15 മീറ്റര്‍ തുരന്നു, കുടുങ്ങി കിടക്കുന്നവരെ കണ്ടു, സംഭവിച്ചത് തുറന്ന് പറഞ്ഞ് റാറ്റ് ഹോള്‍ മൈനേഴ്‌സ്
ന്യൂഡല്‍ഹി: സില്‍ക്ക്യാരയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത് റാറ്റ് ഹോള്‍ മൈനേഴ്‌സ്. ഇവര്‍ തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെയാണ് മൈനേഴ്‌സ് കുടുങ്ങി കിടക്കുന്നവര്‍ക്ക് അടുത്തേക്ക് എത്തിയത്. അതേസമയം ഇവര്‍ക്ക് അടുത്ത് എത്തിയപ്പോള്‍ ഒരു പുഞ്ചിരിയോടെ അവര്‍ നോക്കുകയായിരുന്നുവെന്ന് റാറ്റ്‌ഹോള്‍ മൈനറായ ദേവേന്ദ്ര പറയുന്നു.
ഇവിടെ കൃത്യമായി ശ്വസിക്കുക പോലും ബുദ്ധിമുട്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അവര്‍ ഞങ്ങളെ കണ്ടതില്‍ വളരെയധികം സന്തോഷത്തിലായിരുന്നു. അവര്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു. ബദാം കഴിക്കാന്‍ തന്നുവെന്നും ദേവേന്ദ്ര പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു പ്രതികരണം.15 മീറ്ററോളമാണ് ഞങ്ങള്‍ തുരന്നത്. വലിയ സന്തോഷത്തിലായിരുന്നു അവരെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയതെന്നും മറ്റൊരു റാറ്റ് മൈനര്‍ പറഞ്ഞു.

അതേസമയം അമേരിക്കന്‍ നിര്‍മിത ഡ്രില്ലിംഗ് മെഷീന്‍ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു റാറ്റ് ഹോള്‍ മൈനിംഗ് നടത്താമെന്ന് തീരുമാനിച്ചത്. ഇത് ഇന്ത്യയിലാകെ നിരോധിച്ച ഖനന പ്രക്രിയയാണ്. ഇവര്‍ തന്നെ തുരന്ന് ദ്വാരമുണ്ടാക്കി വേണം തൊഴിലാളികള്‍ക്ക് അടുത്തെത്താന്‍. രക്ഷാപ്രവര്‍ത്തനത്തിനായി തന്റെ സംഘം ഒരുപാട് കഷ്ടപ്പെട്ടുവെന്ന് ടീം ലീഡര്‍ വ്യക്തമാക്കി.
തീര്‍ച്ചയായും അവരെ രക്ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഇത് ജീവിതത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന കാര്യമാണ്. 24 മണിക്കൂര്‍ നിര്‍ത്താതെ തുരന്ന ശേഷമാണ് അവര്‍ക്കടുത്തേക്ക് എത്താനായതെന്നും ടീം ലീഡര്‍ വ്യക്തമാക്കി. അതേസമയം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയും റാറ്റ് ഹോള്‍ മൈനര്‍മാരുടെ പങ്ക് എത്രത്തോളമുണ്ടെന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ നന്ദി അറിയിക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിനുള്ള മെഷീനുകള്‍ ഇടയ്ക്കിടെ തകരാറിലായിരുന്നു. എന്നാല്‍ മാനുവല്‍ മൈനര്‍മാരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. കുടുങ്ങി കിടന്നവരെ ഞാന്‍ കണ്ടിരുന്നു. തുരങ്കത്തിനകത്ത് അവര്‍ക്ക് പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നാണ് പറഞ്ഞതെന്നും ധമി പറഞ്ഞു. അതേസമയം 41 പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും ധമി വ്യക്തമാക്കി.
ഇവര്‍ക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. ഇവര്‍ വ്യത്യസ്തമായ അന്തരീക്ഷത്തില്‍ കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരണമാണെന്നും പുഷ്‌കര്‍ സിംഗ് ധമി പറഞ്ഞു.
അതേസമയം 41 പേരെയും ചിന്‍യാലിസോര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെ നേരത്തെ തന്നെ 41 ഐസിയു കിടക്കകള്‍ സജ്ജമാക്കിയിരുന്നു. എല്ലാ ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപ സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ഉയരം കുറഞ്ഞവരെയാണ് പുറത്തെത്തിച്ചത്. പിന്നീടാണ് ഉയരം കൂടിയവരെ പുറത്തേക്ക് കൊണ്ടുവന്നതെന്നും ധമി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications