ഇനി ഒരാഴ്ച മാത്രം; ഈ കാര്യങ്ങളില്‍ മാറ്റം വരുത്തിയില്ലേ..? കാലാവധി അവസാനിക്കാന്‍ പോകുന്നു
ന്യൂദല്‍ഹി: 2023 ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. പ്രധാനമായും ധനകാര്യ ഇടപാടുകളിലാണ് ഇത് പ്രതിഫലിക്കാന്‍ പോകുന്നത്. മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ടുകള്‍ എന്നിവയ്ക്കായി നോമിനികളെ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും. വിദേശ ചെലവുകള്‍ സംബന്ധിച്ച പുതിയ ടിസിഎസ് നിയമവും അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും.
2000 രൂപ നോട്ടുകള്‍ മാറുന്നതിനുള്ള അവസാന മാസവും സെപ്റ്റംബറായിരിക്കും. നിലവില്‍ ഈ തിയതികളൊന്നും നീട്ടുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളോ ധാരണയോ ഇല്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.

സംയുക്തമായി കൈവശം വച്ചിരിക്കുന്നവ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ക്കും നോമിനികളെ ചേര്‍ക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഇത് ചെയ്യുന്നതില്‍ വീഴ്ട വീഴ്ച വരുത്തിയാല്‍ ഡെബിറ്റുകള്‍ക്കായി ഫോളിയോകള്‍ മരവിപ്പിക്കപ്പെടും. ക്രെഡിറ്റ് കാര്‍ഡുകളിലെ നിങ്ങളുടെ വിദേശ ചെലവുകള്‍ 7 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ നിങ്ങള്‍ 20 ശതമാനം ടിസിഎസിന് വിധേയമായിരിക്കും.
എന്നാല്‍ അത്തരം ചെലവുകള്‍ മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നതാണെങ്കില്‍, ടിസിഎസ് 5 എന്ന നിരക്കായിരിക്കും ചുമത്തുക. വിദേശ വിദ്യാഭ്യാസത്തിനായി ലോണ്‍ എടുക്കുന്ന ആളുകള്‍ക്ക് 7 ലക്ഷം രൂപ പരിധിക്ക് മുകളില്‍ 0.5 ശതമാനം കുറഞ്ഞ ടിസിഎസ് നിരക്ക് ചുമത്തും. 2023-24 ലെ യൂണിയന്‍ ബജറ്റില്‍ കേന്ദ്രം വിദേശ ടൂര്‍ പാക്കേജുകള്‍ക്കും എല്‍ആര്‍എസ് പ്രകാരം അയക്കുന്ന ഫണ്ടുകള്‍ക്കും ടിസിഎസ് നിരക്കുകള്‍ നിലവിലെ 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയിരുന്നു.
നിലവിലുള്ള ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള ഗുണഭോക്താവിനെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും. അക്കൗണ്ടില്‍ നോമിനേഷന്‍ ചെയ്തില്ലെങ്കില്‍ ഈ അക്കൗണ്ടില്‍ ഇടപാടുകള്‍ സാധിക്കില്ല. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപിച്ചവര്‍ സെപ്തംബര്‍ 30 ഓടെ ആധാര്‍ നമ്പര്‍ പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ സമര്‍പ്പിക്കണം.
അല്ലാത്തപക്ഷം ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍ മരവിപ്പിക്കുന്നതിന് കാരണമാകും. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തിയതിയും സെപ്തംബര്‍ 30 ആണ്. അടുത്ത മാസം മുതല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ആധാറിനും സര്‍ക്കാര്‍ ജോലികള്‍ക്കും വേണ്ട ഒരൊറ്റ രേഖയായി മാറിയിരിക്കുന്നു. ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ 1 മുതല്‍ ആണ് രാജ്യത്ത് പ്രാബല്യത്തില്‍ വരിക.












Click it and Unblock the Notifications