ദീപാവലിക്ക് കോളടിച്ചത് ഈ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്; 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ്
ന്യൂഡല്‍ഹി: ഇക്കുറി ദീപാവലിക്ക് കോളടിച്ചത് ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാര്‍ക്ക്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാര്‍ക്കായി വമ്പന്‍ പ്രഖ്യാപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ദീപാവലിയോട് അനുബന്ധിച്ച് 10.9 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കാനാണ് തീരുമാനം. ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം.
ഉല്‍പാദന ക്ഷമതയുമായി ബന്ധപ്പെട്ട ബോണസിനാണ് (പിഎല്‍ബി) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനായി 1866 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കുന്നത്. 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കാനാണ് തീരുമാനം. ഗസറ്റഡ് അല്ലാത്ത റെയില്‍വേ ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുന്നത്.

ദീപാവലിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോണസ് പ്രഖ്യാപിച്ചത്. നവംബറില്‍ ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതു മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമാണെന്ന വിലയിരുത്തലുകളും ഉണ്ട്.
ഇന്ത്യന്‍ റെയില്‍വേയിലെ 10.9 ലക്ഷം ജീവനക്കാര്‍ക്ക് ഈ പ്രഖ്യാപനം പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ തീരുമാനമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതി പ്രകാരം യോഗ്യരായ ഓരോ ജീവനക്കാരനും നല്‍കുന്ന ബോണസ് തുക പരമാവധി 17,951 രൂപയാണ്.
നോണ്‍-റെയില്‍വേ ജീവനക്കാരായ ട്രാക്ക് മെയിന്റനര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍), സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, ടെക്‌നീഷ്യന്‍ സഹായികള്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് തുടങ്ങി ഗസറ്റഡ് അല്ലാത്ത ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം 11.72 ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ക്ക് ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനായി 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് തുകയായ 2,029 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. രാജ്യവ്യാപകമായി ജീവനക്കാരുടെ മനോവീര്യവും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കാനും ഇതു കാരണമായി. എല്ലാ വര്‍ഷവും ദുര്‍ഗാ പൂജ അവധി ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍ഹതയുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത്.
ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ ഇക്കുറി ഉല്‍സവ സീസണില്‍ വിപണിയില്‍ വലിയ ഉണര്‍വാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം ബോണസുകള്‍ അനുവദിക്കുന്നതിലൂടെ ഇലക്ട്രോണിക്‌സ് മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ള വസ്തുക്കളുടെ ഗാര്‍ഹിക ഉപഭോഗത്തെ നേരിട്ട് പ്രോത്സാഹിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications