അലഞ്ഞ് തിരിഞ്ഞ് പന്നിക്കൂട്ടം, അവയ്ക്ക് ഒപ്പം മനുഷ്യരും! കൂട്ടമരണം നടന്ന മഹാരാഷ്ട്ര ആശുപത്രിയിലെ ദുരിതക്കാഴ്ച!
ആശുപത്രി വരാന്തയിൽ രോഗികളുടെ ബന്ധുക്കളെപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പന്നിക്കൂട്ടം.. ചില മനുഷ്യർ ഇവയ്ക്കിടയിലൂടെ നടന്ന് പല്ല് തേയ്ക്കുന്നു. ചിലരാകട്ടെ അവരുടെ പാത്രങ്ങൾ കഴുകി വയ്ക്കുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത് മഹാരാഷ്ട്രയിലെ ഒരു ആശുപത്രിയിൽ നിന്നാണ്. എൻഡിടിവി വീഡിയോ ഉൾപ്പെടെ വാർത്ത പുറത്തു വിട്ടതോടെ ആശുപത്രിയുടെ ദുരിതാവസ്ഥ വലിയ ചർച്ചയായിരിക്കുകയാണ്.
ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആശുപത്രി പരിസരത്ത് നിക്ഷേപിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യവും കാരണം ഓടകൾ നിറഞ്ഞു കിടക്കുന്നത് വീഡിയോയിൽ കാണാം. ആശുപത്രി ക്യന്റീനോട് ചേർന്നുളള പരിസരങ്ങളിലാണ് പന്നികൾ വിഹാരം നടത്തുന്നത്.
48 മണിക്കൂറിനിടെ 31 രോഗികളാണ് ഈ ആശുപത്രിയിൽ മരണമടഞ്ഞത്. ആശുപത്രി പരിസരത്തെ ശുചിത്വമില്ലായ്മയ്ക്ക് ഈ അപകടത്തിൽ വലിയ പങ്കുണ്ടെന്നാണ് നാട്ടുകാർ ഉൾപ്പെടെ ആരോപിക്കുന്നത്.
ഇവിടെ എല്ലാ ദിവസവും ഇതേ സ്ഥിതി തന്നെയാണെന്നും ആശുപത്രിയിലെ ടോയ്ലെറ്റ് പോലും ഉപയോഗിക്കാൻ കഴിയില്ലെന്നും ആളുകൾ പരാതിപ്പെടുന്നു. ആശുപത്രിയിൽ വരുന്ന ഒരു രോഗി എങ്ങനെ പരിചരിക്കപ്പെടുന്നു എന്ന് കൃത്യമായി അറിയാൻ ഇവിടത്തെ പ്രസവ വാർഡ് കണ്ടാൽ മതിയെന്ന് ആശുപത്രിയിലുണ്ടായിരുന്ന ഒരു സ്ത്രീ പ്രതികരിച്ചു.

Photo Credit: Screen Grab-NDTV
അതേ സമയം ഈ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഒരാളെത്തന്നെയാണ് ഒന്നിലധികം വാർഡുകളിൽ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൂപ്പുകാരൻ പറയുന്നു. ഒരാൾക്ക് ഇത്രയധികം ജോലി ഒരുമിച്ച് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശുചിത്വമില്ലായ്മ മാത്രമല്ല മരുന്നുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പുറത്ത് പോകേണ്ട സ്ഥിതിയാണെന്നും എൻ ഡി ടിവിയുടെ വീഡിയോ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നു.
സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി 16 നവജാത ശിശുക്കൾ ഉൾപ്പെടെ 31 രോഗികളാണ് ഈ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. 48 മണിക്കൂറിനിടെ മരണ സംഖ്യ ഇത്രയും ഉയർന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുകയാണ്. ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്നലെ പ്രതികരിച്ചിരുന്നു. അതേ സമയം ചികിത്സയ്ക്കാവശ്യമായ മരുന്നുകൾക്കും ക്ഷാമമുണ്ട് എന്ന പരാതി അപ്പാടെ നിഷേധിക്കുകയാണ് ഷിൻഡെ .












Click it and Unblock the Notifications