24 മണിക്കൂറും സുരക്ഷയ്ക്കായി നാല് പേര്‍, പരിപാലനത്തിന് വര്‍ഷം 12 ലക്ഷം; ഇന്ത്യയിലെ 'വിവിഐപി' മരം
ഭോപ്പാല്‍: ഒരു മരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ചെലവാകുന്നത് 12 ലക്ഷം രൂപയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിക്കണം. മധ്യപ്രദേശ് സല്‍മത് പൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു ആല്‍മരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 12 ലക്ഷം രൂപയാണ്.
ഇന്ത്യയിലെ ആദ്യത്തെ വിവിഐപി വൃക്ഷം എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ ആല്‍ മരം, മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനും വിദിഷ പട്ടണത്തിനും ഇടയില്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സാഞ്ചി ബുദ്ധ സമുച്ചയത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ്. 24 മണിക്കൂറും നാല് സുരക്ഷ ജീവനക്കാരാണ് ഈ മരത്തിന് ചുറ്റുമുണ്ടാകുക. ഈ മരത്തിന്റെ ഒരു ഇലപോലും ഉണങ്ങാതിരിക്കാനുള്ള ശ്രദ്ധ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ ചെലുത്തുന്നുണ്ട്.

2012ല്‍ അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയാണ് ഈ മരം നട്ടത്. ശ്രീലങ്കയില്‍ നിന്നാണ് ഈ തൈ കൊണ്ടുവന്നത്. ഗൗതം ബുദ്ധന്‍ ജ്ഞാനോദയം നേടിയതായി പറഞ്ഞ അതേ ബോധിവൃക്ഷത്തിന്റേതാണ് തൈ ആണ് ഇതെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ബുദ്ധമത വിശ്വാസികള്‍ വലിയ പ്രധാന്യമാണ് ഈ മരത്തിന് നല്‍കുന്നത്. മരം സ്ഥിതി ചെയ്യുന്ന കുന്ന് സാഞ്ചി ബുദ്ധ സര്‍വ്വകലാശാലയ്ക്ക് വേണ്ടി അനുവദിച്ചിട്ടുണ്ട്.
ഈ പ്രദേശം മുഴുവന്‍ ഒരു ബുദ്ധ സര്‍ക്യൂട്ടായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ബുദ്ധമത അനുയായികള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ളതിനാലാണ് ഈ മരം ഇവിടെ നട്ടുപിടിപ്പിച്ചത്. ബുദ്ധന് ബോധോദയം ലഭിച്ചത് ബോധഗയയിലെ ഈ വൃക്ഷത്തിന്‍കീഴിലാണെന്ന് ബുദ്ധമത ആചാര്യനായ ചന്ദ്രരതന്‍ പറയുന്നു. അശോക ചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്രയാണ് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കൊണ്ടുപോയി അനുരാധപുരത്ത് ഈ മരം നട്ടതെന്നാണ് ഐതീഹ്യം.
ഈ മരത്തിന് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി 15 അട്ി പൊക്കത്തില്‍ ഒരു കമ്പി വേലി കെട്ടിയിട്ടുണ്ട്. എല്ലാ ദിവസം 24 മണിക്കൂറും ഈ മരം നിരീക്ഷിക്കപ്പെടുന്നുണ്ട്. മരം നനയ്ക്കുന്നതിന് പ്രത്യേകം വാട്ടര്‍ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ ഈ മരത്തിന് രോഗങ്ങളില്ലെന്ന് ഉറപ്പാക്കും. കൂടാതെ ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടവും മരത്തിന് മേലുണ്ട്.
മരം സംരക്ഷിക്കുന്നതിന് ഒരു സെക്യൂരിറ്റി ഗാര്‍ഡിന് പ്രതിമാസം 26,000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നാല് സെക്യൂരിറ്റി ഗാര്‍ഡുകള്‍ മരത്തിന്റെ സുരക്ഷയുടെ ഭാഗമായതിനാല്‍, പ്രതിമാസ സുരക്ഷാ ചെലവ് 1,04,000 വരും. ഒരു വര്‍ഷം മുഴുവന്‍ ഇങ്ങനെ ചെലവാക്കിയാല്‍ 12.48 ലക്ഷം രൂപ ചെലവ് വരും.












Click it and Unblock the Notifications