മൂന്നാമത്തെ കുട്ടിയെ പ്രസവിച്ച നഗരസഭാ കൗണ്‍സിലറെ പുറത്താക്കി
വല്‍സാദ്: ഗുജറാത്ത് മുന്‍സിപ്പല്‍ ആക്ടിന് വിരുദ്ധമായി മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയ നഗരസഭാ കൗണ്‍സിലറെ പുറത്താക്കി. ഗുജറാത്തിലെ വല്‍സാദ് നഗരസഭാ കൗണ്‍സിലറായ മനീഷ പട്ടേലിനെയാണ് ചീഫ് ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്. മനീഷ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതായി കാട്ടി കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് സസ്‌പെന്‍ഷന്‍.
നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2005-2006 കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ക്കോ രണ്ട് കുട്ടികളില്‍ അധികം പാടില്ലെന്ന് നിയമം കൊണ്ടുവന്നിരുന്നു. നിയമം തെറ്റിച്ചെന്ന് കണ്ടെത്തിയിതിനെ തുടര്‍ന്നാണ് മനീഷ പട്ടേലിന് സ്ഥാനം നഷ്ടമായത്.

തനിക്ക് രണ്ട് കുട്ടികളാണ് ഉള്ളതെന്ന് ഇവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ഇതോടെ ഇവരെ അയോഗ്യയാക്കണമെന്ന് കാട്ടി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചീഫ് ഓഫീസര്‍ നടത്തിയ അന്വേഷത്തിനൊടുവില്‍ മനീഷ നിയമം തെറ്റിച്ചതായി കണ്ടെത്തി.
ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് കാട്ടിയാണ് മോദി മന്ത്രിസഭ ഇത്തരമൊരു നിയമത്തിന് അംഗീകാരം നല്‍കിയത്. ഇതുവഴി ജനങ്ങള്‍ ബോധവാന്മാരാകുമെന്നും രാജ്യത്തെ ജനസംഖ്യാവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടി. 2013ല്‍ രാജ്‌ക്കോട്ട് നഗരസഭാ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായിരുന്ന സഞ്ജയ് ധാവയെയും ഇതേ നിയമം പ്രകാരം അയോഗ്യനാക്കിയിരുന്നു












Click it and Unblock the Notifications