ജാർഖണ്ഡില്‍ എന്‍ഡിഎയ്ക്കും ഇന്ത്യാ മുന്നണിക്കും വെല്ലുവിളിയായി മൂന്നാം ബദല്‍: 10 പാർട്ടികളുടെ സഖ്യം
ഡല്‍ഹി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജാർഖണ്ഡില്‍ മൂന്നാം മുന്നണി രൂപീകരിച്ച് പ്രാദേശിക പാർട്ടികള്‍. എന്‍ ഡി എ, ഐ എന്‍ ഡി ഐ എ കക്ഷികള്‍ക്ക് ബദലായി പത്ത് പാർട്ടികളുടെ നേൃത്വത്തിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. ജാർഖണ്ഡ് നവനിർമാൺ മഹാസഭ മൂന്നാം സഖ്യം (ജൻമത്) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചത്.
ജാർഖണ്ഡ് പീപ്പിൾസ് പാർട്ടി (ജെ പി പി) പ്രസിഡൻ്റ് സൂര്യ സിംഗ് ബെസ്രയും ജെ എം എം (ഉൽഗുലാൻ) മേധാവി കൃഷ്ണ മർദിയുടേയും നേതൃത്വത്തിലാണ് പുതിയ സഖ്യം രൂപീകരിച്ചിട്ടുള്ളത്. 2024ലെ ജാർഖണ്ഡ് അസംബ്ലി തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്കും ഐ എന്‍ ഡി ഐ എ സഖ്യ പാർട്ടികൾക്കും എതിരെ മത്സരിക്കുന്നതിനായി ജൻമത് സഖ്യത്തിൻ്റെ ഏകോപന സമിതി രൂപീകരിക്കുന്നതിനുള്ള യോഗം ഓഗസ്റ്റ് 8 ന് ജംഷഡ്പൂരിൽ നടക്കുമെന്നും സൂര്യ സിംഗ് ബെസ്ര വ്യക്തമാക്കി.

സംസ്ഥാനത്തെ 81 നിയമസഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് മൂന്നാം മുന്നണിയുടെ നീക്കം. ജാർഖണ്ഡ് രൂപീകരിച്ചിട്ട് 24 വർഷമായി. ഇതില്‍ 17 വർഷമായും ബി ജെ പിയും ജെ എം എമ്മും സംസ്ഥാനം മാറി മാറി ഭരിച്ചുകൊണ്ടിരിക്കുകയാണെന്നും സൂര്യ സിംഗ് ബെസ്‌ര പറഞ്ഞു. ഇരു പാർട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ജാർഖണ്ഡിലെ ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനത്ത് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് തങ്ങളുടെ സഖ്യം ലക്ഷ്യമിടുന്നത. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ മാറ്റുന്നതിനായി 5 കോടി രൂപ വീതം ഫണ്ട് അനുവദിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. അഴിമതി തുടച്ചുനീക്കുക, യുവാക്കൾക്ക് തൊഴിൽ നൽകുക, സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന മുൻഗണനകളെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ ജന ക്രാന്തി മോർച്ചയുടെ മൗലാന അബ്ദുൾ മൊബിൻ റിസ്വി, മുൻ കൗൺസിലർ റുസ്തം അൻസാരി, ജെ എം എം ഉൽഗുലാനിലെ ഖേദാൻ മഹാതോ, കലാവതി ദേവി, ബി എസ് പി നേതാവ് കിരൺ സിൻഹ എന്നിവരാണ് മുന്നണി പ്രഖ്യാപനത്തിൽ പങ്കെടുത്ത മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍.












Click it and Unblock the Notifications