നാടുകടത്തപ്പെട്ട 112 ഇന്ത്യക്കാരുമായി യുഎസിന്റെ മൂന്നാം വിമാനം അമൃത്സറിൽ എത്തി; കൈവിലങ്ങ് ഉണ്ടോ?
ഡൽഹി: അനധികൃതമായി രാജ്യത്ത് താമസിച്ചതിന് അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 112 ഇന്ത്യക്കാരുമായി യു എസ് വിമാനം അമൃത്സറിൽ ലാന്റ് ചെയ്തു. ശനിയാഴ്ചയും ഒരു വിമാനം എത്തിയിരുന്നു. പത്ത് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ എത്തുന്ന മൂന്നാമത്തെ വിമാനമാണ്. യു എസ് എയർഫോഴ്സിന്റെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനം രാത്രി 10. 3 ഓടെ അമൃത്സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു.
ആകെ നാടുകടത്തപ്പെട്ടവരിൽ 31 പേർ പഞ്ചാബിൽ നിന്നും 44 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും 2 ആളുകൾ ഉത്തർപ്രദേശിൽ നിന്നും ഹിമാചലിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഓരോരുത്തർ വീതവുമാണ്. ഇവരിൽ ചിലരുടെ കുടുംബാംഗങ്ങൾ അവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് എത്തി.

ഇമിഗ്രേഷൻ, വെരിഫിക്കേഷൻ, ബക്ക്ഗ്രൗണ്ട് ചെക്ക് എന്നിവ ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കും. നാടുകടത്തപ്പെട്ടവരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള് ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യു എസ് സൈനിക വിമാനം ശനിയാഴ്ച രാത്രി അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. ആദ്യ വിമാനത്തിൽ എത്തിയ ആളുകളെ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിപ്പിച്ചത് പോലെ രണ്ടാമത്തെ വിമാനത്തിൽ എത്തിയവരെയും ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നുവെന്നാണ് വിവരം. നാടുകടത്തിയവരെ കൈകാലുകൾ ബന്ധിച്ച് കൊണ്ടുവന്നതിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഈ സംഭവത്തിൽ ഇന്ത്യയുടെ രോഷം പ്രധാനമന്ത്രി ഗുഡ് ഫ്രണ്ടിനെ അറിയിച്ചില്ലെന്നാണ് കോൺഗ്രസ് വിമർശിച്ചത്.
ഫെബ്രുവരി 5 നാണ് 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. ഇവരിൽ 33 പേർ ഹരിയാനയിൽ നിന്നും ഗുജറാത്തിൽ നിന്നും 30 പേർ പഞ്ചാബിൽ നിന്നുമാണ്. എന്നാൽ അമൃത്സർ വിമാനത്താവളത്തിൽ നാടുകടത്തപ്പെട്ടവരെ വഹിച്ചുള്ള യു എസ് വിമാനങ്ങൾ ഇറക്കിയ സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു . " ഞങ്ങളുടെ വിശുദ്ധ നഗരത്തെ നാടുകടത്തൽ കേന്ദ്രമാക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ശനിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനത്തിൽ യാത്ര ചെയ്ത ആളുകളുടെയും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications