'ചേട്ടൻ തള്ളിയെന്നാണ് പറയുന്നത്', രാഹുൽ ഗാന്ധിക്കെതിരെ ഗൂഢാലോചനയെന്ന് പ്രിയങ്ക
രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്ന് സഹോദരിയും കോൺഗ്രസ് എംപിയുമായ പ്രിയങ്ക ഗാന്ധി. അമിത് ഷായെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ജയ് ഭീം എന്ന് വിളിച്ച് ഡോ ബിആർ അംബേദ്കറിന്റെ ഫോട്ടോയുമായി രാഹുൽ ജി വളരെ സമാധാനപരമായിട്ടാണ് പാർലമെന്റിലേക്ക് കടന്നത്. എന്നാൽ അദ്ദേഹത്തെ ആരാണ് തടഞ്ഞതെന്ന് നിങ്ങൾക്ക് കാണാം. ഞങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ പ്രതിഷേധം തീർക്കുന്നുണ്ട്. എന്നാൽ ഇതിനിടയിലും മറ്റുള്ളവർക്ക് വഴിയൊരുക്കിയിരുന്നു. പക്ഷെ ഇന്ന്, അവർ പ്രതിഷേധിച്ചപ്പോൾ ഗുണ്ടകളെ പോലെയാണ് പെരുമാറിയത്.

അമിത് ഷാ ജിയെ സംരക്ഷിക്കാനാണ് അവർ ചേട്ടനെതിരെ ഗൂഢാലോചന നടത്തുന്നത്. അദ്ദേഹം ആരെയോ തള്ളിയെന്നാണ് ആരോപണം. ഖാർഗെജിയെ തള്ളുന്നത് അദ്ദേഹം നിലത്ത് വീഴുന്നതും ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. അദ്ദേഹത്തിന് പിന്നാലെ ഒരു സി പി എംപിയെയേയും തള്ളി, അദ്ദേഹം ഖാർഗെജിയുടെ മുകളിൽ വീണു. ഇതെല്ലാം ഗൂഢാലോചനയാണ്. ബി ജെ പിയുടെ യഥാർത്ഥ ഉദ്ദേശം ഇന്ന് വ്യക്തമായി കണ്ടു. ഞാൻ ബി ജെ പിയെ വെല്ലുവിളിക്കുകയാണ്. ജയ് ഭീം എന്ന് പറയാനുള്ള ധൈര്യം അവർക്കുണ്ടോ', പ്രിയങ്ക ചോദിച്ചു.
അംബേദ്കർ വിവാദത്തിൽ ഇന്ന് പാർലമെന്റിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്ക് നേർ ഏറ്റുമുട്ടുന്നതായിരുന്നു കാഴ്ച. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഇന്ത്യ സഖ്യത്തിലെ എംപിമാർ എത്തിയതോടെ എൻ ഡി എ എംപിമാർ മുദ്രാവാക്യം വിളികളുമായി പാർലമെന്റ് വളപ്പിൽ അണിനിരന്നു. ഇതോടെ ഇരുപക്ഷവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ രണ്ട് ബി ജെ പി എംപിമാർക്ക് പരിക്കേറ്റു. ഇരുവരേയും പിന്നീട് ഐസിയുവിൽ പ്രവേശിപ്പിച്ചു. അതേസമയം രാഹുൽ ഗാന്ധിയാണ് എംപിമാരെ തള്ളിയിട്ടതെന്ന് ആരോപിച്ച് ബി ജെ പി പോലീസിൽ പരാതി നൽകി. പരാതിയിൽ വധശ്രമത്തിനടക്കം രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും അംബേദ്കറിനെതിരായ പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.












Click it and Unblock the Notifications