ഇയാള്‍ പതിവായി നാട്ടില്‍ തങ്ങിയിട്ട്. റെയില്‍വേ പോലീസുകാരന്‍ കൊല്ലപ്പെട്ട ശേഷമാണ് നാട്ടില്‍ വരാതായത്. അരുണിന്റെ മാതാപിതാക്കള്‍ 15 വര്‍ഷം മുമ്പ് മരിച്ചതാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.












Click it and Unblock the Notifications