ഭഗവൽ സിങ്ങിന്റെ ഫ്രണ്ട്‍ലിസ്റ്റിൽ നിന്ന് ചാടാൻ ചങ്ങാതിമാരുടെ തിരക്ക്, മുങ്ങിയത് 1500ലധികം പേർ
പത്തനംതിട്ട: ഭഗവൽ സിങ്ങിന്റെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽനിന്ന് പുറത്ത് കടക്കാൻ ചങ്ങാതിമാരുടെ മത്സരം. രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ കേസിൽ ഇയാളെ പോലീസ് പിടികൂടിയതോടെയാണ് ഫ്രണ്ടസ് ലിസ്റ്റിലെ ചങ്ങാതിമാരുടെ വെപ്രാളം.
ഫേസ്ബുക്കിൽ ഏറെ ഇഷ്ടക്കാരെ സമ്പാദിച്ച ഭഗവൽ സിങ്ങിന്റെ ഫ്രണ്ടസ് ലിസ്റ്റിൽ സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അയ്യായിരത്തോളം പേരാണ് ഉണ്ടായിരുന്നത്. കേസിൽ ഇയാൾ അറസ്റ്റിലായതോടെ ഫ്രണ്ട് ലിസ്റ്റ് ചുരുങ്ങാൻ തുടങ്ങി. മണിക്കൂറുകൾക്കകം 1500ലധികം പേരാണ് ഇയാളെ അൺഫ്രണ്ട് ചെയ്തത്.

വൈകീട്ട് ആറുമണിയോടെ സുഹൃത്തുക്കളുടെ 5000ത്തിൽ നിന്ന് 3200 ആയി ചുരുങ്ങി. ഇയാളുടെ കവിതകൾക്ക് അഭിനന്ദനമർപ്പിച്ച ആളുകൾ പരിഹസിച്ചും ചീത്തവിളിച്ചുമാണ് നിലവിൽ എത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള പോസ്റ്റിലും കമന്റുകൾ വ്യാപകമായിട്ടുണ്ട്.
കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ സെപ്തംബർ 27 ന് തുടങ്ങിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്.
ഭഗവല്‍ സിംഗും ഭാര്യയും രണ്ട് സ്ത്രീകളെ പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി നടത്തുകയായിരുന്നു. എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
മൊബൈൽ ടവർ കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം കണ്ടെത്തിയത്. തിരുവല്ലയിൽ എത്തിച്ച സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു.സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി ഏജന്റ് ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഇലന്തൂരിൽ നടന്ന ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടിയും സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.
ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോ ആളുകളും മുന്നോട്ടു വരണം. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഭഗവല്‍ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകൻ ആണെന്നാണ് ബിജെപിയുടെ ആരോപണം. അതുകൊണ്ട് തന്നെ കേസ് മാഞ്ഞ് പോകരുതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
നരബലിക്ക് പിന്നിൽ സിപിഎം പ്രാദേശിക നേതാവാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആരോപിച്ചു.












Click it and Unblock the Notifications