'ധൂം 2' മോഡലില്‍ മ്യൂസിയം മോഷണം; ഹൃത്വികിനെ പോലെ ഉയരത്തില്‍ നിന്ന് ചാടി, കാലൊടിഞ്ഞതോടെ ബോധം പോയി!
ഭോപ്പാല്‍: ഭോപ്പാലിലെ സുപ്രസിദ്ധമായ സ്റ്റേറ്റ് മ്യൂസിയത്തില്‍ നിന്ന് രത്‌നങ്ങളും പുരാതന സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്‍ പിടിയില്‍. വിനോദ് യാദവ് എന്ന സുപ്രസിദ്ധ മോഷ്ടാവാണ് പൊലീസ് പിടിയിലായത്. ബോളിവുഡ് ചിത്രമായ 'ധൂം 2' ലെ ഹൃത്വിക് റോഷന്റെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിനോദ് യാദവ് മ്യൂസിയം മോഷ്ടിക്കാനായി തിരഞ്ഞെടുത്തത്.
ഇതിനായി ഞായറാഴ്ച വൈകീട്ട് ടിക്കറ്റുമായി വിനോദ് യാദവ് മ്യൂസിയത്തില്‍ കയറിയിരുന്നു. മ്യൂസിയം അടയ്ക്കുന്നത് വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിനോദ് യാദവ് അതിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് വിനോദ് യാദവ് രണ്ട് ഗാലറി മുറികള്‍ തകര്‍ത്ത് വിലയേറിയ പുരാവസ്തുക്കളും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.

എന്നാല്‍ യഥാര്‍ത്ഥ ട്വിസ്റ്റ് വരുന്നത് പിന്നീടാണ്. ചൊവ്വാഴ്ച രാവിലെ 10.30-ന് മ്യൂസിയം തുറന്നപ്പോഴാണ് തകര്‍ന്ന ഗ്ലാസും വിലപിടിപ്പുള്ള നിരവധി വസ്തുക്കളും നഷ്ടപ്പെട്ടതായി ജീവനക്കാര്‍ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പരിസരത്ത് തിരച്ചില്‍ തുടങ്ങി. തിരച്ചിലിനിടെ മോഷ്ടിച്ച പുരാവസ്തുക്കള്‍ നിറച്ച വലിയ ബാഗുമായി മ്യൂസിയത്തിന് സമീപമുള്ള ഇടനാഴിയില്‍ ബോധരഹിതനായി കിടക്കുന്ന വിനോദ് യാദവിനെ കണ്ടെത്തി.
ആഭരണങ്ങളും പുരാതന രത്‌ന പാത്രങ്ങളും ബ്രിട്ടീഷുകാരുടെയും നവാബ് കാലഘട്ടത്തിലെയും മറ്റ് വസ്തുക്കളും ഗുപ്ത കാലഘട്ടത്തിലെ സ്വര്‍ണ്ണ നാണയങ്ങളും ബാഗിലുണ്ടായിരുന്നു.ഏകദേശം 15 കോടി രൂപയുടെ വസ്തുക്കളായിരുന്നു വിനോദ് മോഷ്ടിച്ചിരുന്നത്. എന്നാല്‍ മോഷണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിനോദ് യാദവ് 23 അടിയിലധികം ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു.
കാലിന് പരിക്കേറ്റതിനാല്‍ അനങ്ങാനായില്ല. 'പ്രതി മതില്‍ ചാടാന്‍ ശ്രമിച്ചതായി തോന്നുന്നു. പക്ഷേ പരാജയപ്പെട്ടതാണ് പരിക്കിന് കാരണമായത്,' ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) റിയാസ് ഇഖ്ബാല്‍ പറഞ്ഞു. മ്യൂസിയത്തില്‍ നിന്ന് 50 വിരലടയാളങ്ങള്‍ ശേഖരിച്ചതായി അദ്ദേഹം പറഞ്ഞു. മ്യൂസിയത്തിന് പുറത്ത് വിനോദിന് സഹായികളായി കൂട്ടാളികളുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
50 മുതല്‍ 100 ഗ്രാം വരെ ഭാരമുള്ള സ്വര്‍ണ നാണയങ്ങളും 8 മുതല്‍ 10 കോടി രൂപ വരെ വിലമതിക്കുന്നവ വസ്തുക്കളും വിനോദില്‍ നിന്ന് കണ്ടെടുത്തു. കണ്ടെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 15 കോടി രൂപയോളം വരുമെന്ന് ഡിസിപി ഇക്ബാല്‍ പറഞ്ഞു. ഇവ മ്യൂസിയത്തിലെ രണ്ട് മുറികളില്‍ നിന്ന് എടുത്തതാണ്. മ്യൂസിയത്തിലാകെ 50 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കളുണ്ട്.
അതേസമയം മ്യൂസിയത്തില്‍ അലാറം സംവിധാനമില്ലാത്തതും സിസിടിവി ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമായതും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയര്‍ത്താന്‍ ഈ സംഭവം ഇടയാക്കി. കൂടാതെ, അലൂമിനിയം കൊണ്ട് നിര്‍മ്മിച്ച മ്യൂസിയത്തിന്റെ വാതിലുകള്‍ ദുര്‍ബലമാണെന്ന് കണ്ടെത്തി. മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ എളുപ്പത്തില്‍ പൊട്ടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടാണ്‌ല നിര്‍മിച്ചിരിക്കുന്നത്.
ഈ പോരായ്മകള്‍ക്കിടയിലും സുരക്ഷാ ജീവനക്കാരുടെ ജാഗ്രത മോഷണം തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗാര്‍ഡുകളുടെ നിരന്തര പട്രോളിംഗ് കാരണം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായതായി പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിനോദ് യാദവിന്റെ പശ്ചാത്തലവും ബന്ധങ്ങളും അന്വേഷിക്കാന്‍ ബിഹാറിലെ ഗയയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒരു പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്.












Click it and Unblock the Notifications