ആഡംബരത്തോട് നോ, ശുചിമുറി വൃത്തിയാക്കുന്നതും സ്വയം; അത്ഭുതപ്പെടുത്തും ഋഷി സുനക്കിന്റെ ഈ ഭാര്യാ പിതാവ്
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന്റെ ഇന്ത്യന്‍ വേരുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പഞ്ചാബില്‍ വേരുകളുള്ള 42കാരനാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും ഏഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയുടെ മകളായ അക്ഷതാ മൂര്‍ത്തിയാണ് സുനകിന്റെ ജീവിത പങ്കാളി. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ ഭാര്യാ പിതാവ് ഇന്‍ഫോസിസ് നാരായണ മൂര്‍ത്തിയെ കുറിച്ചും ചര്‍ച്ചയാകുകയാണ്.

ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള വ്യവസായിയാണ് നാരായണ മൂര്‍ത്തി. എന്നാലും ഇപ്പോഴും ബംഗളൂരിലെ ഒരു ഫ്‌ളാറ്റില്‍ തന്റെ ഭാര്യ സുധാ മൂര്‍ത്തിക്കൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. വളരെ ലാളിത്യം നിറഞ്ഞ ജീവിതമാണ് നാരായണ മൂര്‍ത്തിയുടേത്. ഇപ്പോഴും സ്വന്തമായി കാര്‍ ഓടിച്ചും താന്‍ കഴിച്ച് പാത്രങ്ങള്‍ പോലും എന്തിനേറെ പറയുന്നു, തന്റെ ശുചി മുറി പോലും അദ്ദേഹം തന്നെയാണ് വൃത്തിയാക്കുന്നത്.

1981ല്‍ ആണ് 9.6 ബില്യണ്‍ പൗണ്ട് മൂല്യമുള്ള ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസ് എന്ന സോഫ്റ്റ്വെയര്‍ സ്ഥാപനം അദ്ദേഹം സ്ഥാപിക്കുന്നത്. 345,000-ത്തിലധികം ആളുകള്‍ ഇപ്പോഴും ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റ ശതകോടീശ്വരുമായി തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തമായ ജീവിതമാണ് നാരായണ മൂര്‍ത്തിയും സുധയും നയിക്കുന്നത്.

ആഡംബരം നിറഞ്ഞ ജീവിതം ഒരിക്കലും അവര്‍ ആഗ്രഹിക്കുന്നില്ല. ആഡംബര അവധിദിനങ്ങളോ സ്വകാര്യ ജെറ്റുകളോ ഇല്ല, ഗംഭീരമായ വീടുകളില്ല, ആഡംബര ബ്രാന്‍ഡുകളിലോ അവര്‍ക്ക് താല്‍പര്യമില്ല. അവരെ സംബന്ധിച്ച് എല്ലാം വളരെ ലളിതമാണ്. വായനയല്ലാതെ മറ്റൊന്നും ഇഷ്ടപ്പെടാത്ത അന്തര്‍മുഖനാണ് നാരായണ മൂര്‍ത്തി എന്ന ശതകോടീശ്വരന്‍.

സുധയുടെ 2017ല്‍ പുറത്തിറങ്ങിയ പുസ്തകമായ ത്രീ തൗസന്റ് സ്റ്റിച്ചസില്‍, തന്റെ ഭര്‍ത്താവ് എങ്ങനെ സ്വന്തം ടോയ്ലറ്റ് വൃത്തിയാക്കുന്നുവെന്നും പല ഇന്ത്യക്കാരും താഴ്ന്ന ജാതിയിലെ ജീവനക്കാര്‍ക്ക് സാധാരണയായി നല്‍കുന്ന ജോലിയെക്കുറിച്ചും ഭക്ഷണത്തിന് ശേഷം സ്വന്തം പ്ലേറ്റ് കഴുകുന്നതിനെക്കുറിച്ചും അവര്‍ വിവരിച്ചിരുന്നു.

മൂര്‍ത്തിയും ആറ് എഞ്ചിനീയര്‍ സുഹൃത്തുക്കളും തന്റെ ഫ്‌ലാറ്റില്‍ ഇരുന്നു സോഫ്റ്റ്വെയര്‍ കോഡുകള്‍ ഉണ്ടാക്കാന്‍ എങ്ങനെ ഒരു കമ്പനി ഉണ്ടാക്കാം എന്ന് ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇന്‍ഫോസിസ് സ്ഥാപിച്ചത്. അന്ന് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ പോലും അവര്‍ക്കുണ്ടായിരുന്നില്ല. മൂര്‍ത്തിയുടെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ കമ്പനി ആരംഭിക്കുന്നതിന് സുധയില്‍ നിന്ന് 10,000 രൂപ കടം വാങ്ങേണ്ടി വന്ന കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

പിന്നീട് സോഫ്റ്റ്വെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്‍സള്‍ട്ടിംഗ്, ടെക്നോളജി, ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി ഇന്‍ഫോസിസ് വളരുകയായിരുന്നു. പിന്നീട് അങ്ങോട്ട് ഇന്‍ഫോസിസിന്റെ വരുമാനം 1999 മുതല്‍ 2004 വരെ പതിന്മടങ്ങായി വര്‍ദ്ധിച്ച് 1 ബില്യണ്‍ ഡോളറിലെത്തി. ഇന്ന് അതിന്റെ മൂല്യം 11 ബില്യണ്‍ ഡോളറാണ്.

റിട്ടയര്‍ ആവുന്ന കാലം വരെ മൂര്‍ത്തി എന്നും രാവിലെ 6.20ന് ഓഫീസില്‍ എത്തും. തന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് കൃത്യനിഷ്ടയെ കുറിച്ച് സന്ദേശം നല്‍കാന്‍ ഇതില്‍ കൂടുതല്‍ ഒന്നും തന്നെ വേണ്ടായിരുന്നു. എഴുപതുകളിലേക്കുള്ള യാത്രയില്‍ മൂര്‍ത്തിയും കുടുംബവും ഒരു ക്ലാസിക് മിഡില്‍ ക്ലാസ് ദക്ഷിണേന്ത്യന്‍ ദമ്പതികളായാണ് ജീവിക്കുന്നത്. ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍ എന്നിവയില്‍ ലാളിത്യം എല്ലാവരെയും അത്ഭുതപ്പെടുത്തും.

ഇന്‍ഫോസിസിന്റെ തുടക്ക കാലത്ത് പണം കുറവായിരുന്നപ്പോള്‍, അന്താരാഷ്ട്ര വിമാനങ്ങളില്‍ പോലും മൂര്‍ത്തി ഇക്കണോമി ക്ലാസില്‍ മാത്രമാണ് യാത്ര ചെയ്തത്. കമ്പനി 1 ബില്യണ്‍ ഡോളര്‍ വരുമാനത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹം അത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാവര്‍ക്കും മാതൃകയാകുന്ന ഒരു ജീവിതമാണ് നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും.












Click it and Unblock the Notifications