ഈ യുപിഐ സേവനങ്ങൾക്ക് ഇനി മുതൽ പണം നൽകേണ്ടി വരും; തീരുമാനം ഏപ്രിൽ 1 മുതൽ
ദില്ലി: യു പി ഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാനൊരുങ്ങി നാഷ്ണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ. ഞെട്ടേണ്ടതില്ല, എല്ലാ ഇടപാടുകൾക്കും പുതിയ തീരുമാനം ബാധകമാകില്ല. കച്ചവടക്കാരായ ഉപഭോക്താക്കളിൽ നിന്നായിരിക്കും ഇന്റർചേഞ്ച് ഫീസ് പിടിക്കുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്കായി ഏർപ്പെടുത്താനാണ് തീരുമാനം.
അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ച് ഉപയോഗിക്കേണ്ട വാലറ്റ് സംവിധാനത്തിനായിരിക്കും ട്രാൻസാക്ഷൻ ഫീ നൽകേണ്ടത്.2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ട്രാൻസാക്ഷൻ നടത്തുന്ന ഇടപാടുകാരിൽ നിന്നും ഫീസ് ഈടാക്കണമെന്ന നിർദ്ദേശമാണ് നാഷ്ണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ റിസർവ്വ് ബാങ്കിന് മുന്നിൽ വെച്ചിരിക്കുന്നത്.

യുപിഐ ഇടപാടുകളുടെ ഉയർന്ന ചെലവ് മൂലും ബുദ്ധിമുട്ടുന്ന ബാങ്കുകളുടെയും പേയ്‌മെന്റ് സേവന ദാതാക്കളുടെയും വരുമാനം വർധിപ്പിക്കാനാണ് ഈ നീക്കം. നിർദ്ദേശം റിസർവ്വ് ബാങ്ക് അംഗീകരിച്ചാൽ ഏപ്രിൽ 1 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. 2023 സെപ്റ്റംബർ 30-നകം ഇന്റർചേഞ്ച് ഫീസുകൾ അവലോകനം ചെയ്യും.
യുപിഐ ട്രാൻസാക്ഷൻ നടത്തുമ്പോൾ സാധാരണ നിലയിൽ പണം അടക്കുന്ന വ്യാപാരിയുടെ ബാങ്കാണ് പണം സ്വീകരിക്കുന്ന വ്യക്തിയുടെ ബാങ്കിന് ഇന്റർചേഞ്ച് ഫീ നൽകി വരുന്നത്. പുതിയ തീരുമാനം ഒരിക്കലും വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലോ ഉള്ള ഇടപാടുകളെ ബാധിക്കില്ല.
ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികൾ/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്ക് 0.7 ശതമാനം, സൂപ്പർമാർക്കറ്റിന് 0.9 ശതമാനം, മ്യൂച്വൽ ഫണ്ട്, സർക്കാർ, ഇൻഷുറൻസ്, റെയിൽവേ എന്നിവയ്ക്ക് 1 ശതമാനം എന്നിങ്ങനെയാണ് ഈടാക്കുക.












Click it and Unblock the Notifications