'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..'
ഇന്ത്യയിലെ ജനപ്രിയമായ സ്ട്രീറ്റ് ഫുഡുകളിലൊന്നാണ് പാനി പൂരി. മസാല ചേർത്ത വെള്ളവും ഉരുളക്കിഴങ്ങും വെളുത്ത കടലയും ചേർത്ത ഫില്ലിംഗും മൊരിഞ്ഞ പൂരികളും ചേരുമ്പോൾ ഇത് പലരുടെയും ഇഷ്ടവിഭവമാകുന്നു. ഉത്തരേന്ത്യൻ ഭക്ഷണം ആണെങ്കിലും പാനി പൂരി കേരളത്തിലും താരമാണ്. റോഡരികിൽ ഇഷ്ടം പോലെ പാനി പൂരി കച്ചവടക്കാരെ കേരളത്തിലും കാണാം.
പാനിപൂരി കച്ചവടത്തിൽ നിന്ന് ഒരാൾക്ക് എത്ര പണമുണ്ടാക്കാൻ സാധിക്കും? വളരെ തുച്ഛം എന്നായിരിക്കുമല്ലോ നമ്മുടെ മറുപടി. എന്നാൽ, ഒരു പാനി പൂരി കച്ചവടക്കാരൻ പ്രതിമാസം 90000 രൂപയും വർഷത്തിൽ 10.8 ലക്ഷം രൂപയും സമ്പാദിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
വ്ളോഗറായ കാസി പരേര പങ്കുവെച്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ഈ വീഡിയോയിൽ കാസി ഒരു പാനിപൂരി കച്ചവടക്കാരനൊപ്പം ഒരു ദിവസം ചിലവഴിക്കുകയാണ്. പാനിപൂരി തയ്യാറാക്കാനും വിൽക്കാനും കടക്കാരനെ സഹായിക്കുകയും ചെയ്യുന്നു.

ദിവസവും 80-100 പ്ലേറ്റ് പാനി പൂരിയാണ് ഇദ്ദേഹം വിൽക്കുന്നന്നത്. ഒരു പ്ലേറ്റിന് 30 രൂപയാണ് വില. ഏകദേശം 3000 രൂപയാണ് പ്രതിദിന വിറ്റുവരവ്. അങ്ങനെ വരുമ്പോൾ ഒരു മാസം 90000 രൂപയും ഒരു വർഷം 10.8 ലക്ഷം രൂപയുമാണ് ഈ പാനിപൂരി കച്ചവടക്കാരനുണ്ടാക്കുന്നതെന്ന് കാസി പറയുന്നു. നിങ്ങളുടെ ബി കോംകാരനായ സുഹൃത്തിന് ഈ വീഡിയോ കാണിച്ച് കൊടുക്കൂ എന്ന് പറഞ്ഞാണ് കാസി പരേര വീഡിയോ അവസാനിപ്പിക്കുന്നത്.
"സത്യം പറഞ്ഞാൽ, തുടക്കത്തിൽ എനിക്ക് പരിഭ്രമമുണ്ടായിരുന്നു, പക്ഷേ പിന്നീട് ഞാൻ അതിനോട് പൊരുത്തപ്പെട്ടു'' 'കടക്കാരൻ പറയുന്നു. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ പാനി പൂരി കടയുടെ പ്രവർത്തന സമയം. ഈ പാനിപൂരി കട എവിടെ ആണെന്നോ കച്ചവടക്കാരന്റെ പേര് എന്താണെന്നോ വീഡിയോയിൽ വ്യക്തമാക്കുന്നില്ല.
ഈ വീഡിയോ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വീഡിയോ കണ്ട നിരവധി ഉപയോക്താക്കൾ കച്ചവടക്കാരന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാൽ, ഈ വരുമാനം നിരന്തരമായി ലഭിക്കുമോ എന്നും ദീർഘകാലത്തേക്ക് ഇത് നിലനിർത്താൻ കഴിയുമോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു.
ഒരു ഉപയോക്താവ് ഇങ്ങനെ കുറിച്ചു: "ഒരു ബി.കോം ബിരുദധാരിയെക്കാൾ കൂടുതൽ വരുമാനം ഒരു പാനിപൂരി കടയുടമയ്ക്ക് നേടാൻ കഴിയും. ബി.കോം എന്നത് ഒരു വേണ്ടാത്ത ബിരുദമാണ്." മറ്റൊരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: "ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ബിസിനസ്സ് ഉണ്ടെങ്കിൽ ഹോട്ടലുകളും വലിയ ലാഭമുണ്ടാക്കും, അത് ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും. ആത്മാർത്ഥതയും കഠിനാധ്വാനവുമുള്ള ഒരാൾക്ക് ശമ്പളക്കാരായ ജീവനക്കാരെക്കാൾ കൂടുതൽ വിജയിക്കാൻ കഴിയും. ഇതിന് സത്യസന്ധതയും കഠിനാധ്വാനവും ആവശ്യമാണ്."
വിൽക്കുന്നയാൾക്ക് യഥാർത്ഥത്തിൽ എത്ര ലാഭം ലഭിക്കുന്നു എന്നതിനെക്കുറിച്ചും ചിലർ സംശയം പ്രകടിപ്പിച്ചു. ഒരു കമന്റിൽ ഇങ്ങനെ ചോദിച്ചു: "90,000 എന്നത് ഒരു മാസത്തെ വരുമാനമാണ്. എത്രയാണ് ചെലവുകൾ, ബാക്കി ലാഭം എത്രയാണ്?" മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത്, "ഇത് എന്റെ CTC-യേക്കാൾ കൂടുതലാണ്" എന്നാണ്.












Click it and Unblock the Notifications